എ.കെ.ജി സെന്റര്‍ ആക്രമണം: ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ്
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്, ടി.നവ്യ, സുബീഷ് എന്നിവര്‍ക്കായാണ് നോട്ടിസ് ഇറക്കിയത്. ക്രൈംബ്രാഞ്ച് എസ്പി നോട്ടിസ് വിമാനത്താവള അധികൃതര്‍ക്കും മറ്റുള്ള ഏജന്‍സികള്‍ക്കും കൈമാറി.
ഗൂഢാലോചനാ കുറ്റമാണ് മൂന്നു പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറായ സുബീഷിന്റേതാണ്. ആക്രമണം നടത്താന്‍ പ്രതി ജിതിന് ഉപയോഗിച്ച സ്കൂട്ടര്‍ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്ന് പൊലിസ് പറയുന്നു.
ജൂണ്‍ 30 രാത്രി 11.25നാണ് എ.കെ.ജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7 പൊലിസുകാര്‍ കാവല്‍നില്‍ക്കുമ്പോഴാണ് കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തി സ്ഫോടക വസ്തു എറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."