HOME
DETAILS

അതേ.., മലയാളികള്‍ക്ക് അഭിമാനമാണ് നിങ്ങള്‍...

  
backup
August 07 2021 | 19:08 PM

veenduvicharam-8-8-2021
എ സജീവന്‍
 
മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ നിരാശയും സങ്കടവും തോന്നിയ ഒരു വാര്‍ത്തയെക്കുറിച്ചാണ് ഇത്തവണ എഴുതുന്നത്. 
'മതങ്ങള്‍ വാതിലുകള്‍ തുറന്നു; ദേവരാജന് അന്ത്യയാത്രയൊരുങ്ങി' എന്നതായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്. മരണാനന്തരം കൊവിഡ് സ്ഥിരീകരിച്ച തമിഴ്‌നാട് സ്വദേശിയും ക്രിസ്ത്യാനിയുമായ മധ്യവയസ്‌കന്റെ മൃതദേഹം സംസ്‌കരിക്കാന്‍ എല്ലാവരും ഭയന്നുനില്‍ക്കെ അതിനു സ്വയം സന്നദ്ധരായ കുറച്ചു മുസ്‌ലിം യുവാക്കളെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. ആ യുവാക്കള്‍ ചെയ്തത് നല്ല കാര്യമല്ലേ. അങ്ങനെ ചെയ്തതിനു സങ്കടവും നിരാശയും തോന്നുന്നതു മനുഷ്യത്വരഹിതമല്ലേ തുടങ്ങിയ ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയരുമെന്നറിയാം.
 
ശരിയാണ്..., ഒരിക്കലും സങ്കടമോ നിരാശയോ ഉളവാക്കേണ്ട വാര്‍ത്തയല്ല അത്. ആ ദൗത്യമേറ്റെടുത്ത സന്നദ്ധപ്രവര്‍ത്തകരെ മനസ്സറിഞ്ഞു പ്രകീര്‍ത്തിക്കുകയും അവരുടെ പ്രവൃത്തിയില്‍ അഭിമാനം കൊള്ളുകയുമാണു വേണ്ടത്. തീര്‍ച്ചയായും ആ മനോഭാവം തന്നെയാണ് എനിക്കുമുള്ളത്. എന്നിട്ടും ആ വാര്‍ത്ത എന്നില്‍ നിരാശയും സങ്കടവുമുളവാക്കിയത് അതു പ്രസിദ്ധീകരിച്ചത് സുപ്രഭാതത്തിലല്ല എന്നതിനാലാണ്. ആ സല്‍പ്രവൃത്തി ചെയ്തത് കാളികാവിലെ വിഖായ പ്രവര്‍ത്തകരാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫിന്റെ സേവനസംഘടനയാണ് വിഖായ. അതുകൊണ്ടു തന്നെ ആ വാര്‍ത്ത ആദ്യം വരേണ്ടതും ഏറെ ഭംഗിയായി പ്രസിദ്ധീകരിക്കേണ്ടതും സമസ്തയുടെ ജിഹ്വയായ സുപ്രഭാതത്തിലാണ്.  എന്നാല്‍, ആ വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടതു മറ്റൊരു പത്രത്തിലാണ്, വളരെ മനോഹരമായിത്തന്നെ. വാര്‍ത്ത കണ്ടു കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാതൃകാപരമായ ആ സല്‍ക്കര്‍മം നടത്തിയ വിഖായസംഘത്തിന്റെ ലീഡറെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും അവരെ നേരില്‍ കാണണമെന്നും അവരോടൊപ്പം പ്രാതല്‍ കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. അത്രയും ഗുണഫലമുണ്ടാക്കിയ വാര്‍ത്ത കൈയില്‍ നിന്നു വിട്ടുപോയതിലുള്ള വിഷമം സുപ്രഭാതത്തിലെ ഓരോ പ്രവര്‍ത്തകനും സുപ്രഭാതത്തെ സ്‌നേഹിക്കുന്ന ഓരോ  വ്യക്തിക്കും ഉണ്ടാവുക സ്വാഭാവികമാണല്ലോ. 
 
