കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല?
കരുവന്നൂര്‍ സഹകരണ ബാങ്ക് ജീവനക്കാരും ഭരണസമിതിയും സംഘടിതമായി നടത്തിയ 300 കോടി രൂപയുടെ കൊള്ള വിവരം പുറത്തുവന്നിട്ട് ഒരുമാസത്തോട് അടുക്കാറായിട്ടും പ്രതികളില്‍ ആരേയും ക്രൈംബ്രാഞ്ചിനു ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് അത്ഭുതകരമാണ്. സി.പി.എം നേതൃത്വം അറിഞ്ഞു കൊണ്ടുള്ളതാണ് ഈ കൊള്ള എന്ന ആരോപണത്തിന് ബലം വയ്ക്കുന്നതാണ് പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലിസ് നിലപാട്.
ബാങ്ക് തട്ടിപ്പിനെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തിയ മാടായിക്കോണം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെ വിശദീകരണം പോലും തേടാതെ പാര്‍ട്ടി പുറത്താക്കിയതില്‍ നിന്നുതന്നെ സി.പി.എം നേതൃത്വത്തിന് ബാങ്ക് കൊള്ള സംബന്ധിച്ചു മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. സി.പി.എം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ് നടക്കുന്നുവെന്ന് അഞ്ചുവര്‍ഷം മുന്‍പ് തന്നെ സുജേഷ് ഏരിയ, ജില്ലാ കമ്മിറ്റി നേതൃത്വങ്ങളെ അറിയിച്ചിരുന്നു. സുജേഷ് ഉന്നയിച്ച ആരോപണത്തെക്കുറിച്ചു അന്വേഷിക്കാന്‍ നേതൃത്വം തയാറായില്ല. ഇതില്‍ നിന്നുതന്നെ ഏരിയ, ജില്ലാ കമ്മിറ്റി നേതൃത്വങ്ങളുടെ അറിവോടെയായിരുന്നു കരുവന്നൂര്‍ ബാങ്ക് കൊള്ള നടന്നതെന്ന് വ്യക്തമാണ്. പാര്‍ട്ടി അന്വേഷിക്കാതിരുന്നപ്പോള്‍ സുജേഷ് പൊലിസ് മേധാവിക്കും ഡിവൈ.എസ്.പിക്കും പരാതി നല്‍കി. എന്നിട്ടും ഫലം കാണാതെ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കി. എന്നാല്‍ എവിടെനിന്നും അനുകൂലമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. സി.പി.എം സംസ്ഥാന നേതൃത്വത്തിന് തന്നെ ബാങ്ക് കൊള്ള സംബന്ധിച്ചു മുന്‍കൂട്ടി അറിയാമായിരുന്നു എന്നല്ലേ ഇതില്‍ നിന്നെല്ലാം മനസിലാക്കേണ്ടത്. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടായിരുന്നു കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നടന്നതെന്ന തന്റെ ബോധ്യം മാധ്യമങ്ങളുമായി പങ്കുവച്ചതിനാണ് വിശദീകരണം പോലും ചോദിക്കാതെ സുജേഷിനെ പാര്‍ട്ടി പുറത്താക്കിയത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അറിഞ്ഞിട്ടും സി.പി.എം മൂടിവച്ചുവെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിക്കുകയുണ്ടായി. ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന അദ്ദേഹത്തിന്റെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഇപ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാത്തത്. മാധ്യമങ്ങളില്‍ ഇടതടവില്ലാതെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനുശേഷമാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. റൂള്‍ 65 പ്രകാരം ബാങ്കില്‍ എന്‍ക്വയറി നടന്നപ്പോള്‍ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് ഇതു സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു. ആ അന്വേഷണം നടന്നില്ല. അത്രയും സ്വാധീനം ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് സി.പി.എം സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടായിരുന്നിരിക്കണം.
സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ സി.പി.എം സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും വെവ്വേറെ അന്വേഷണ കമ്മിഷനുകളെ വച്ചു അന്വേഷിച്ചപ്പോള്‍ നൂറുകോടിയുടെ തട്ടിപ്പു പിന്നെയും നടന്നുവെന്നായിരുന്നു കണ്ടെത്തല്‍. എന്നിട്ടും പ്രതികള്‍ക്കെതിരേ എന്തെങ്കിലും നടപടിയുണ്ടായില്ല. ബാങ്കില്‍ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടാല്‍ പ്രസ്തുത കുറ്റം പൊലിസില്‍ അറിയിക്കേണ്ട ബാധ്യത സി.പി.എം ജില്ലാ നേതൃത്വത്തിനുണ്ടായിരുന്നു. അവരത് ചെയ്തില്ല. സാധാരണക്കാരന്‍ നിക്ഷേപിച്ച പണമാണ് ഇങ്ങനെ കൊള്ളയടിച്ചിരിക്കുന്നത്. പെണ്‍മക്കളെ കെട്ടിച്ചയക്കാനും വീട് വയ്ക്കാനും പെന്‍ഷന്‍ കിട്ടിയതുമായ തുകയായിരുന്നു നിക്ഷേപിച്ചത്. അതാണ് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ജീവനക്കാരും ഭരണസമിതിയും അടിച്ചുമാറ്റിയിരിക്കുന്നത്. 550 കോടിയാണ് ബാങ്കിന്റെ ആസ്തി. അതില്‍ 300 കോടിയും തട്ടിയെടുത്തിട്ട് സി.പി.എം നേതൃത്വത്തിനു ഒരു കുലുക്കവും ഉണ്ടായില്ല. ഭാവനയില്‍ ആളുകളെ നിരൂപിച്ച് അവര്‍ക്ക് ഭാവനയില്‍ വിലാസം നിര്‍മിച്ചു കോടികളുടെ വായ്പകളാണ് പ്രതികള്‍ കവര്‍ന്നത്. ഇത്രയും വലിയൊരു തീവെട്ടിക്കൊള്ള നടന്നിട്ട് സി.പി.എം സംസ്ഥാന നേതൃത്വം വരെ അത് ഒളിപ്പിച്ചുവച്ചു. അതാണ് ഈ പകല്‍ക്കൊള്ള എത്രമാത്രം ആഴത്തിലുള്ളതാണെന്ന് ബോധ്യപ്പെടുത്തുന്നത്.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഈ ഭീമന്‍ കൊള്ള സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയാല്‍ പ്രഹസനമായിത്തീരുകയേയുള്ളൂ. കേസ് ഒതുക്കിത്തീര്‍ക്കുന്നതിനു ഡിപാര്‍ട്ട്‌മെന്റും സര്‍ക്കാരും സി.പി.എം സംസ്ഥാന നേതൃത്വവും ഒറ്റക്കെട്ടായി ശ്രമിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് അന്വേഷിക്കുകയും കൂടി ചെയ്താല്‍ മരംമുറി കേസ് പോലെ അട്ടിമറിക്കപ്പെടുമെന്നുറപ്പാണ്. മുട്ടില്‍ മരംമുറി കേസില്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മരംമുറി കേസ് ക്രൈംബ്രാഞ്ച് ഇതുവരെ അന്വേഷിച്ചിട്ട് എന്തായി? പട്ടയ ഭൂമിയിലെ മരംമുറിയില്‍ നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയാണോ കേസെടുക്കുക എന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചത്. ഇതിനുത്തരമായി സര്‍ക്കാര്‍ വക്കീലിന് എന്തു മറുപടിയാണ് പറയാനുണ്ടായിരുന്നത്. മരംമുറി കേസ് അട്ടിമറിച്ചുകൊണ്ടിരിക്കുമ്പോള്‍, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചില്‍ നിന്നു എങ്ങനെയാണ് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കുക. ബാങ്ക് തട്ടിപ്പു കേസ് പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ തിരച്ചില്‍ നോട്ടിസ് പുറത്തിറക്കാനാണത്രെ ക്രൈംബ്രാഞ്ച് ഇപ്പോള്‍ ആലോചിക്കുന്നത്. നാലാംപ്രതി കിരണ്‍ രാജ്യം വിട്ടു കഴിഞ്ഞതിനു ശേഷമാണ് ക്രൈംബ്രാഞ്ച് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. മറ്റു പ്രതികളും ഇതിനകം രാജ്യം വിട്ടിട്ടുണ്ടാവില്ലെന്നതിനു എന്താണ് ഉറപ്പ്.
ക്രൈംബ്രാഞ്ചിന്റെ പ്രഹസനാന്വേഷണവും ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ കഴിയാത്തതില്‍നിന്നും എന്താണ് സാധാരണ പൗരന്‍ മനസിലാക്കേണ്ടത്. ആദിവാസികളും സാധാരണക്കാരുമായ മനുഷ്യര്‍ മരംമുറി കേസില്‍ പ്രതികളായിത്തീരുമ്പോള്‍ ഗൂഢാലോചന നടത്തിയ മരംമാഫിയ പുറത്ത് സൈ്വരവിഹാരം നടത്തുകയായിരുന്നു. ഹൈക്കോടതിയില്‍ നിന്നു രൂക്ഷ വിമര്‍ശനം ഉണ്ടായപ്പോള്‍ മാത്രമാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്. അത്തരമൊരു പരിണതി കരുവന്നൂര്‍ ബാങ്ക് കൊള്ളയിലും വന്നു കൂടായ്കയില്ല. വായ്പാതട്ടിപ്പിന് ഇരയായവരുടെ പേരില്‍, വായ്പ തിരിച്ചടക്കാത്തതിന് കേസും ജപ്തിയും വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. മരംമുറി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തന്നെയാണല്ലോ കരുവന്നൂര്‍ ബാങ്ക് കൊള്ളയും അന്വേഷിക്കുന്നത്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 300 കോടി കവര്‍ന്നെടുത്തതിന്റെ പ്രഹസനാന്വേഷണം അവസാനിപ്പിക്കാനും യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യാനും അവരുടെ ആസ്തികള്‍ കണ്ടുകെട്ടാനും സ്വതന്ത്രാന്വേഷണ ഏജന്‍സിക്ക് കേസന്വേഷണം കൈമാറുകയാണ് വേണ്ടത്. അതിന് സംസ്ഥാന സര്‍ക്കാര്‍ തയാറുണ്ടോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."