മന്ത്രിമാര്‍ക്കെതിരെയുള്ള ഗവര്‍ണറുടെ ''പ്രീതി'' പിന്‍വലിക്കല്‍ ഭീഷണി; എന്താണ് ഗവര്‍ണര്‍ ഉദ്ദേശിച്ച പ്രീതി തത്വം എന്ന ഡൊക്ട്രിന്‍ ഓഫ് പ്ലഷര്‍
തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടങ്ങിയിട്ട് കാലം കുറച്ചായി. പരസ്പരമുള്ള പോര്‍ വിളികള്‍ ഇന്ന് സ്ഥിരം കാഴ്ച്ചയാണ്. അതില്‍ ഇപ്പോള്‍ ഗവര്‍ണര്‍ ഇറക്കിയ പുതിയ ഭീഷണിയാണ് ''പ്ലഷര്‍(പ്രീതി)പിന്‍വലിക്കല്‍''. ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ വ്യക്തിപരമായി മന്ത്രിമാര്‍ നടത്തിയാല്‍ പ്രീതി (പ്ലഷര്‍) പിന്‍വലിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയാണ് ട്രെന്‍ഡിംഗ്.മന്ത്രിമാര്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുമന്നും ഗവര്‍ണറുടെ ഭീഷണിയുണ്ട്. ഗവര്‍ണറുടെ ഈ പ്രസ്താവന രാജ്ഭവന്‍ പി.ആര്‍.ഒയാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തത്.
എന്നാല്‍ ഗവര്‍ണര്‍ ഉദ്ദേശിച്ച പ്രീതി എന്താണെന്ന് മനസ്സിലാകാത്തവരാണ് പലരും. ഇംഗ്ലിഷ് നിയമത്തില്‍ നിന്ന് ഉടലെടുത്ത ഒരു പ്രമാണമാണ് 'പ്രീതി തത്വം'' അഥവാ ഡൊക്ട്രിന്‍ ഓഫ് പ്ലഷര്‍ എന്നത്. രാജാവിന്റെ പ്രീതി നിലനിര്‍ത്തിയാല്‍ മാത്രമേ പൊതുസേവകരുടെ തൊഴില്‍ നിലനില്‍ക്കൂ എന്നതാണ് ഇതിലെ ധാര്‍മികതത്വം. ഏതെങ്കിലും കാരണത്താല്‍ രാജാവിന്റെ അപ്രീതിക്ക് ഇടയായാല്‍ പ്രത്യേകിച്ച് കാരണമൊന്നും പറയാതെ തന്നെ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാം. കേരളത്തിലെ മന്ത്രിമാര്‍ തന്റെ പ്രീതി നിലനിര്‍ത്തിയില്ലെങ്കില്‍ ഈ രീതി അനുവര്‍ത്തിക്കുമെന്നാണ് ഗവര്‍ണര്‍ സൂചന നല്‍കിയതെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
എന്നാല്‍, മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് പ്രതിപക്ഷവും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി അടക്കമുള്ള ഭരണഘടന വിദഗ്ധകരും അഭിപ്രായപ്പെടുന്നത്. ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്ന എം.വി. ഗോവിന്ദന്‍ ഇതിനെ ഭരണഘടനാപരമായി ചെറുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തന്നെ വിമര്‍ശിക്കുന്ന മന്ത്രിമാരുടെ സ്ഥാനം റദ്ദാക്കുമെന്ന ഗവര്‍ണറുടെ ഭീഷണി ഭരണഘടനയെക്കുറിച്ചും പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമുള്ള അജ്ഞതയാണെന്നും അദ്ദേഹത്തിന്റെ ഇടപെടല്‍ ജനങ്ങള്‍ക്കും ജനാധിപത്യസംവിധാനത്തിനും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമായി മാത്രമേ കാണാനാകൂ എന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."