ലോക്ക്ഡൗണ്‍ ദുരിതം: വീണ്ടും ആത്മഹത്യകള്‍; വ്യാപാരികളുടെ പരാതിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്തും ഏറ്റുമാനൂരുമായി രണ്ട് വ്യാപാരികള്‍ കൂടി ജീവനൊടുക്കി. ബാലരാമപുരം തയ്ക്കാപ്പള്ളിക്ക് സമീപം ബേക്കറി നടത്തുകയായിരുന്ന മുരുകന്‍ (41), ഏറ്റുമാനൂര്‍ പുന്നത്തുറ കറ്റോട് ജങ്ഷനില്‍ ചായക്കട നടത്തിവന്നിരുന്ന കണിയാംകുന്നേല്‍ കെ.ടി തോമസ്(60) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെയോടെ ശാലിയഗോത്ര തെരുവ് ന്യൂ സ്ട്രീറ്റിലെ വീടിനു പിറകിലെ ഷെഡില്‍ ആണ് മുരുകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കെ.ടി തോമസിനെ ഏറ്റുമാനൂര്‍ പുന്നത്തുറ കറ്റോട് ജങ്ഷനിലെ കടയ്ക്കുള്ളില്‍ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് നാലോടെ കടയുടെ ഷട്ടര്‍ താഴ്ന്നു കിടക്കുന്നത് കണ്ട് സമീപവാസികള്‍ അകത്ത് കയറിനോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
അതേ സമയം ലോക്ക്ഡൗണ്‍ കാലയളവിലെ ദുരിതങ്ങളെക്കുറിച്ച് വ്യാപാരികള്‍ ഉന്നയിച്ച പരാതികളെ സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കൊവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ വ്യാപാരികള്‍ക്ക് കുടിശ്ശിക വന്നതുമൂലം കെ.എസ്.ഇ.ബിയും വാട്ടര്‍ അതോറിറ്റിയും കണക്ഷനുകള്‍ വിച്ഛേദിക്കുന്നെന്നും നോട്ടിസ് നല്‍കിയെന്നും കച്ചവടം നടത്താന്‍ സാഹചര്യം ഇല്ലെന്നും ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോയ് ഡാനിയേല്‍ ആണ് ഹരജി സമര്‍പ്പിച്ചത്.
വ്യാപാരികളില്‍ നിന്നും അമിത ബില്‍ ഈടാക്കുകയോ കുടിശ്ശിക വന്നതിനാല്‍ വിച്ഛേദിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത്തരത്തിലുള്ള ഓരോ വ്യാപാരിയും കേസില്‍ കക്ഷി ചേര്‍ന്നാലോ വ്യക്തിപരമായി ഹരജി ഫയല്‍ ചെയ്താലോ അത് പരിഗണിക്കാമെന്ന് ജസ്റ്റിസ് പി.ബി സുരേഷ്‌കുമാര്‍ അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പറഞ്ഞു. അതേസമയം ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ ആരുടെയും കണക്ഷന്‍ വിച്ഛേദിക്കുകയോ നോട്ടിസ് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കെ.എസ്.ഇ.ബി കോടതിയില്‍ ബോധിപ്പിച്ചു. കേസ് പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."