ഇലന്തൂര്‍ നരിബലിക്കേസ്: അവയവ മാഫിയാ സാധ്യത തള്ളി പൊലിസ്
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ അവയവ കച്ചവടത്തിന് വേണ്ടിയല്ല കൊലപാതകമെന്ന് പൊലിസ്. ഈ കേസില്‍ അവയവക്കച്ചവടമെന്നത് സാമാന്യബോധത്തിന് നിരക്കാത്തതാണ്. ഇത്രയും വൃത്തിഹീനമായ സാഹചര്യത്തില്‍ നടക്കുന്നതല്ല അവയവ ദാനം. പ്രധാനപ്രതി ഷാഫി ഒരുപക്ഷേ അവയവ ദാനമെന്ന് പറഞ്ഞ് ഭഗവല്‍സിങ്ങിനെയും ലൈലയെയും സ്വാധീനിച്ചിട്ടുണ്ടാകാമെന്നും കൊച്ചി സിറ്റി പൊലിസ് കമീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
പ്രധാനപ്രതി ഷാഫി കൊലപാതകം സംബന്ധിച്ച് പല കഥകളും ഉണ്ടാക്കുന്നുണ്ട്. അതെല്ലാം ശരിയാകണമെന്നില്ല. പൊലിസ് എല്ലാം തള്ളിക്കളയുന്നുമില്ല. ഫേസ്ബുക് അക്കൗണ്ടുകള്‍ വഴിയാണ് ഷാഫി പ്രതികളുമായി അടുത്തത്. സോഷ്യല്‍ മീഡിയയില്‍ നന്നായി ഇടപെടാന്‍ അറിയാവുന്നവരാണ് ഷാഫിയും മറ്റ് പ്രതികളും.
മൃതദേഹഭാഗങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിട്ടില്ല. ഏറെ കഷണങ്ങളായതിനാല്‍ സമയം കൂടുതലെടുക്കുകയാണ്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കുറച്ചുകൂടി വിവരങ്ങള്‍ ലഭിക്കുമെന്നും പൊലിസ് വ്യക്തമാക്കി.
അറവുശാലയില്‍ മാംസം വെട്ടുന്നത് പോലെയാണ് ,ാഫി പത്മയുടേയും റോസ്‌ലിന്റെയും മൃതദേഹങ്ങള്‍ മുറിച്ചതെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു. ഒരു അറവുകാരനെപ്പോലെയാണ് ഇയാള്‍ പെരുമാറിയത്. ഷാഫിക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നതിന് ഇപ്പോള്‍ തെളിവൊന്നുമില്ല. എന്നാല്‍, ഇക്കാര്യവും തള്ളിക്കളയുന്നില്ല കമീഷണര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."