എനിക്കുണ്ടായ നിരാശ വിവരിക്കലല്ല ഈ കുറിപ്പിന്റെ ലക്ഷ്യം, വിഖായ പ്രവര്‍ത്തകരുടെ നിസ്വാര്‍ഥത മറ്റുള്ളവരെ ബോധ്യപ്പെടുത്തലാണ്. തങ്ങള്‍ നടത്തിയ കര്‍ത്തവ്യം വാര്‍ത്തയാക്കി സമൂഹത്തിന്റെ കൈയടി നേടിയെടുക്കല്‍ വിഖായപ്രവര്‍ത്തകരുടെ ലക്ഷ്യമല്ലായിരുന്നു. അത്തരമൊരു താല്‍പ്പര്യം അവരില്‍ ആര്‍ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആ വാര്‍ത്ത എല്ലാ ചാനലുകളിലും പത്രങ്ങളിലും വരുത്താനാകുമായിരുന്നു അവര്‍ ആദ്യം ശ്രമിക്കുക. മിക്ക വ്യക്തികളും സംഘടനകളും ചെയ്യാറുള്ളത് അങ്ങനെയാണല്ലോ. തികച്ചും നിസ്സാരമായ കാര്യങ്ങള്‍ ചെയ്ത് അതു മഹത്തരമാണെന്നു പൊലിപ്പും തൊങ്ങലും വച്ചു എഴുതിപ്പിടിപ്പിച്ചോ പറഞ്ഞു ഫലിപ്പിച്ചോ മാധ്യമങ്ങളില്‍ നിറഞ്ഞു കൈയടി വാങ്ങാനാണ് ബഹുഭൂരിപക്ഷത്തിനും താല്‍പ്പര്യം. അത്തരം നിര്‍ഗുണ വാര്‍ത്തകളും ചിത്രങ്ങളും നിത്യേനയെന്നോണം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പ്പര്യം കാണിച്ചില്ലെങ്കില്‍ കാലുപിടിച്ചെങ്കിലും അവ വെളിച്ചം കാണിക്കാന്‍ പാടുപെടുന്ന സാമൂഹ്യപ്രവര്‍ത്തകരും ഏറെയാണ്.
 
ഇവിടെയാണ് വിഖായപ്രവര്‍ത്തകര്‍ വ്യത്യസ്തരാകുന്നത്. സത്യത്തില്‍ വിഖായപ്രവര്‍ത്തകര്‍ നടത്തിയ ആദ്യത്തെ മാതൃകാപരമായ പ്രവര്‍ത്തനമല്ല ഇത്, നൂറുകണക്കിന് മഹനീയ സേവനപ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ്. ഈ മഹാമാരിക്കാലത്തു തന്നെ കേരളത്തിലുടനീളം കൊവിഡ് ബാധിച്ചു മരിച്ച എത്രയെത്ര പേരുടെ മൃതദേഹം വിഖായപ്രവര്‍ത്തകര്‍ യഥാവിധി സംസ്‌കരിച്ചിട്ടുണ്ടെന്നറിഞ്ഞാല്‍ ആരും അവരെ ആദരിച്ചുപോകും.
 
ഇങ്ങനെ സംസ്‌കരിക്കപ്പെട്ടവരില്‍ മുസ്‌ലിംകളുണ്ടായിരുന്നു, ഹിന്ദുക്കളുണ്ടായിരുന്നു, ക്രിസ്ത്യാനികളുണ്ടായിരുന്നു, മലയാളികളല്ലാത്തവരും ധാരാളമുണ്ടായിരുന്നു. സമസ്തയെന്ന മുസ്‌ലിം സമുദായ സംഘടനയുടെ കീഴിലുള്ളതായതിനാല്‍ മുസ്‌ലിംകളുടെ മൃതദേഹം മാത്രമേ ശുദ്ധിവരുത്തി ഖബറടക്കൂ എന്ന നിലപാടൊന്നും വിഖായ പ്രവര്‍ത്തകരെടുത്തില്ല. മരിച്ച വ്യക്തിയുടെ ജാതിയും മതവും നോക്കാതെയാണു വിഖായ പ്രവര്‍ത്തകര്‍ സമഭാവത്തോടെ സ്വയം സന്നദ്ധരായി ചെന്നത്. മരിച്ച വ്യക്തിയുടെ മതവിശ്വാസമെന്തായിരുന്നോ അതിന്റെ ആചാരമര്യാദകള്‍ പാലിച്ചാണു സംസ്‌കാരം നടത്തിയിരുന്നത്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ സമീപത്തേയ്ക്കു ചെല്ലാന്‍ ഉറ്റബന്ധുക്കള്‍ പോലും ഭയന്ന സമയത്താണ് ഈ മാതൃകാപ്രവര്‍ത്തനമെന്നോര്‍ക്കണം. മരിച്ചയാളുകളുടെ ബന്ധുക്കളില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഒരു പ്രതിഫലവും അവര്‍ സ്വീകരിച്ചില്ല, ആഗ്രഹിച്ചുമില്ല. അത്തരമൊരു ഘട്ടത്തില്‍ സേവനസന്നദ്ധരായി ചെല്ലേണ്ടത് തങ്ങളുടെ കടമയാണെന്ന് അവര്‍ വിശ്വസിച്ചു. തങ്ങളുടെ സല്‍പ്രവൃത്തികള്‍ക്കുള്ള പ്രതിഫലം പരലോകത്ത് പടച്ചതമ്പുരാന്‍ നല്‍കുമെന്ന ഉറച്ചവിശ്വാസം അവര്‍ക്കുണ്ട്. വിഖായപ്രവര്‍ത്തകരുടെ ഈ മഹനീയപ്രവര്‍ത്തനങ്ങളുടെ മാറ്റു നോക്കേണ്ടത് ഉത്തരേന്ത്യയില്‍ നിന്ന്, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ നിന്ന് തുടര്‍ച്ചയായി കാണുകയും കേള്‍ക്കുകയും ചെയ്ത ചില വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ നൂറുകണക്കിനു മൃതദേഹങ്ങള്‍ ഗംഗയുള്‍പ്പെടെയുള്ള നദികളില്‍ ഒഴുകി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചായി വന്നതാണ്. നദീതീരങ്ങളില്‍ കൊണ്ടു തള്ളി മണലിട്ടു മറച്ച മൃതദേഹങ്ങള്‍ കാറ്റൊന്ന് ആഞ്ഞുവീശിയപ്പോള്‍ മണല്‍ മാറി പുറത്തു കാണാറായതും മാധ്യമങ്ങളില്‍ എല്ലാവരും കണ്ടതാണല്ലോ. ആ പ്രദേശങ്ങളിലും യുവാക്കളും സംഘടനകളും ധാരാളമുണ്ട്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന മുദ്രാവാക്യങ്ങളുമായി അത്തരം കര്‍മസേവകര്‍ ആയുധങ്ങളേന്തി പലപ്പോഴും തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്നതും ഇല്ലാത്ത കാരണം പറഞ്ഞു ജനങ്ങളെ തല്ലിക്കൊല്ലുന്നതും ദൃശ്യമാധ്യമങ്ങളില്‍ എത്രയോ വട്ടം കണ്ടതാണ്. ഗംഗാനദിയുലൂടെയും മറ്റും ശവങ്ങള്‍ എണ്ണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ അത്തരം കര്‍മസേവകന്മാര്‍ മുഖം തിരിച്ചുനില്‍ക്കുകയായിരുന്നു.
 
