അന്വേഷണസംഘത്തെ വലച്ച് അഭ്യൂഹങ്ങളും മൊഴികളിലെ വൈരുധ്യങ്ങളും
ദിൽഷാദ് മുഹമ്മദ്
കൊച്ചി • നരബലിക്കേസിൽ അന്വേഷണസംഘത്തെ കുഴക്കി പ്രതികളുടെ ചില നിലപാടുകളും ഒപ്പം അഭ്യൂഹങ്ങളും. മുഖ്യപ്രതികളായ മൂന്ന് പേരും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ നിസ്സഹകരണം പ്രകടിപ്പിക്കുന്നതും വൈരുധ്യമൊഴികൾ നൽകുന്നതുമാണ് പൊലിസിന് തലവേദയാകുന്നത്.
അന്വേഷണസംഘത്തിന് ഇത് മൂലം കൂടുതൽ സമയം ചെലവഴിക്കേണ്ട അവസ്ഥയാണ്. പ്രതികളായ ഷാഫിയും ലൈലയും ചോദ്യം ചെയ്യലിൽ വാചാലരാണെങ്കിലും ഭഗവൽസിങ്ങിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നില്ല. മുൻകൂട്ടി തയാറാക്കിയതെന്ന രീതിയിലുള്ള ഷാഫിയുടെ മൊഴികളും കുറ്റസമ്മതങ്ങളും ദീർഘവീക്ഷണത്തോടെയും സംശയം തോന്നാത്ത രീതിയിലുമുള്ളതാണെന്ന് പൊലിസ് തന്നെ പറയുന്നു.
ലൈലയാകട്ടെ ഷാഫിയെയും ഭഗവൽസിങ്ങിനെയും കുറ്റപ്പെടുത്തിയുള്ള മൊഴികളാണ് ഏറെയും നൽകുന്നത്. സംഭവങ്ങൾ നടന്നത് കൃത്യമായി വിവരിക്കുന്നുണ്ടെങ്കിലും ചില വിവരങ്ങൾ മറച്ചുവയ്ക്കുന്നതിനാൽ പലകാര്യങ്ങളിലും അനുമാനം നടത്താൻ കഴിയുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ശ്രീദേവി എന്ന വ്യാജപ്രൊഫൈലിന്റെ കാര്യം ഉൾപ്പെടെ അറസ്റ്റിലായ ശേഷമാണ് ഭഗവൽസിങും ലൈലയും അറിയുന്നത്. ഇതിൽ ഇവർക്ക് ഷാഫിയോട് അമർഷവും ഉണ്ട്. അതിനാൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുമ്പോൾ പലതിലും ഷാഫിയെ കൂടെ ഉൾപ്പെടുത്താൻ ദമ്പതികൾ ബോധപൂർവം ശ്രമം നടത്തുന്നുണ്ടോയെന്നും പൊലിസ് സംശയിക്കുന്നുണ്ട്.
ക്രിമിനൽ പശ്ചാത്തലമുള്ള ഷാഫിയെ സംശയത്തിലേക്ക് എളുപ്പം കണ്ണി ചേർക്കാൻ കഴിയുമെന്നതിനാൽ അന്വേഷണസംഘത്തിനും ആശയക്കുഴപ്പം സംഭവിക്കുന്നത് കേസിന്റെ തുടർനടപടികളെ ബാധിക്കുന്നുണ്ട്.
ഷാഫി മറ്റൊരാളെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്നും അവയവങ്ങൾ വിറ്റെന്നും ലൈല പറയുമ്പോൾ ഇക്കാര്യം അപ്പാടെ നിഷേധിക്കുകയാണ് ഷാഫി. അന്വേഷണത്തിലും ഇക്കാര്യം കണ്ടെത്താൻ കഴിയാത്തതിനാൽ അവയവ മാഫിയ പോലുള്ള അഭ്യൂഹങ്ങൾ തള്ളി പൊലിസും രംഗത്തെത്തിയിരുന്നു.
നരബലി കേസിൽ ഓരോദിവസവും പുതിയ അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. പലതും കെട്ടുകഥയാണെങ്കിലും ഇവ കൂടി പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
ഒരു പ്രമാദമായ കേസ് എന്നതിലുപരി ഭാവിയിൽ വിവിധ കേസുകളുടെ റഫൻസ് ഉൾപ്പെടെ ആകാവുന്നതായതിനാൽ ശക്തമായ നിരീക്ഷണത്തോടെ പഴുതടച്ച അന്വേഷണമാണ് ഈ കേസിൽ പൊലിസ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."