HOME
DETAILS

ആർ.എസ്.എസ് പുതിയ വേഷം കെട്ടാനൊരുങ്ങുമ്പോൾ

  
backup
October 18 2022 | 19:10 PM

rss-2022-oct-19

ഡൽഹി നോട്സ്
കെ.എ സലിം

അജ്മീർ, മക്കാ മസ്ജിദ്, സംഝോത എക്‌സ്പ്രസ്, മലേഗാവ് തുടങ്ങിയ ഭീകരാക്രമണങ്ങളുമായി ആർ.എസ്.എസിനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇപ്പോൾ ബാക്കിയില്ല. എല്ലാം തുടച്ചുനീക്കിയിരിക്കുന്നു. പ്രതി ആർ.എസ്.എസ് പ്രചാരക് സുനിൽ ജോഷി കൊല്ലപ്പെട്ടു. കൊന്നവരെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. എൻ.ഐ.എ 20 ലക്ഷം തലക്കു വിലയിട്ടിരുന്ന പിടികിട്ടാപ്പുള്ളികളായ സന്ദീപ് ദാംഗെ, രാംചന്ദ്ര കൽസാങ്‌റ എന്നിവർ അപ്രത്യക്ഷരായി. ഇരുവരും 2008 നവംബർ 26നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് മഹാരാഷ്ട്ര ഭീകരതാവിരുദ്ധസേന മുൻ അംഗം എം. മുജാവാർ എട്ടുവർഷങ്ങൾക്കിപ്പുറം കോടതിയിൽ സത്യവാങ്മൂലം നൽകി. ആദ്യം മഹാരാഷ്ട്ര, മധ്യപ്രദേശ് ഭീകരതാവിരുദ്ധസേനകളും പിന്നീട് എൻ.ഐ.എയും ലുക്കൗട്ട് നോട്ടിസുമായി വർഷങ്ങൾ തിരഞ്ഞ ശേഷം 2017ലാണ് വെളിപ്പെടുത്തൽ ഉണ്ടാകുന്നതെന്നതാണ് കൗതുകം. സ്വാമി അസീമാനന്ദ രക്ഷപ്പെട്ടു. കേണൽ പുരോഹിതും ദയാനന്ദ് പാണ്ഡെയും പ്രജ്ഞാസിങ് താക്കൂറുമെല്ലാം ചില കേസുകളിൽ പ്രതികളായി ബാക്കിയുണ്ടെങ്കിലും ശിക്ഷിക്കപ്പെടാൻ സാധ്യതയില്ല. കേന്ദ്രഭരണത്തിന്റെ സംരക്ഷണം ഇല്ലാതായാലും ഇനിയൊന്നും ആർ.എസ്.എസിലേക്ക് എത്തില്ല. ഈ ഘട്ടത്തിലാണ് ആർ.എസ്.എസ് മുസ്‌ലിം ബുദ്ധിജീവികളുമായി ചർച്ചയ്ക്ക് തുനിഞ്ഞിരിക്കുന്നത്. പുതിയൊരു മുഖം എടുത്തണിയാനൊരുങ്ങുന്നു.
മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ ഖുറേഷിയുടെ നേതൃത്വത്തിലാണ് മുസ്‌ലിം ബുദ്ധിജീവികൾ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമായി ചർച്ച നടത്തിയത്. തങ്ങൾ വ്യക്തിപരമായി നടത്തിയ ചർച്ചയാണെന്ന് ഒരു ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ ഖുറേഷി പറയുന്നുണ്ട്. തുടർചർച്ചകൾ ഇനിയുമുണ്ടാകുമെന്നും ആണയിടുന്നു. കാണണമെന്നാവശ്യപ്പെട്ടപ്പോൾ മോഹൻ ഭാഗവത് അതീവതാൽപര്യം കാണിക്കുകയും ഡൽഹിയിലെത്തിയാൽ കാണാമെന്ന് വാഗ്ദാനം ചെയ്യുകയും പാലിക്കുകയും ചെയ്തുവെന്ന് പറയുന്നു. ചർച്ചയിൽ പൊതുവായ ആശങ്കകൾ ഉന്നയിക്കുകയും അതെല്ലാം ഭാഗവത് ക്ഷമയോടെ കേൾക്കുകയും ചെയ്തു. തങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നതൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഹിന്ദുത്വമെന്ന ആശയം മുസ്‌ലിംകളടക്കം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്ന് ഭാഗവത് പറഞ്ഞു. സമുദായങ്ങൾ ഒത്തൊരുമയോടെ നിന്നാലെ രാജ്യം പുരോഗമിക്കൂവെന്നും ഭരണഘടന തകർക്കാനും രാജ്യത്തുനിന്ന് മുസ്‌ലിംകളെ പുറന്തള്ളാനും ആർ.എസ്.എസ് പദ്ധതി തയാറാക്കുന്നുവെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും വ്യക്തമാക്കി.