കേരളത്തിലുമുണ്ടല്ലോ നിരവധി രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക സംഘടനകള്‍. അവയ്‌ക്കെല്ലാം യുവജന സംഘടനകളും വിദ്യാര്‍ഥി സംഘടനകളുമുണ്ട്. അവയില്‍ എത്രയെണ്ണത്തിന് വിഖായ വളണ്ടിയര്‍മാരെപ്പോലെ തികച്ചും നിസ്വാര്‍ഥമായി ഇത്രയും വിപുലമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താനായി. പേരിന് എന്തെങ്കിലും ചെയ്തവര്‍ അതിലേറെ വാര്‍ത്ത സൃഷ്ടിച്ചു നിറഞ്ഞുനില്‍ക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. അത്തരക്കാരെല്ലാം കണ്ടുപഠിക്കേണ്ടതാണ് പ്രശസ്തിക്കോ പ്രതിഫലത്തിനോ അല്ലാതെ തുടര്‍ച്ചയായി വിഖായപ്രവര്‍ത്തകര്‍ നടത്തുന്ന ഈ ജീവകാരുണ്യ, മനുഷ്യത്വപ്രവര്‍ത്തനങ്ങള്‍.
 
ഇനി കേരള ഗവര്‍ണറെപ്പറ്റി. സ്ഥാനമേറ്റെടുത്ത കാലത്ത് അനാവശ്യവിവാദങ്ങള്‍ക്കു കേന്ദ്രബിന്ദുവായി മാറിയിരുന്ന വ്യക്തിയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പലപ്പോഴും അദ്ദേഹത്തിന്റെ പ്രവൃത്തികളോട് നീരസം തോന്നിയിട്ടുണ്ട്. എന്നാല്‍, കാളികാവിലെ വിഖായപ്രവര്‍ത്തകരുടെ മഹനീയ മാതൃകയെക്കുറിച്ചുള്ള വാര്‍ത്ത കണ്ടയുടന്‍ ആ സന്നദ്ധസംഘത്തിന്റെ ലീഡറെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും അവരെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ച് വല്ലാത്ത ആദരവു തോന്നി.  ഗവര്‍ണര്‍ അഭിനന്ദിച്ചാലുമില്ലെങ്കിലും വിഖായ പ്രവര്‍ത്തകര്‍ അവരുടെ സല്‍പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നതില്‍ സംശയമില്ല. എങ്കിലും, ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയുടെ നല്ല വാക്കുകള്‍ തീര്‍ച്ചയായും ആ വിഖായപ്രവര്‍ത്തകര്‍ ഭാവിയില്‍ നടത്തുന്ന ഓരോ സേവന, സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും വലിയ ഊര്‍ജ്ജമായിരിക്കുമെന്നതില്‍ സംശയമില്ല.  പ്രതിഫലേച്ഛയില്ലാതെ നിസ്വാര്‍ഥസേവനം ചെയ്യാന്‍ മറ്റുള്ളവര്‍ക്കും അതു പ്രചോദനാകും.
 
വിഖായപ്രവര്‍ത്തകരെ അനുമോദിച്ചു കൊണ്ടു ഗവര്‍ണര്‍ നടത്തിയ പ്രതികരണത്തിലെ ഒരു വാചകം ഉദ്ധരിച്ച്  ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ: 'മതസൗഹാര്‍ദത്തിന്റെ ഉത്തമമാതൃകയായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയാളികള്‍ക്ക് അഭിമാനമാണ്'.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago