മുറിച്ചുമാറ്റാനാകില്ല, ഈ കേരള നൻമയെ
മലപ്പുറം കോഡൂരില്‍ നബിദിന റാലിയിലെ കുട്ടിക്ക് ഷീനയെന്ന അമുസ് ലിം വനിത നോട്ടുമാലയണിയിക്കുകയും കവിളില്‍ സ്‌നേഹ ചുംബനം നല്‍കുകയും ചെയ്ത സംഭവം സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കുകയാണ് കേരളം. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ക്ക് താഴെ സമാനമായ സംഭവങ്ങള്‍, കേരളത്തിലെ പലഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. താന്‍ അസാധാരണമായൊന്നും ചെയ്തില്ലെന്നും തങ്ങള്‍ ജീവിച്ചുവളര്‍ന്ന സാഹചര്യത്തില്‍ സാധാരണ ചെയ്യുന്നത് മാത്രമേ ഉണ്ടായുള്ളൂ എന്നുമാണ് ഇതു സംബന്ധിച്ച് ഷീനയുടെ പ്രതികരണം. സംഭവം ഇത്രമാത്രം ചര്‍ച്ചയായെന്നത് ഇപ്പോഴാണറിയുന്നതെന്നും ഷീന പറയുന്നു. നബിദിന റാലിയില്‍ കുഞ്ഞുങ്ങള്‍ക്ക് ഇതര സമുദായത്തില്‍പ്പെട്ടവര്‍ മധുരം നല്‍കുന്നതും ക്ഷേത്രങ്ങളിലെ ആഘോഷങ്ങളില്‍ സമീപത്തെ മുസ് ലിംകള്‍ നേതൃത്വപരമായ പങ്കുവഹിക്കുന്നതുമൊന്നും അസാധാരണമല്ല.
ഒരേ സംസ്‌കാരവും നോവും സന്തോഷങ്ങളും പങ്കിട്ട് ജീവിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. മതേതരത്വത്തിനും സമഭാവനയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കേരളം എന്നത് വെറുംവാക്കല്ല. ഓരോ ദിവസവും പാരസ്പര്യത്തിന്റെ അനവധി ഉദാഹരണങ്ങളിലൂടെയാണ് കേരളീയർ ജീവിക്കുന്നത്. മലപ്പുറമാകട്ടെ ഇക്കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന പ്രദേശമാണ്. സമഭാവനയും പാരസ്പര്യവും കേരളത്തിന്റെ ചരിത്രത്തിലൂടെ വികസിച്ചു വന്നതാണ്. അതിന് തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോയിട്ടില്ല. മുസ് ലിം ഭരണാധികാരികളുടെ ആക്രമണ അധിനിവേശത്തിന്റെ കള്ളക്കഥയൊന്നും ഉത്തരേന്ത്യയെപ്പോലെ കേരളത്തില്‍ ചെലവാകില്ല. അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്.
മലബാറിലെ ഭരണാധികാരിയായിരുന്ന അവസാനത്തെ ചേരമാന്‍ പെരുമാള്‍ തന്റെ രാജ്യം സാമന്തന്മാരായിരുന്ന ആശ്രിതര്‍ക്കിടയില്‍ വിഭജിച്ചു നല്‍കുകയും രാജ്യത്തെത്തിയ അറബ് വ്യാപാരികളെ പിന്തുടര്‍ന്ന് വിശുദ്ധ മക്കയിലെത്തി ഇസ് ലാം സ്വീകരിക്കുകയും തന്റെ ജീവിതത്തിന്റെ അവസാന വര്‍ഷങ്ങള്‍ അജ്ഞാതാവസ്ഥയില്‍ കഴിയുകയും അവിടെ മരണപ്പെടുകയും ചെയ്തുവെന്നാണ് ചരിത്രം. ഈ സംഭവത്തില്‍ നിന്നാണ് കേരളത്തിലെ ഇസ് ലാമിന്റെ ചരിത്രം തുടങ്ങുന്നത്. കേരളത്തിലെ ഏക മുസ് ലിം രാജകുടുംബമായ അറക്കല്‍ കുടുംബത്തിന്റെ ചരിത്രം ഇതില്‍ നിന്നാണ് തുടങ്ങുന്നത്. അന്നുമുതലിങ്ങോട്ട് കേരളം സമഭാവനയുടെ ഉദാഹരണമായി തുടരുന്നുണ്ട്. കേരളത്തിലേക്കെത്തിയ അറബ് വ്യാപാരികളെ ഇവിടുത്തെ ഭരണാധികാരികള്‍ സ്വീകരിച്ചു. അവരുടെ മതവും വിശ്വാസങ്ങളും ആചാരങ്ങളും കേരളത്തിലെയും വിശ്വാസങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഭാഗമായി.
