പട്ടികജാതി ക്ഷേമപദ്ധതികളില്‍നിന്ന് തട്ടിയത് 1.04 കോടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വഴി പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന ക്ഷേമപദ്ധതികളില്‍ നടന്നത് ഒരുകോടി നാല് ലക്ഷം രൂപയുടെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പട്ടികജാതി വകുപ്പ് നടത്തിയ ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്.
75 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നായിരുന്നു പൊലിസിന്റെ പ്രാഥമിക കണ്ടെത്തല്‍. പ്രധാന പ്രതിയായ എല്‍.ഡി ക്ലര്‍ക്ക് യു.ആര്‍ രാഹുലിന്റെയും സുഹൃത്തുക്കളുടെയും 24 അക്കൗണ്ടുകളിലേക്കാണ് പണം വകമാറ്റിയതെന്നും ഓഡിറ്റില്‍ കണ്ടെത്തി.
വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിര്‍മാണം, ചകിത്സാ സഹായം, വെള്ളപ്പൊക്ക സഹായം എന്നിവയ്ക്ക് പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്‍കാനുള്ള ധനസഹായത്തിലാണ് തട്ടിപ്പ് നടന്നത്. പട്ടികജാതി വകുപ്പില്‍ നിന്ന് നഗരസഭയില്‍ ഡെപ്യൂട്ടേഷനിലെത്തിയ എല്‍.ഡി ക്ലര്‍ക്ക് രാഹുലും എസ്.സി പ്രൊമോട്ടര്‍മാരും ചേര്‍ന്നാണ് പണം തട്ടിയത്. അപേക്ഷകരുടെ പേരുണ്ടെങ്കിലും അക്കൗണ്ട് നമ്പറുകളെല്ലാം രാഹുലിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമാണ്. വിവിധ പദ്ധതികള്‍ വഴി അര്‍ഹരുടെ കൈകളിലെത്തേണ്ട 1,04,72,600 രൂപയാണ് പ്രതികള്‍ വകമാറ്റിയത്.
180 അപേക്ഷകരുടെ പണം തട്ടിയെടുത്തുവെന്നാണ് വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
എന്നാല്‍, തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മുഖ്യപ്രതി രാഹുല്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. അര്‍ഹരായ അപേക്ഷകരെ പല കാരണങ്ങള്‍ പറഞ്ഞ് മടക്കി അയച്ചശേഷം അവരുടെ പേരില്‍ പണം ചില അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ അക്കൗണ്ടുകളുടെ വിവരങ്ങള്‍ അറിയാന്‍ അപേക്ഷകരുടെയെല്ലാം മൊഴിയെടുക്കേണ്ടിവരുമെന്ന് പൊലിസ് പറഞ്ഞു.
2016 മുതല്‍ 2020 നവംബര്‍ വരെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷിച്ചവരുടെ വിവരങ്ങള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്. ട്രഷറിയില്‍ നിന്നുള്ള പണമിടപാടിന്റെ രേഖകളും പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."