മുസ്‌ലിംകൾ പശുവിറച്ചി ഭക്ഷിക്കുന്നതിലും ഹിന്ദുക്കളെ കാഫിറെന്ന് വിളിക്കുന്നതിലും രാജ്യത്തെ ഹിന്ദുക്കൾ അസ്വസ്ഥരാണെന്ന് ഭാഗവത് തിരിച്ചും പരാതി പറയുന്നു. മുസ്‌ലിംകളെ ജിഹാദികൾ, പാകിസ്താനികൾ എന്നെല്ലാം വിളിക്കുന്നതിൽ മുസ്‌ലിം സമുദായവും അസ്വസ്ഥരാണെന്ന് തിരിച്ചു പറഞ്ഞതായും ഖുറേഷി എഴുതുന്നു. ജനസംഖ്യയിൽ ഇന്ത്യൻ മുസ്‌ലിംകൾ ഹിന്ദുക്കളെ മറികടക്കില്ലെന്ന് കണക്കുകൾ സഹിതം ബോധ്യപ്പെടുത്തുന്ന തന്റെ പുസ്തകവും ഭാഗവതിനു കൈമാറുന്നുണ്ട്. ഇക്കാര്യം കണക്കുസഹിതം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയപ്പോൾ ഭാഗവത് ഉറക്കെ ചിരിച്ചെന്നും അത് അദ്ദേഹം അംഗീകരിച്ചതിന്റെ ലക്ഷണമാണെന്നും ഖുറേഷി എഴുതി. ഇതിനു പിന്നാലെ ഭാഗവത് ഡൽഹിയിൽ ആർ.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള കസ്തൂബർബാ മാർഗിലെ പള്ളിയും അതിനോടനുബന്ധിച്ച മദ്‌റസയും സന്ദർശിച്ചു.
എന്താണ് ആർ.എസ്.എസിന്റെ പുതിയ വേഷത്തിനു പിന്നിലെന്ന ചോദ്യം ബാക്കിയാവുകയാണ്. 2003ലെ പർബാനി ബോംബ് സ്‌ഫോടനം മുതൽ മലേഗാവ് രണ്ടാം സ്‌ഫോടനം വരെ നീളുന്ന രാജ്യത്തെ ഭീകരാക്രമണങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ആർ.എസ്.എസിന്റെ പേരുണ്ട്. കേണൽ പുരോഹിതിനൊപ്പം ജയ്പൂരിൽ നടന്ന ഗൂഢാലോചനാ യോഗത്തിൽ പങ്കെടുത്തവരിലൊരാൾ ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറാണെന്നത് രഹസ്യമല്ല.


സ്‌ഫോടനങ്ങൾക്കായി വിവിധയിടങ്ങളിൽ ബോംബുകളുമായി യാത്ര ചെയ്തവർ ആർ.എസ്.എസ് പ്രവർത്തകരായിരുന്നുവെന്നും അവർ താമസിച്ചത് ആർ.എസ്.എസ് ഓഫിസിലായിരുന്നുവെന്നതും മക്കാ മസ്ജിദ്, അജ്മീർ കേസുകളിലെ കുറ്റപത്രങ്ങളിലുണ്ട്. മഹാരാഷ്ട്രയിലെ നന്ദേഡ് സ്‌ഫോടനക്കേസിൽ സി.ജെ.എം കോടതി മുമ്പാകെ മഹാരാഷ്ട്ര എ.ടി.എസ് എ.സി.പി അനിൽ ജെ. തമയ്ച്ചകാർ നൽകിയ റിപ്പോർട്ടിൽ നന്ദേഡ് സ്‌ഫോടനത്തിൽ ആർ.എസ്.എസിന്റെ മൂന്നു മുതിർന്ന നേതാക്കൾക്ക് പങ്കുള്ളതായി പറയുന്നുണ്ട്. കേസിൽ അറസ്റ്റിലായ മറോത്തി കിഷോർ വാഗിന്റെ ഡയറിയിൽ ഇതുസംബന്ധിച്ച വിവരങ്ങളുണ്ടായിരുന്നു.
2006 ഏപ്രിൽ ഏഴിന് ജുമുഅ സമയത്ത് പൊട്ടിത്തെറിക്കുംവിധം ഔറംഗബാദിലെ പള്ളികളിൽ സ്ഥാപിച്ച ബോംബ് ടൈമർ തെറ്റിയതിനാൽ തലേന്ന് രാത്രി നിർമിച്ച് വച്ചിടത്തുതന്നെ പൊട്ടിത്തെറിച്ചതാണ് 2006ലെ നന്ദേഡ് സ്‌ഫോടനം. രാജ്യത്തെ ഭീകരാക്രമണങ്ങളിൽ ഹിന്ദുത്വവാദികളുടെ പങ്ക് സംബന്ധിച്ച് സൂചന നൽകിയ ആദ്യ സംഭവമായിരുന്നു ഇത്. അന്നു ബോംബ് നിർമിച്ച ഹിമാൻഷു വെങ്കിടേഷ് പാൻസെയുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ആർ.എസ്.എസുമായി ബന്ധപ്പട്ട നിരവധി രേഖകൾ കണ്ടെത്തി. ഇതൊടൊപ്പം കണ്ടെത്തിയ ആൽബത്തിൽ ഔറംഗബാദിലെ നിരവധി പള്ളികളുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിത്രങ്ങളുണ്ടായിരുന്നു. ചിലതിൽ വ്യാജ താടിവച്ച പാൻസെയുടെ ചിത്രങ്ങളായിരുന്നു. സ്‌ഫോടനം നടത്താൻ തിരഞ്ഞെടുത്ത പള്ളികളുടെ ചിത്രങ്ങളായിരുന്നു അതെന്ന് പൊലിസ് കണ്ടെത്തി.


