'ഇന്ത്യ തോറ്റത് ദലിതര്‍ ടീമിലുള്ളതിനാല്‍'; വനിതാ ഹോക്കി താരത്തിന്റെ കുടുംബത്തിനു നേരെ ജാതി അധിക്ഷേപം
ഹരിദ്വാര്‍ :ഒളിംപിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സെമിയില്‍ പുറത്തായതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ ജാതി അധിക്ഷേപം. ടൂര്‍ണമെന്റിലെത്തന്നെ മികച്ച താരങ്ങളില്‍ ഒരാളായ വന്ദന കത്താരിയയുടെ കുടുംബത്തിനാണ് ജാതി അധിക്ഷേപം നേരിടേണ്ടിവന്നത്.
സെമിയില്‍ അര്‍ജന്റീനക്കെതിരായ തോല്‍വിക്ക് പിന്നാലെ ഹരിദ്വാറിലെ റോഷന്‍ബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ രണ്ടുപേര്‍ കുടുംബാംഗങ്ങളെ ജാതി പറഞ്ഞ് ആക്ഷേപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വന്ദനയുടെ കുടുംബം പൊലിസില്‍ പരാതി നല്കി.
ദളിത് കളിക്കാര്‍ കൂടുതലുള്ളതിനാലാണ് ഇന്ത്യന്‍ ടീം തോറ്റതെന്ന് ഇവര്‍ വിളിച്ചുപറഞ്ഞതായും വീട്ടുകാര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ആക്ഷേപം നടത്തിയ സംഘത്തിലെ ഒരാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഒളിംപിക്സ് ഹോക്കിയില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് വന്ദന. ടോക്കിയോയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 4-3 ന് കീഴടക്കിയ ഗ്രൂപ്പ് മത്സരത്തിലായിരുന്നു നേട്ടം.ഇന്ത്യയ്ക്കായി നാലാം മിനിറ്റില്‍ തന്നെ അക്കൗണ്ട് തുറന്ന താരം 17-ാം മിനിറ്റിലും ഗോള്‍ കണ്ടെത്തി. മത്സരം 3-3ന് സമനിലയില്‍ നില്‍ക്കെ 49-ാം മിനിറ്റില്‍ വന്ദനയാണ് പെനാല്‍റ്റി കോര്‍ണറില്‍ നിന്നും വിജയഗോളും കണ്ടെത്തിയത്.
വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ നാളെ ബ്രിട്ടനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."