വിദേശയാത്ര: ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ ഗുണങ്ങള്‍ വിദേശയാത്ര കൊണ്ട് ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ്, വിദേശയാത്ര കൊണ്ട് പ്രതീക്ഷിച്ചതിലും നേട്ടങ്ങളുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.
ഫിന്‍ലന്‍ഡ്, നോര്‍വെ, യുകെ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ 10 യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റുക, കൂടുതല്‍ വ്യവസായ നിക്ഷേപം കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളില്‍ പ്രവാസികളുടെ സഹായം അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി വിശദീകരിച്ചു.
പഠനഗവേഷണ മേഖലകളിലെ സഹകരണം, പുതിയ തൊഴില്‍ സാധ്യതകള്‍, പ്രവാസിക്ഷേമം, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കല്‍ ഇതൊക്കെയായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇതില്‍ പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചു.
നാളെയുടെ പദാര്‍ത്ഥമെന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ഗ്രാഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യാത്രയില്‍ തീരുമാനമായി. ഫിന്‍ലന്‍ഡ്, നോര്‍വ്വേ, യുകെ എന്നിവിടങ്ങളിലാണ് ഔദ്യോഗിക സംഘം സന്ദര്‍ശിച്ചത്. യുകെയുടെ ഭാഗമായ വെയ്ല്‍സിലും കൂടിക്കാഴ്ചകളുണ്ടായിരുന്നു. പി.രാജീവ്, വി ശിവന്‍കുട്ടി, വീണ ജോര്‍ജ്ജ് എന്നീ മന്ത്രിമാരും ചീഫ് സെക്രട്ടറി വിപി ജോയ് അടക്കമുള്ള ഉദ്യോഗസ്ഥരും പ്ലാനിംഗ് ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. വികെ രാമചന്ദ്രനും സംഘത്തിലുണ്ടായിരുന്നു.
ലോകകേരളസഭയുടെ യൂറോപ്യന്‍ യുകെ മേഖലാ സമ്മേളനത്തില്‍ ഒക്ടോബര്‍ ഒന്‍പതിന് പങ്കെടുത്തു. പത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യം യോഗത്തിലുണ്ടായി. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും യുകെ കുടിയേറ്റം എളുപ്പമാക്കാന്‍ ചര്‍ച്ചകളുണ്ടായി.
ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് കുടിയേറ്റം സാധ്യമാകാന്‍ നോര്‍ക്ക വഴി അവസരമൊരുക്കും. ഇതിനായി അവിടുത്തെ ഏജന്‍സികളുമായി നോര്‍ക്ക ധാരണാപത്രം ഒപ്പു വച്ചു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരവും ഇതിനുണ്ട്. 3000 ഒഴിവുകളിലേക്ക് അടുത്ത മാസം മലയാളികള്‍ക്ക് ഇതിലൂടെ അവസരം ഒരുങ്ങും. ഒപ്പുവച്ച കരാര്‍ പ്രകാരം നഴ്‌സിംഗ് പ്രൊഫഷണലുകളെ കൂടാതെ ഇതരമേഖലയിലെ പ്രൊഫഷണലുകള്‍ക്കും യുകെ കുടിയേറ്റം സാധ്യമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."