ജഡ്ജിമാര്‍ക്ക് രക്ഷ ഇല്ല
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കെതിരേ തുടരുന്ന ആക്രമണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് സുപ്രിംകോടതി. ജഡ്ജിമാര്‍ നേരിടേണ്ടി വരുന്ന ഭീഷണികളെ കുറിച്ച് പരാതിപ്പെട്ടാല്‍ സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ സഹായിക്കുകയേ ഇല്ലെന്നും ഗൗരവത്തിലെടുക്കില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.
ജാര്‍ഖണ്ഡ് ജഡ്ജിയെ വാഹനമിടിച്ചുകൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് അന്വേഷണ ഏജന്‍സികളെയും സംവിധാനത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
ജഡ്ജിമാരുടെ സുരക്ഷ സംബന്ധിച്ച് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാരിന് നോട്ടിസയച്ചു.
ഏറെ ശ്രദ്ധ നേടിയ ക്രിമിനല്‍ കേസുകളില്‍ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന പുതിയ ശീലം വളര്‍ന്നുവന്നിട്ടുണ്ട്. ജഡ്ജിമാര്‍ക്ക് ജോലി നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യമില്ല.
സി.ബി.ഐയോ പൊലിസോ ഐ.ബിയോ ജഡ്ജിമാരെ സഹായിക്കുന്നില്ല. വന്‍കിട രാഷ്ട്രീയക്കാരും അധോലോക സംഘങ്ങളും പ്രതികളായ പല കേസുകളും പരിഗണിക്കുന്ന ജഡ്ജിമാര്‍ ഭീഷണി നേരിടാറുണ്ട്.
ശാരീരികമായി അല്ല, അപകീര്‍ത്തികരവും ഭീഷണി സന്ദേശങ്ങളും അയച്ച് മാനസികമായി അവരെ തകര്‍ക്കാറുണ്ട്. ജനങ്ങള്‍ക്ക് താല്‍പര്യമുള്ള പ്രധാന കേസുകളില്‍ അവര്‍ക്കിഷ്ടമുള്ള ഉത്തരവുകള്‍ ഉണ്ടാകാതെ വരുമ്പോള്‍ ജുഡിഷ്യറിയെ പഴിക്കുന്ന പതിവുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ്ജസ്റ്റിസിന്റെ അഭിപ്രായപ്രകടനങ്ങള്‍ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലും ശരിവച്ചു.
നിരവധി ജഡ്ജിമാര്‍ക്ക് ഭീഷണി കോളുകള്‍ ലഭിക്കാറുണ്ടെന്നും ഇക്കാരണത്താല്‍ കേസുകള്‍ നീട്ടിവയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."