HOME
DETAILS
MAL
മമ്പുറം മഖാം: ചരിത്രത്തിന് രണ്ടര നൂറ്റാണ്ട് തികയുമ്പോള്‍...
backup
August 08 2021 | 02:08 AM
നിയാസ് പി. മൂന്നിയൂര്
സയ്യിദ് അലവി തങ്ങളുടെ വിയോഗത്തിന് മുന്‍പുതന്നെ മമ്പുറം വിശ്വാസികളുടെ സന്ദര്‍ശനകേന്ദ്രമായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന്‍ സയ്യിദ് ഹസന്‍ ജിഫ്‌രിയുടെ ഖബറിടം സന്ദര്‍ശിക്കാനായി മമ്പുറം തങ്ങളുടെ കാലത്ത് തന്നെ, ജാതി മത ഭേദമന്യെ നിരവധി തീര്‍ഥാടകര്‍ എത്തിയിരുന്നുവെന്നാണ് ചരിത്രം. 1768ല്‍ തന്റെ 17-ാം വയസിലാണ് മമ്പുറം തങ്ങള്‍ മലബാറിലെത്തുന്നത്. സയ്യിദ് അലവി തങ്ങളാണ് തന്റെ അമ്മാവനായ സയ്യിദ് ഹസന്‍ ജിഫ്‌രിയുടെ മഖാം ആദ്യമായി വികസിപ്പിച്ചത്. 1770-71 കാലഘട്ടത്തിലായിരുന്നു അത്. ശേഷം മമ്പുറം തങ്ങളെ സന്ദര്‍ശിക്കാനെത്തിയ കറാച്ചിക്കാരനായ വ്യാപാരി തന്റെ ചെലവില്‍ മഖാം വീണ്ടും വിപുലപ്പെടുത്തി.
മമ്പുറം തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമായിരുന്ന ഹസന്‍ ബിന്‍ അലവി ജിഫ്‌രിയുടെ ചാരത്താണ് മമ്പുറം തങ്ങള്‍ക്ക് ഖബറിടം ഒരുക്കിയത്. ഇവര്‍ക്ക് പുറമെ അദ്ദേഹത്തിന്റെ പിതൃസഹോദര പുത്രന്‍ സയ്യിദ് മുഹമ്മദ് മൗലദ്ദവീല, മകള്‍ സയ്യിദ ശരീഫ അലവിയ്യ, ഭാര്യമാരായ ആയിശ മലബാരിയ്യ, ഇന്തൊനേഷ്യന്‍ സ്വദേശി സ്വാലിഹ തിമോരിയ്യ, സയ്യിദ ഫാതിമ മദനി, പൗത്രന്‍ അബ്ദുല്ല ജിഫ്‌രി, മകളുടെ ഭര്‍ത്താവ് അലി ബിന്‍ മുഹമ്മദ് മൗലദ്ദവീല, മകന്‍ ഫദ്ല്‍ പൂക്കോയ തങ്ങളുടെ ഭാര്യ സയ്യിദ മൈമൂന ഉമ്മുഹാനി എന്നിവരുടെ ഖബ്‌റുകളുമാണ് മഖാമിലുള്ളത്.
യമനിലെ ഹളര്‍മൗത്ത് പ്രവാചക കുടുംബ സരണിയിലെ ഒട്ടനവധി കുടുംബങ്ങള്‍ താമസ ഇടമാക്കിയിരുന്നു. മമ്പുറം തങ്ങളുടെ കുടുംബമായ ബാ അലവി കുടുംബവും ഇവിടെ തന്നെയായിരുന്നു. യമനില്‍ വളര്‍ന്ന് വികസിച്ച ഇവര്‍ പ്രബോധനാര്‍ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടന്നുചെന്ന കൂട്ടത്തില്‍ ഇന്ത്യയിലും മലബാറിലും എത്തുകയായിരുന്നു. അലവി കുടുംബത്തിലെ പ്രധാനിയായ സയ്യിദ് അലി ഹാമിദ് ബാ അലവിയാണ് ഇവരില്‍ നിന്ന് ആദ്യമായി മലബാറിലെത്തുന്നത്. കോഴിക്കോട് തുറമുഖത്ത് കപ്പലിറങ്ങിയവര്‍ പുതിയങ്ങാടിയിലാണ് താമസമാക്കിയത്. ബാ അലവി കുടുംബത്തിലെ മറ്റൊരു ശ്രേണിയായ ജിഫ്‌രി പരമ്പരയില്‍ നിന്ന് കേരളത്തിലെത്തുന്ന പ്രഥമരാണ് സയ്യിദ് ശൈഖ് ജിഫ്‌രി. ഇദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് മമ്പുറം തങ്ങളുടെ മാതുലന്‍ സയ്യിദ് ഹസന്‍ ജിഫ്‌രി മലബാറിലെത്തുന്നത്.
