കരുവന്നൂർ: കൈയിട്ടുവാരിയില്ലേ സി.പി.എം!
മഴയും വെയിലും വകവെക്കാതെ, ഒട്ടിയ വയറുമായി പകലന്തിയോളം പണിയെടുത്ത് നേടിയ ചില്ലിക്കാശിൽനിന്ന് മിച്ചംവച്ചതിൽ കൈയിട്ടുവാരിയോ നമ്മുടെ രാഷ്ട്രീയക്കാരെന്ന സംശയം ബലപ്പെടുത്തുന്നതാണ് കരുവന്നൂർ തട്ടിപ്പ് കേസിൽ സി.പി.എം നേതാവിന്റെ അറസ്റ്റ്. തൃശൂർ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി.ആർ അരവിന്ദാക്ഷന്റെ അറസ്റ്റിൽ ഞെട്ടിയത് പാർട്ടി മാത്രമല്ല, സഹകരണ മേഖലയെ പ്രതീക്ഷയോടെ കാണുന്ന ലക്ഷക്കണക്കിന് പേർ കൂടിയാണ്.
കരുവന്നൂർ ബാങ്കിൽനിന്ന് ആരെങ്കിലും പണം അപഹരിച്ചിട്ടുണ്ടെങ്കിൽ അവരെ വെറുതെ വിടരുതെന്ന് നെഞ്ചുരുകി പറയുന്ന സാധാരണക്കാരുണ്ടിവിടെ. എന്നിട്ടും പാർട്ടി, ഇരകൾക്കൊപ്പമല്ലപ്രതികൾക്കൊപ്പമാണ് എന്ന് ആവർത്തിക്കുമ്പോൾ സി.പി.എമ്മിന്റെ രാഷ്ട്രീയധാർമികത വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണെന്ന് പറയാതെ വയ്യ.
കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സ്ഥിരംസമിതി ചെയർമാൻ കൂടിയായ അരവിന്ദാക്ഷനെ അറസ്റ്റു ചെയ്തത്. ഇ.ഡിയുടെ അന്വേഷണത്തെയും നടപടികളെയും രാഷ്ട്രീയമായി കാണാനും നേരിടാനുമാണ് സി.പി.എമ്മിന്റെ തീരുമാനം. എന്നാൽ പാർട്ടിയെ വിശ്വസിച്ച് സമ്പാദ്യം കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചെന്ന ഒറ്റക്കാരണത്താൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട സാധാരണക്കാർക്ക് ഒരു വിലയും നൽകുന്നില്ലേ ഈ പാർട്ടിയെന്നത് ദൗർഭാഗ്യകരമാണ്.
നിക്ഷേപകരുടെ പണമൊന്നും നഷ്ടപ്പെടില്ലെന്ന് മന്ത്രിയും സി.പി.എമ്മും ആവർത്തിക്കുന്നതൊന്നും കരുവന്നൂരിലെ പണമെവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരമാകുന്നില്ല.ബാങ്കിൽ തുക നിക്ഷേപിച്ചിട്ടും ആവശ്യമുള്ളപ്പോൾ തിരിച്ചുകിട്ടാതെ മരുന്നുവാങ്ങാൻ പോലും കഴിയാതെ ജീവൻ വെടിയേണ്ടിവന്നു തളിക്കുളം സ്വദേശി ഇ.എം രാമന്. 28 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്ന 77 കാരി ഫിലോമിന, പണം അവശ്യസമയത്ത് കിട്ടാത്തതിനാൽ മതിയായ ചികിത്സ ലഭിക്കാതെയാണ് മരിച്ചത്.
എടുക്കാത്ത വായ്പയുടെ പലിശയുടെയും പിഴപ്പലിശയുടെയും പെരുപ്പക്കണക്കിൽ മനംനൊന്താണ് മുൻ പഞ്ചായത്ത് അംഗം കൂടിയായ മുകുന്ദൻ ജീവനൊടുക്കിയത്. ഇവരിൽ തീരുന്നില്ല കരുവന്നൂരിലെ വിലാപങ്ങൾ. പണം കിട്ടാത്തതിനാൽ പെൺമക്കളെ വിവാഹം കഴിപ്പിച്ചയക്കാനാവാതെ നെടുവീർപ്പുമായി കഴിയുന്നവരുണ്ട്, വീട് എന്ന സ്വപ്‌നം യാഥാർഥ്യമാക്കാനാവാത്തവർ, കുട്ടികളുടെ ഉന്നതപഠനം പ്രതിസന്ധിയിലായവർ… നിക്ഷേപിച്ച പണമെങ്കിലും തിരിച്ചുതരാൻ കൈകൂപ്പി വിലപിക്കുന്ന ഇവരുടെ ജീവിതങ്ങളും ദുരിതങ്ങളും 'തട്ടിപ്പിന്റെ സഹകരണവഴി' എന്ന പരമ്പരയിലൂടെ സുപ്രഭാതം തുറന്നുകാണിച്ചിരുന്നു.
