നബിദിനാഘോഷത്തിന് വിലക്കില്ല; നടപടി സമസ്ത നേതാക്കള്‍ കലക്ടറെ കണ്ടതിന് പിന്നാലെ
കോഴിക്കോട്: നിപ രോഗബാധ കാരണം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ച് കലക്ടര്‍. പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പുതിയ ഉത്തരവില്‍ നീക്കി. ഒക്ടോബര്‍ ഒന്നുവരെയുള്ള പൊതുപരിപാടികള്‍ അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ അറിയിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. നേരത്തെ അത്യാവശ്യ പൊതുപരിപാടികള്‍ നടത്താനുള്ള അനുമതി നല്‍കിയിരുന്നു.
പൊതുപരിപാടികള്‍ക്കുള്ള വിലക്ക് നീക്കിയതോടെ നബിദിന റാലികളും ഘോഷയാത്രകളും നടത്തുന്നതിനു തടസമില്ലാതായി. നബിദിനാഘോഷ പരിപാടികള്‍ നടത്തുന്നതിലെ ആശയക്കുഴപ്പം ദൂരീകരിക്കുന്നതിന് നിയന്ത്രണങ്ങളില്‍ ഇളവനുവദിച്ച് അറിയിപ്പ് ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, സമസ്ത വിദ്യാഭ്യാസബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ കലക്ടര്‍ എ. ഗീതയെ കണ്ട് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇളവ് അനുവദിച്ച് ഉത്തരവുണ്ടായത്.
അതേസമയം പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുകയും ചെയ്യണമെന്നു കലക്ടര്‍ എ. ഗീത നിര്‍ദേശിച്ചു. ഇക്കാര്യം പൊലിസ് ഉറപ്പാക്കും.
നിപ നിയന്ത്രണവിധേയമായതോടെ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ വൈറസ് ബാധിതരുമായി അടുത്ത സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലഭിക്കുന്നതുവരെ ക്വാറന്റൈനില്‍ തുടരണം.
Content Hlghlights:There is no ban on the celebration of Prophet's Day
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."