ഇസ്റാഈൽ തലസ്ഥാനമായി ജറൂസലേം; അംഗീകരിക്കില്ലെന്ന് ആസ്‌ത്രേലിയ
സിഡ്‌നി • ഇസ്റാഈൽ തലസ്ഥാനമായി വെസ്റ്റ് ജറൂസലേമിനെ അംഗീകരിക്കില്ലെന്ന് ആസ്‌ത്രേലിയ. മുൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ സർക്കാരിന്റെ നടപടിയെ തിരുത്തിയാണ് പുതിയ നീക്കം. ജറൂസലേമിന്റെ പദവി ഏകപക്ഷീയമായി തീരുമാനിക്കേണ്ടതല്ലെന്നും സമാധാന ചർച്ചകളിലൂടെ ഉരുത്തിരിയേണ്ടതാണെന്നും വിദേശകാര്യ മന്ത്രി പെന്നി വോങ് വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരത്തിന് കടക വിരുദ്ധമായി തങ്ങൾ ഒന്നും ചെയ്യില്ല. കൺസർവേറ്റീവ് പാർട്ടിയുടെ മുൻനടപടി രാജ്യത്ത് വിഭാഗീയതയ്ക്ക് കാരണമായിട്ടുണ്ട്. അതില്ലാതാക്കാനാണ് പുതിയ സർക്കാരിൻ്റെ നീക്കം. ജൂതർക്ക് ഭൂരിപക്ഷമുള്ള മേഖലയിൽ ഉപതെരഞ്ഞെടുപ്പ് വിജയിക്കുന്നതിനു വേണ്ടിയാണ് മോറിസൺ സർക്കാർ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചത്. എന്നാൽ അതെല്ലാം നഷ്ടക്കച്ചവടമായിരുന്നുവെന്നും വോങ് പറഞ്ഞു.
2018ൽ മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിധേയപ്പെട്ടാണ് മോറിസൺ ഗവൺമെന്റ് ഇസ്റാഈൽ തലസ്ഥാനമായി ജറൂസലേമിനെ അംഗീകരിച്ചത്. ഇത് ആഭ്യന്തര പ്രശ്‌നങ്ങൾക്കു പുറമെ, അയൽരാജ്യങ്ങളോടുള്ള നയതന്ത്ര ബന്ധത്തിലും വിനാശകരമായി മാറിയിരുന്നു. അയൽരാജ്യമായ ഇന്തോനേഷ്യ പ്രസ്തുത നീക്കത്തെ തുടർന്ന് ആസ്‌ത്രേലിയയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ മരവിപ്പിച്ചിരുന്നു.
അതേസമയം പുതിയനീക്കം ഒരർഥത്തിലും ഇസ്റാഈലുമായി ശത്രുതയ്ക്ക് കാരണമാവില്ലെന്ന് വോങ് പറഞ്ഞു. ഫലസ്തീൻ ജനതയോടും ജൂതരോടും രാജ്യത്തിന് ഒരേസമീപനമാണ്. ഇസ്റാഈലിനെ ആദ്യം അംഗീകരിച്ചവരിൽ മുന്നിലാണ് ആസ്‌ത്രേലിയയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."