14 മുതല്‍ 16 വരെ നൂറ്റാണ്ടുകളില്‍ നടന്ന മതപരിവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും അന്ന് കോഴിക്കോട് ഭരണാധികാരികളായിരുന്ന സാമൂതിരിയുടെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടതായിരുന്നു. ഓരോ കുടുംബത്തിലും ഒരു പുരുഷന്‍ ഇസ് ലാം സ്വീകരിച്ചിരിക്കണമെന്ന് സാമൂതിരി ഉത്തരവിട്ടിരുന്നുവെന്നാണ് ചരിത്രം. അക്കാലത്ത് മുസ് ലിംകള്‍ക്ക് ഹിന്ദു ഭരണാധികാരികളില്‍ നിന്ന് വലിയ ബഹുമാനവും ആദരവും ലഭിച്ചിരുന്നുവെന്നും രാജ്യത്തിന്റെ നിര്‍മാണവും വികസനവും മുസ് ലിംകളിലൂടെയാണ് നടക്കുന്നത് എന്നതാണ് ഇതിന് പ്രധാന കാരണമെന്നും 16ാം നൂറ്റാണ്ടിലെ ചരിത്ര ഇതിഹാസമായ തുഹ്ഫതുല്‍ മുജാഹിദീൻ രചയിതാവ് സൈനുദ്ദീന്‍ മഖ്ദൂം എഴുതിയിട്ടുണ്ട്. കോഴിക്കോട് മുച്ചുന്തിപ്പള്ളി നിര്‍മിക്കാന്‍ ഭൂമി അനുവദിച്ചത് സാമൂതിരിയാണ്. കോഴിക്കോട് തുറമുഖത്തിന്റെ തലവനായി ഷാ ബന്ദറിനെ നിയമിച്ചു.
മുസ് ലിം വ്യാപാരികള്‍ക്ക് എല്ലാ ജില്ലകളിലും വീടുകള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്നുവെന്നും ഇബ്‌നു ബത്തൂത്തയുടെ കൃതിയിലുണ്ട്. കേരളത്തില്‍ പിന്നീട് ഇതിന്റെ തുടര്‍ച്ചയുണ്ടാകുന്നത് ടിപ്പു സുല്‍ത്താനിലൂടെയാണ്. ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ ഭൂബന്ധങ്ങളുള്ള മധ്യകാല കേരളത്തില്‍ ജാതിയെ അപ്രസക്തമാക്കിക്കൊണ്ടുള്ള നടപടി ആദ്യമായുണ്ടാകുന്നത് ടിപ്പുവിന്റെ മലബാര്‍ പടയോട്ട കാലത്താണ്. താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറു മറക്കാനുള്ള അവകാശം നല്‍കി.
ആദ്യമായി ഭൂപരിഷ്‌ക്കരണം നടപ്പാക്കി. കൃഷി ചെയ്യുന്നവന് ഭൂമിയെന്ന ആശയം മലബാറിലേക്ക് കൊണ്ടുവന്നത് ടിപ്പു സുല്‍ത്താനാണ്. മലബാര്‍ ഉപേക്ഷിച്ച് തിരുവിതാംകൂറിലേക്ക് പോയ ബ്രാഹ്മണജന്മിമാരുടെ ഭൂമി കുടിയാന്‍മാര്‍ക്ക് സ്ഥിരാവകാശം നല്‍കി. നമ്പൂതിരി നായര്‍ വിഭാഗങ്ങള്‍ക്ക് മാത്രമുണ്ടായിരുന്ന സാമൂഹിക മേധാവിത്തം ടിപ്പു തകര്‍ത്തതോടെ, ജാതി മേധാവിത്തമെന്ന മിഥ്യാബോധത്തിന് സമൂഹത്തില്‍ ഉലച്ചില്‍ തട്ടി.