അറിഞ്ഞതിലുമേറെയാണ് കരുവന്നൂരിലെ കൊള്ളയുടെ കഥകളെന്നാണ് ഇ.ഡിയുടെ പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്. ഇത് കരുവന്നൂരിലെ മാത്രം ചിത്രമല്ല, സംസ്ഥാനത്തെ മറ്റ് പല സഹകരണ ബാങ്കുകളും കേന്ദ്രീകരിച്ച് കോടികളുടെ വെട്ടിപ്പും ക്രമക്കേടും നടക്കുന്നുവെന്നാണ് സമീപകാല സംഭവങ്ങളിൽനിന്ന് മനസിലാകുന്നത്. ഇതിനെല്ലാമുള്ള തിരുത്ത് കരുവന്നൂരിൽനിന്ന് തുടങ്ങാമായിരുന്നു. വെട്ടിപ്പും ക്രമക്കേടും നടത്തിയവർ എത്ര ഉന്നതരായാലും അവരെ തള്ളിപ്പറയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞില്ല,
മറിച്ച് ലോക്കൽ കമ്മിറ്റി അംഗം മാത്രമായ അരവിന്ദാക്ഷനൊപ്പമാണ് പാർട്ടിയെന്ന് ഒന്നൂകൂടി ഉറപ്പിക്കാനാണ് തുനിഞ്ഞത്.
കരുവന്നൂരിൽനിന്ന് കവർന്നെടുത്ത 175 കോടി എവിടെയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. ഈ തുക ആർക്കെല്ലാം കിട്ടി? പണം കണ്ടെത്തേണ്ടത് നിക്ഷേപകരുടെകൂടി ആവശ്യമാണ്. സർക്കാർ ആദ്യം പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിൽ പോയിരുന്നുവെങ്കിൽ ഇ.ഡിയുടെ അന്വേഷണമോ സഹകരണ മേഖലയിൽ ഉരുണ്ടുകൂടിയിരിക്കുന്ന ആശങ്കകൾക്കോ ഇടയില്ലായിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തെ പ്രഹസനമാക്കി, ജീവനക്കാരെ മാത്രം പ്രതിയാക്കി മുന്നോട്ടുപോയി.
സഹകരണ ബാങ്ക് പ്രതിസന്ധിയിലായാൽ നിക്ഷേപകർക്ക് അഞ്ചുലക്ഷം രൂപ വരെ ലഭിക്കുന്ന തരത്തിൽ ഗാരൻഡി സ്‌കീം പുതുക്കിയ ഉത്തരവ് ജൂലൈ മുതൽ നിലവിലുണ്ടെങ്കിലും കരുവന്നൂരിലെ നിക്ഷേപകർക്ക് അതിന്റെ ഗുണം കിട്ടിയില്ല. ബോർഡിൽ ഇപ്പോൾ 500 കോടിയെങ്കിലും ബാക്കിയുണ്ടായിരിക്കെ നിക്ഷേപകർക്ക് ആശ്വാസമാകുന്ന ചെറിയ തുകപോലും നൽകാൻ ഉത്തരവാദപ്പെട്ടവർ തയാറാവുന്നില്ല എന്നത് ദുഃഖകരമാണ്.
ഇ.ഡി സി.പി.എം നേതാക്കളിലേക്ക് എത്തിയപ്പോൾ പാർട്ടി ആശങ്കയിലായിരിക്കുകയാണ്. ഇപ്പോൾ അറസ്റ്റിലായ അരവിന്ദാക്ഷൻ മുൻ മന്ത്രിയും സി.പിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി മൊയ്തീന്റെ വിശ്വസ്തനാണെന്നാണ് പറയുന്നത്. മൊയ്തീനെയും മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇനിയും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നുമുണ്ട്.
ഇതൊക്കെയാണ് സി.പി.എമ്മിനെ ആശങ്കയിലാക്കുന്നതെങ്കിലും ഓരോ അറസ്റ്റും നിക്ഷേപകർക്ക് ആശ്വാസമാണ് നൽകുന്നത്. കാരണം പൊള്ളയായ വാഗ്ദാനങ്ങളുടെ മടുപ്പിലാണ് അവരുള്ളത്. അതിന് ഉത്തരവാദി സി.പി.എം തന്നെയാണ്.
ഇ.ഡിയുടെ കരുവന്നൂരിലെ നടപടികൾ കോടികൾ തിരിച്ചുകിട്ടാനുള്ള മാർഗമാകുമെന്ന് കരുതുന്ന ഏറെ നിക്ഷേപകരുണ്ട്. അത് അവർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ഇതിൽ ഏറെപ്പേരും പാർട്ടി അംഗങ്ങളോ അനുഭാവികളോ ആണ്.
ഇവരോടാണ് സി.പി.എം പറയുന്നത്, കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള നീക്കമാണ് ഇ.ഡി റെയ്ഡും അറസ്റ്റുമെന്ന്. അൽപമെങ്കിലും മാനുഷിക മൂല്യങ്ങൾ സി.പി.എമ്മിൽനിന്ന് ഇവർ പ്രതീക്ഷിച്ചിരിക്കാം. കരുവന്നൂരിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാനും കുറ്റം ചെയ്‌തെങ്കിൽ അവർ ശിക്ഷിക്കപ്പെടാനുമുള്ള സാഹചര്യമാണ് ഒരുങ്ങേണ്ടത്. അതിന് മുൻകൈയെടുക്കേണ്ടത് സർക്കാരും സി.പി.എമ്മുമാണ്. അങ്ങനെയൊന്ന് സംഭവിക്കുമോ ഇവിടെ!
Content Highlights:Karuvannur: CPM did not get involved!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."