രാത്രിയിൽ ആനവണ്ടിയിൽ കാട്ടിൽ കറങ്ങാം;വരൂ, വയനാട്ടിലേക്ക്...
സുൽത്താൻ ബത്തേരി • രാത്രി വന്യമൃഗങ്ങളെ കണ്ട് 60 കിലോമീറ്റർ നീളുന്ന ജംഗിൾ സഫാരിക്കായി നേരെ വയനാട്ടിലേക്ക് പോരൂ... രാത്രിയുടെ കുളിരും വനസൗന്ദര്യവും ഒന്നിച്ചാസ്വദിക്കാൻ കെ.എസ്.ആർ.ടി.സിയാണ് വൈൽഡ്ലൈഫ് നൈറ്റ് ജംഗിൾ സഫാരിയിലൂടെ അവസരമൊരുക്കുന്നത്.
വയനാട് വന്യജീവി സങ്കേതത്തിന് സമീപത്തെ ദേശീയപാതയിലൂടെയും ഗ്രാമീണ റോഡുകളിലൂടെയുമാണ് യാത്ര. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന യാത്ര വന്യജീവി സങ്കേതത്തിൻ്റെ അതിർത്തിയിലൂടെ പോകുന്ന വടക്കനാട്, കരിപ്പൂര്, വള്ളുവാടി വഴി സഞ്ചരിച്ച് മൂലങ്കാവ് വച്ച് ദേശീയപാതയിൽ കയറും. തുടർന്ന് നായ്ക്കട്ടി, കല്ലൂർ, മുത്തങ്ങ വഴി പൊൻകുഴിയിലെത്തി തിരിച്ചുപോരും. പിന്നീട് വന്യജീവി സങ്കേതത്തിനരികിലൂടെ തന്നെ കടന്നുപോകുന്ന സംസ്ഥാനപാതയായ പുൽപ്പള്ളി റോഡിൽ ഇരുളം വരെ പോയി തിരികെ ഡിപ്പോയിലെത്തുന്നതാണ് ഈ ജംഗിൾ സഫാരി.
60കിലോമീറ്റർ യാത്ര രണ്ട് മണിക്കൂർ കൊണ്ടാണ് അവസാനിക്കുക. ദിവസവും വൈകിട്ട് ഏഴിനാണ് യാത്ര തുടങ്ങുന്നത്.
ഓരോ ഭാഗത്തെത്തുമ്പോഴും സഞ്ചാരികൾക്ക് വിവരങ്ങൾ കൈമാറാനായി അനൗൺസ്മെന്റുമുണ്ട്. വന്യമൃഗങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത തരത്തിൽ വേഗത കുറച്ചാണ് സഞ്ചാരം. ഇതുകാരണം സഞ്ചാരികൾക്ക് പാതയോരത്ത് നിൽക്കുന്ന മാനിനെയും കാട്ടുപോത്തിനെയും ആനയുമെല്ലാം രാത്രിവെട്ടത്തിൽ കാണാനാകും. കടുവയുടെയും ആനയുടെമെല്ലാം ചിത്രങ്ങൾ പതിച്ച് ജംഗിൾ സഫാരിക്കായി പ്രത്യേകമായാണ് കെ.എസ്.ആർ.ടി.സി ബസ് സജ്ജീകരിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം യാത്രക്കാരുമായി കാനന സഫാരിയുടെ ആദ്യയാത്ര നടത്തി.
അമ്പത് പേരാണ് ആദ്യയാത്രയിൽ ഉണ്ടായിരുന്നത്. മൂന്നൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ് സൗകര്യവും ഉണ്ട്. സഞ്ചാരികൾക്ക് കുറഞ്ഞചെലവിൽ താമസിക്കാൻ ഒരു മാസം മുമ്പ് സ്ലീപ്പർ ബസുകൾ സുൽത്താൻ ബത്തേരിയിൽ ആരംഭിച്ചിരുന്നു. ഇത് വിജയമായതോടെയാണ് നൈറ്റ് ജംഗിൾ സഫാരിയുമായി ആനവണ്ടി എത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."