ഇതാണ് മലബാറില്‍ കീഴ്ജാതിക്കാരില്‍ സ്വന്തം അന്തസ്സിനെക്കുറിച്ചും പദവിയെക്കുറിച്ചുമുള്ള അഭിമാനം ജനിപ്പിച്ചത്. മലബാറില്‍ നിലനിന്ന ബഹുഭര്‍തൃത്വം അവസാനിപ്പിച്ചു. മാറു മറയ്ക്കല്‍ അവകാശമാക്കി. 1732ല്‍ മലപ്പുറത്ത് നടന്ന പോരാട്ടത്തില്‍ 44 മാപ്പിളമാര്‍ക്കൊപ്പം രക്തസാക്ഷിയായവരിലൊരാള്‍ തട്ടാന്‍ കുഞ്ഞേലുവായിരുന്നു. മറ്റു രക്തസാക്ഷികള്‍ക്കൊപ്പം മലപ്പുറം വലിയങ്ങാടി പള്ളിഖബര്‍സ്ഥാനിലാണ് കുഞ്ഞേലുവും അന്തിയുറങ്ങുന്നത്. രക്തസാക്ഷികളുടെ ഓര്‍മകള്‍ക്കായി നടത്തുന്ന മലപ്പുറം നേര്‍ച്ചയില്‍ പ്രധാന ചടങ്ങുകളിലൊന്ന് കുഞ്ഞേലുവിന്റെ ബന്ധുക്കള്‍ നേതൃത്വം നല്‍കുന്ന തട്ടാന്‍ പെട്ടിയുടെ വരവാണ്. 1921ല്‍ ബ്രിട്ടിഷ് വിരുദ്ധ സമരകാലത്ത് മലബാറില്‍ മാപ്പിളമാര്‍ക്കൊപ്പം പോരാടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തവരായിരുന്നു ഹിന്ദുസമൂഹം. പൂക്കോട്ടൂര്‍ യുദ്ധത്തില്‍ പങ്കെടുത്ത 400ലധികം വരുന്ന യോദ്ധാക്കളില്‍ 50 ഓളം പേര്‍ ഹിന്ദുക്കളായിരുന്നു.
ഇസ് ലാമിനെ പിശാചുവൽകരിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോകാത്തത് ഈ ചരിത്രം വര്‍ത്തമാന കാലത്തെ സ്വാധീനിക്കുന്നത് കൊണ്ടാണ്. അതുകൊണ്ടാണ് അയല്‍ക്കാരുടെ ആഘോഷങ്ങള്‍ അവരുടെയും ആഘോഷമാകുന്നത്. അയല്‍ക്കാരന്റെ സങ്കടങ്ങള്‍ അവരുടെയും സങ്കടമാകുന്നത്. ഉത്തരേന്ത്യയില്‍ വിശന്നപ്പോള്‍ ക്ഷേത്രത്തില്‍ക്കയറി പ്രസാദം കഴിച്ചതിന് യുവാവിനെ തല്ലിക്കൊല്ലുന്ന കാലത്താണ് കേരളം കെട്ടുറപ്പിന്റെ ഉദാഹരണമായി തുടരുന്നതെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്.
യു.പിയിലോ ബിഹാറിലോ പശുവിന്റെ പേരില്‍ ഒരാളെ തല്ലിക്കൊല്ലുമ്പോള്‍ കേരളത്തിന്റെ മനസ്സും വേദനിക്കുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപമുണ്ടാകുമ്പോള്‍ കേരളത്തിന്റെ നെഞ്ചും കത്തുന്നു. ബില്‍ക്കീസ് ബാനുവിന്റെയും കൗസര്‍ ബാനുവിന്റെയും കഥകള്‍ അവനെയും വേദനിപ്പിക്കുന്ന കഥകളാകുന്നു. ആ കൊലയാളികളുടെ ആശയങ്ങളെ ജീവിതത്തിന്റെ പടിക്കപ്പുറത്ത് നിര്‍ത്തുകയാണ് കൈരളി. പരിഹാസം കൊണ്ടെങ്കിലും ഒരു പ്രതിരോധം തീര്‍ക്കും. കേരളം രാജ്യത്തിന് മാതൃകയാവുന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഈ സംസ്‌കാരത്തിലൂടെയാണ്.
Content Highlights:This Kerala goodness cannot be cut off
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."