കൊയിലാണ്ടിയില്‍ താമസമാക്കിയിരുന്നവര്‍ പൊന്നാനിയില്‍ നിന്നാണ് വിദ്യാഭാസം നേടിയത്. പഠനാനന്തരം ധീരനേതാവായി വളര്‍ന്ന ഹസന്‍ ജിഫ്‌രിയുടെ സാമീപ്യം ബ്രിട്ടീഷ് ക്രൂരതകള്‍ക്ക് പാത്രമായ തിരൂരങ്ങാടിയിലെ ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുമെന്ന് മനസിലാക്കിയ ഖാസി ജമാലുദ്ധീന്‍ മഖ്ദൂം, അദ്ദേഹത്തെ തിരൂരങ്ങാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വിവാഹശേഷം തിരൂരങ്ങാടിയുടെ ഭാഗമായ മമ്പുറത്ത് സ്ഥിര താമസമാക്കുന്നതോടെയാണ് ഇവര്‍ മമ്പുറം തങ്ങന്മാരാകുന്നത്. അവര്‍ താമസിച്ചിരുന്ന സ്ഥലം തരീം എന്നാണ് അറിയപ്പെട്ടിരുന്നത്. അത് ലോപിച്ചാണ് ഇന്നറിയപ്പെടുന്ന തറമ്മല്‍ എന്നായി മാറിയത്. ഹസന്‍ ജിഫ്‌രിയുടെ വിയോഗാനന്തരം മമ്പുറത്തേക്ക് വരുന്ന സയ്യിദ് അലവി തങ്ങളുടെ ആദ്യ വിവാഹം ഹസന്‍ ജിഫ്‌രിയുടെ ഏക മകള്‍ ഫാത്വിമയുമായിട്ടായിരുന്നു. ബ്രിട്ടീഷ് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന തങ്ങള്‍ ചേറൂര്‍പടയില്‍ നേരിട്ട് പങ്കെടുത്തിരുന്നു. ഈ യുദ്ധത്തിലേറ്റ മുറിവാണ് തങ്ങളുടെ മരണത്തിന് കാരണമായത് എന്നും പറയപ്പെടുന്നുണ്ട്.
മമ്പുറം മഖാമില്‍ വ്യാഴാഴ്ചകള്‍ തോറും നടന്നുവരുന്ന സ്വലാത്ത് മജ്‌ലിസിന് രണ്ട് നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ടെന്നാണ് ചരിത്രം. മലബാറിലെ വിശ്വാസികളുടെ പ്രധാന ആത്മീയ സംഗമങ്ങളില്‍ ഒന്നുകൂടിയാണ് ഈ സ്വലാത്ത് സംഗമം. മമ്പുറം തങ്ങളുടെ മാതുലന്‍ സയ്യിദ് ഹസന്‍ ജിഫ്‌രി തങ്ങളുടെ മരണാനന്തരം മമ്പുറം തങ്ങള്‍ തന്നെ തുടങ്ങിവച്ച സ്വലാത്ത് മജ്‌ലിസ് ഇന്നുവരെ മുടങ്ങിയിട്ടില്ലെന്നാണ് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
മമ്പുറം തങ്ങള്‍ക്ക് ശേഷം പുത്രന്‍ സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങളായിരുന്നു മഖാമിന്റെ സാരഥ്യം വഹിച്ചിരുന്നത്. അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ നാടുകടത്തിയതോടെ സഹോദരി ശരീഫ കുഞ്ഞിബീവിയുടെ ഭര്‍ത്താവ് അലവി ജിഫ്‌രിയെ ഏല്‍പിക്കുകയായിരുന്നു. അങ്ങനെയാണ് മഖാമിന്റെ നടത്തിപ്പവകാശം ജിഫ്‌രി കുടുംബത്തിലെത്തുന്നത്. 1999ല്‍ നവംബറിലാണ് ജിഫ്‌രി കുടുംബം മഖാം ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റിയെ ഏല്‍പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."