വെപ്പുതാടിയുമായി മുസ്‌ലിമാണെന്ന വ്യാജേന പള്ളികളിൽ കയറിയാണത്രെ പാൻസെ ബോംബ് വയ്ക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തിയിരുന്നത്. ആസൂത്രണത്തിനു സഹായകരമാകാൻ പള്ളിയുടെ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങളെടുക്കും. തുടർന്ന് നിസ്‌കരിക്കാനെന്ന വ്യാജേന അകത്തുകടന്ന് ബോംബ് സ്ഥാപിക്കും. നന്ദേഡിലെ സ്‌ഫോടനം നടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ റൈഫിൾ ബുള്ളറ്റുകളുൾപ്പെടെയുള്ള നിരവധി സാമഗ്രികൾ കണ്ടെടുത്തതായും എ.ടി.എസ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
മക്കാ മസ്ജിദിലും അജ്മീറിലും പള്ളികളിലാണ് സ്‌ഫോടനം നടന്നത്. മലേഗാവിലെ രണ്ടു സ്‌ഫോടനങ്ങൾ മുസ്‌ലിംകൾ തിങ്ങിനിറഞ്ഞ ചന്തയുടെ മധ്യത്തിലാണ്. ഇന്ത്യയിലെ ബന്ധുക്കളെ കാണാനെത്തി തിരിച്ചുപോകുന്ന പാകിസ്താൻ പൗരൻമാർ യാത്രചെയ്ത കോച്ചിലാണ് സംഝോത എക്‌സ്പ്രസ് സ്‌ഫോടനം നടന്നത്. സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവർ മുസ്‌ലിംകളായിരുന്നു. പ്രതികളാക്കപ്പെട്ടവരും ശിക്ഷിക്കപ്പെട്ടവരും മുസ്‌ലിംകൾ. നിരപരാധികളാണെന്നു കണ്ടെത്തിയിട്ടും ദീർഘകാലം അവർ പിന്നെയും ജയിലിൽ തുടർന്നു. നിരപരാധികൾ അറസ്റ്റ് ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും വർഷങ്ങൾക്കു ശേഷം മേൽക്കോടതികൾ നിരപരാധികളെന്നുകണ്ട് വിട്ടയക്കുന്നതും ഇപ്പോഴും തുടരുന്നുണ്ട്.


പശുവിന്റെ പേരിലുള്ള കൊലകൾ നടക്കുന്നുണ്ട്. ഹിന്ദുത്വ പൊതുബോധത്തെ മാത്രം തൃപ്തിപ്പെടുത്തുന്ന തീരുമാനങ്ങൾ കേന്ദ്രസർക്കാർ കൈക്കൊള്ളുന്നുണ്ട്. ബാബരിക്കു പിന്നാലെ മറ്റു പള്ളികൾകൂടി തകർക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതെല്ലാം ചെയ്യുന്നത് സംഘ്പരിവാറാണ്. ഇതിനിടയിലാണ് കുറ്റവാളികളെന്ന് ഉറപ്പിച്ചവരെ നിയമത്തിന്റെ പഴുതുകളിലൂടെ സംഘ്പരിവാർ രക്ഷിച്ചെടുക്കുകയും ശാന്തിയുടെ പുതിയവേഷം കെട്ടുകയും ചെയ്യുന്നത്. ആർ.എസ്.എസിനെ ഏതു ന്യായത്തിന്റെ അടിസ്ഥാനത്തിൽ വിശ്വസിക്കണമെന്നതാണ് ചോദ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago