മകനെ പെരുവഴിയിലാക്കി പൊലിസ് വലിച്ചിഴച്ചു, അപമര്യാദയായി പെരുമാറി; ദൃശ്യങ്ങള്‍ സഹിതം പരാതിയുമായി യുവതി
മലപ്പുറം: മഞ്ചേരി സബ് ഇന്‍സ്‌പെക്ടറും പൊലിസുകാരും തന്നോടും കുടുംബത്തോടും അപമര്യാദയായി പെരുമാറിയതായി യുവതിയുടെ പരാതി. കൂമംകുളം നെട്ടാടിയില്‍ അമൃത എന്‍ ജോസ് ആണ് പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പത്തോടെ മഞ്ചേരി-നിലമ്പൂര്‍ റൂട്ടിലാണ് സംഭവം. 10 വയസുകാരനായ കുട്ടി ഒപ്പമുണ്ടായിട്ടും പൊലീസ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അസഭ്യം പറഞ്ഞു. സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച സഹോദരങ്ങളില്‍ നിന്നും ബലം പ്രയോഗിച്ച് ഫോണ്‍ കൈക്കലാക്കി എന്നും പരാതിയില്‍ പറയുന്നു. പൊലീസ് തങ്ങളെ വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
യുവതി പറയുന്നതിങ്ങനെ:
ഒരു യാത്രയ്ക്കിടെ കടയില്‍ ചായകുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ പൊലിസുകാര്‍ അതിക്രമിച്ചുകയറി കാര്‍ പരിശോധിച്ചു. കാരണം ചോദിച്ചപ്പോള്‍ അസഭ്യംപറഞ്ഞു. ഇത് മൊബൈല്‍ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച അനുജന്റെ മൊബൈല്‍ഫോണ്‍ ബലംപ്രയോഗിച്ച് വാങ്ങി. ഞങ്ങള്‍ എന്താണ് കാരണമെന്ന് ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. അത് ചോദിച്ചതിന് വളരെ മോശമായിട്ട് പ്രതികരിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം എത്തി. തന്നെയും അനുജന്മാരെയും വലിച്ചിഴച്ച് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തന്റെ പത്ത് വയസുള്ള മകനെ റോഡില്‍ നിര്‍ത്തിയാണ് തങ്ങളെ കൊണ്ടുപോയത്. പുലര്‍ച്ചെ മൂന്നുമണിവരെ മകനെ കാണാന്‍ പോലും അനുവദിച്ചില്ലെന്നും അവര്‍ പറഞ്ഞു.
മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. ടൗണില്‍ ലഹരി സംഘങ്ങളുടെ സാന്നിധ്യം സജീവമായുള്ള ഭാഗത്താണ് രാത്രി സമയത്ത് കാര്‍ പാര്‍ക്ക് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കാന്‍ ചെന്നപ്പോള്‍ തടഞ്ഞതുകൊണ്ടാണ് യുവതിയെ അടക്കം കസ്റ്റഡിയില്‍ എടുക്കേണ്ടി വന്നതെന്നും മഞ്ചേരി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."