പിഴ അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ വിഷമദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ പിഴശിക്ഷ ഒഴിവാക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പിഴ ഒഴിവാക്കണമെന്ന മണിച്ചന്റെ ഭാര്യയുടെ ഹരജിയിന്മേല്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
പിഴ അടച്ചില്ലെങ്കില്‍ 22 വര്‍ഷവും ഒമ്പതു മാസവും ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പിഴത്തുക ലഭിച്ചാല്‍ അത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജീവപര്യന്തം തടവിനു പുറമേ 30.45 ലക്ഷം രൂപ പിഴയടയ്ക്കാനുമാണ് ഹൈക്കോടതി ശിക്ഷിച്ചിരുന്നത്.
മദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും കാഴ്ചനഷ്ടമായവര്‍ക്കും പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെ വിട്ടയക്കാന്‍ പിന്നീട് സുപ്രിംകോടതി ഉത്തരവായിരുന്നു. എന്നാല്‍ പിഴശിക്ഷ ഒഴിവാക്കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് മണിച്ചന്റെ ഭാര്യ ഹരജി നല്‍കിയത്.
സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം മണിച്ചന്റെ മോചനത്തിന് കേരള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. പിഴ അടക്കാത്തതിനാലാണ് മോചനം സാധ്യമാവാതെ വന്നതെന്ന് സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.
2000 ഒക്ടോബര്‍ 21നുണ്ടായ മദ്യദുരന്തത്തില്‍ 31 പേരാണ് മരിച്ചത്. കേസിലെ ഏഴാംപ്രതിയാണ് മണിച്ചന്‍. പ്രധാന പ്രതി താത്ത എന്ന് അറിയപ്പെടുന്ന ഹൈറുന്നിസ ജയില്‍ ശിക്ഷയ്ക്കിടെ മരണപ്പെട്ടിരുന്നു. മണിച്ചന്റെ ഗോഡൗണില്‍ നിന്ന് ഹൈറുന്നിസയുടെ വീട്ടിലെത്തിച്ച് വിതരണംചെയ്ത മദ്യം കഴിച്ച് കല്ലുവാതുക്കല്‍, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലുള്ള 31 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ആറു പേര്‍ക്ക് കാഴ്ച നഷ്ടമാവുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."