ഗവര്‍ണർക്ക് ചേർന്നതോ ഈ യുദ്ധപ്രഖ്യാപനം!
തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിസ്ഥാനം അടക്കം റദ്ദാക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭീഷണി; രാജ്യത്തെ ജനാധിപത്യക്രമത്തെ തന്നെ തകിടംമറിക്കുംവിധമുള്ളതാണ്. ഉപദേശരൂപേണ മാത്രമേ മുഖ്യമന്ത്രിയും മന്ത്രിമാരും തന്നോട് സംസാരിക്കാവൂ എന്നാണ് ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള ഗവര്‍ണറുടെ ട്വീറ്റിന്റെ സാരം. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനത്തിന് കഴിഞ്ഞദിവസം ഗവര്‍ണര്‍ നീക്കമാരംഭിച്ചിരുന്നു. ഇതിനുവേണ്ടി 10 വര്‍ഷം പൂര്‍ത്തിയാക്കിയ സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചെയ്തു. പുറമെ കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു. പിന്നാലെ ഗവര്‍ണറെ വിമര്‍ശിച്ച് മന്ത്രി ആര്‍. ബിന്ദു അടക്കം രംഗത്തുവന്നു. ആര്‍.എസ്.എസ് പാളയത്തില്‍ പോയാണ് ഗവര്‍ണര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വിമർശനം. ഗവര്‍ണറുടെ അന്തസ് കെടുത്തുംവിധമുള്ള നിലപാടെടുത്താല്‍ മന്ത്രിപദവി വരെ പിന്‍വലിക്കുമെന്ന മുന്നറിയിപ്പുമായി രാജ്ഭവന്റെ ട്വീറ്റ് വന്നത് ഇതോടെയാണ്.
ഗവര്‍ണറുടെ ഭീഷണിസ്വരം മറ്റു പലതിലേക്കുമുള്ള സൂചനയായാണ് രാഷ്ട്രീയനിരീക്ഷകരും സംസ്ഥാന സര്‍ക്കാരും കാണുന്നത്. ബി.ജെ.പിയിതര സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാന്‍ ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുന്നതിന് നമുക്കു മുന്നില്‍ തെളിവുകളേറെയുണ്ട്. പുതുച്ചേരിയില്‍ പരീക്ഷിച്ചു വിജയംകണ്ട ഈ മാതൃക, ഡല്‍ഹിയിലും പഞ്ചാബിലും ബംഗാളിലും രാജസ്ഥാനിലും തമിഴ്‌നാട്ടിലുമൊക്കെ സാധ്യമാക്കാനാണ് ആര്‍.എസ്.എസ് നിരന്തരം ശ്രമിക്കുന്നത്. കിരണ്‍ബേദി എന്ന ലെഫ്റ്റനന്റ് ഗവര്‍ണറെ മറയാക്കിയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഭരണം ശിഥിലമാക്കിയതും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറുക്കുവഴിയിലൂടെ ബി.ജെ.പി അധികാരം പിടിച്ചതും. നേരായവഴിക്ക് അധികാരത്തിലേറാന്‍ സാധ്യതയേതുമില്ലാത്തിടത്താണ് മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചും ഗവര്‍ണര്‍ പദവി പോലുള്ള സ്വതന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചും സംസ്ഥാനഭരണത്തിൽ സംഘ്പരിവാര്‍ നുഴഞ്ഞുകയറുന്നത്. ഭരണഘടനയെക്കുറിച്ചും പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമുള്ള അജ്ഞതയില്‍ നിന്നാണ് മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണിയെന്നാണ് സി.പി.എം പറയുന്നത്.
സര്‍ക്കാരിന്റെ വീഴ്ചകളുടെ പേരില്‍ മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമില്ലെന്ന് വി.ഡി സതീശനും നിലപാടെടുത്തതോടെ പ്രതിപക്ഷവും ഗവര്‍ണര്‍ക്കെതിരായി. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമേ മന്ത്രിമാരെ നിയമിക്കാനും നീക്കാനും ഗവര്‍ണര്‍ക്കു കഴിയൂവെന്നും മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നും ഭരണഘടനാ വിദഗ്ധരും ഒാർമിപ്പിക്കുന്നു. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ ഭരണഘടനാ തലവനാണ്. എന്നാല്‍, ഭരണാധികാരിയല്ല. ഭരണനിര്‍വഹണം നടത്താനുള്ള ഒരധികാരവും ഗവര്‍ണര്‍ക്കില്ല. തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരവും ജനങ്ങളോടുള്ള ഉത്തരവാദിത്വവും സര്‍ക്കാരിനാണ്, ഗവര്‍ണര്‍ക്ക് അല്ലതന്നെ. മന്ത്രിമാരെ സ്വന്തം ഇഷ്ടപ്രകാരം നീക്കുകയെന്ന കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍മാര്‍ കടന്ന സാഹചര്യം മുമ്പുണ്ടായിട്ടുമില്ല.
മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിമാരെ നീക്കാന്‍ കഴിയില്ലെന്നാണ് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി വ്യക്തമാക്കുന്നത്. ഗവര്‍ണര്‍ക്ക് 'ഇഷ്ട'മുള്ളിടത്തോളം കാലം മന്ത്രിമാര്‍ക്ക് ഉദ്യോഗം വഹിക്കാം എന്നാണ് ഭരണഘടനയുടെ 164ാം അനുച്ഛേദത്തില്‍ പറയുന്നത്. എന്നാല്‍ ഭരണഘടനയില്‍ പറയുന്ന ഈ 'ഇഷ്ട'ത്തെ തോന്നിയ രീതിയില്‍ വ്യാഖ്യാനിക്കാവുന്നതല്ല. ഗവര്‍ണര്‍ സ്വന്തംനിലയില്‍ മന്ത്രിമാരെ നീക്കിയാല്‍ അത് സമാന്തര ഭരണമാകുമെന്നാണ് പി.ഡി.ടി ആചാരി അടിവരയിടുന്നത്. ഗവര്‍ണര്‍ മന്ത്രിയെ മാറ്റിയാല്‍ സര്‍ക്കാരിനു കോടതിയെ സമീപിക്കാം. രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാനേ കഴിയൂ. രാഷ്ട്രപതിയുടേതാണ് ഇക്കാര്യത്തില്‍ അവസാനവാക്ക്. മന്ത്രിമാരെ തിരിച്ചുവിളിക്കുമെന്ന ഗവര്‍ണറുടെ പ്രസ്താവന നിലനില്‍ക്കില്ലെന്നതിന് സുപ്രിംകോടതിയുടെ വിധികള്‍ മുന്നിലുണ്ട്.
1974ലെ പഞ്ചാബ് സര്‍ക്കാര്‍-ഷംഷേര്‍സിങ് കേസില്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെട്ട ഏഴംഗ ഭരണഘടനാ ബെഞ്ച് അസന്നിഗ്ധമായി വിധിച്ചത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു മാത്രമേ ഗവര്‍ണര്‍ പ്രവര്‍ത്തിക്കാവൂ എന്നാണ്. ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ക്ക് സ്വന്തമായി പ്രവര്‍ത്തിക്കാനുള്ള അധികാരങ്ങള്‍ ഒട്ടുമില്ലെന്ന് ഭരണഘടനാ നിര്‍മാണസഭയില്‍ ഡോ. ബി.ആര്‍.അംബേദ്കര്‍ വ്യക്തമാക്കിയതുകൂടി സന്ദർഭവശാൽ ഓര്‍ക്കുന്നത് നന്ന്. അതായത്, ഗവര്‍ണര്‍ക്ക് അധികാരങ്ങളില്ല, കടമകള്‍ മാത്രമേയുള്ളൂ. നിയമസഭാ സമ്മേളനങ്ങളില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുക, സര്‍ക്കാര്‍ ഓര്‍ഡിനന്‍സുകളിലും നിയമസഭ പാസാക്കുന്ന ബില്ലുകളിലും ഒപ്പുവയ്ക്കുക തുടങ്ങിയ ഔപചാരിക ചുമതലകള്‍ നിര്‍വഹിക്കുകയാണ് ഗവര്‍ണറുടെ അധികാരം. കേന്ദ്രസര്‍ക്കാരിന്റെ ആശയങ്ങളും സംഘ്പരിവാര്‍ താല്‍പര്യങ്ങളും സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നിടത്താണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു തുടക്കം.
2014ലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ വരവോടെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിൽ തര്‍ക്കവും കൊമ്പുകോര്‍ക്കലും രൂക്ഷമായത്. 2015ല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മിലായിരുന്നു ആദ്യ ഉടക്ക്. മന്ത്രിസഭ പാസാക്കിയ പല ബില്ലുകളും തിരിച്ചയക്കുകയോ പിടിച്ചുവയ്ക്കുകയോ ആയിരുന്നു നജീബ് ജങ്ങിന്റെ ശൈലി. പലപ്പോഴും ഭരണത്തിന് സമാന്തരമായി ഉത്തരവ് പുറപ്പെടുവിച്ചും മറ്റും ഭരണസ്തംഭനം സൃഷ്ടിക്കുകയും ചീഫ് സെക്രട്ടറിമാരെ വരുതിയിലാക്കി ഏറ്റുമുട്ടലിന്റെ വ്യാപ്തി കൂട്ടുകയും ചെയ്തു. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കകാലത്ത് സര്‍ക്കാരുമായി അനുരഞ്ജന പാതയിലായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. 2019 ഡിസംബറില്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസ് വേദിയിലുണ്ടായ പ്രതിഷേധത്തിനു പിന്നാലെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിന്റെ തുടക്കം. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യമെങ്ങും പ്രക്ഷോഭം ആളിപ്പടരുന്ന നാളുകളിലാണ് ചരിത്ര കോണ്‍ഗ്രസ് ചേര്‍ന്നത്. ഉദ്ഘാടകൻ ഗവര്‍ണര്‍ പൗരത്വനിഷേധത്തെ ന്യായീകരിച്ചപ്പോള്‍, വേദിയിലുണ്ടായിരുന്ന വിഖ്യാത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് എഴുന്നേറ്റ് വിയാജിപ്പ് അറിയിക്കുകയായിരുന്നു. രണ്ടര വര്‍ഷത്തിനിപ്പുറവും അന്നത്തെ സംഭവങ്ങള്‍ ഗവര്‍ണര്‍ മനസില്‍ കൊണ്ടുനടക്കുകയും വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ എന്ന് ആക്ഷേപിക്കുകയും ചെയ്തു.
ഭരണമായാലും ഭരണഘടനയായാലും സംഘ്പരിവര്‍ പറയുന്ന വഴിക്കു നടക്കണം. ഇതാണ് കുറച്ചുകാലങ്ങളായി മോദിഭരണം രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വിദ്വേഷം വളര്‍ത്തിയും പണമിറക്കിയും ഭരണം പിടിക്കുക. അതു നടക്കാത്ത സംസ്ഥാനങ്ങളില്‍ ഫെഡറല്‍ തത്വങ്ങള്‍ ബലികഴിച്ച് ഗവര്‍ണര്‍മാര്‍ വഴി അമിതാധികാരവാഴ്ച നടപ്പാക്കുക. ഇതിന്റെ ഭാഗമാണ് കേരള ഗവര്‍ണര്‍ ഇന്നലെ ട്വീറ്റിലുടെ നടത്തിയ യുദ്ധപ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."