മുഈനലി തങ്ങളെ അധിക്ഷേപിച്ച റാഫിയെ മുസ്ലിം ലീഗ് സസ്പെന്‍ഡ് ചെയ്തു
മുഈനലി തങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി
ചര്‍ച്ചയുടെ വിശദാംശം ഹൈദരലി തങ്ങളെ അറിയിക്കും
പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നു സാദിഖലി തങ്ങള്‍
മലപ്പുറം: പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് നേരെ മുസ്ലിം ലീഗ് ഓഫിസില്‍ വച്ച് പ്രകോപനപരമായി പെരുമാറിയ റാഫി പുതിയകടവിനെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗത്തിന്റേതാണ് തീരുമാനം.
കോഴിക്കോട് ലീഗ് ഹൗസില്‍ മുഈനലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റായിരുന്നുവെന്നു യോഗം വിലയിരുത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും യോഗത്തിനു ശേഷം ജനറല്‍ സെക്രട്ടറി പി.എം.എ സലാം മാധ്യമങ്ങളോട് വിശദീകരിച്ചു.
മുഈനലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത് ഉചിതമായില്ലെന്നാണ് കുടുംബത്തിന്റെ വിലയിരുത്തലെന്നു സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഒറ്റക്ക് അഭിപ്രായം പറയുന്നതിനു പകരം കൂട്ടായ ചര്‍ച്ചയിലെടുക്കുന്ന തീരുമാനം കുടുംബ കാരണവരാണ് ആധികാരികമായി അറിയിക്കാറുള്ളത്. ഇതാണ് പാണക്കാട് കുടുംബത്തിന്റെ കീഴ്വഴക്കം. ഇക്കാര്യം മുഈനലി ശിഹാബ് തങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ധരിപ്പിക്കുമെന്നും തുടര്‍ന്ന് അദ്ദേഹം തന്നെയാണ് അന്തിമ തീരുമാനം അറിയിക്കുകയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണിയൊന്നും തങ്ങള്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും കെ.ടി ജലീലിന്റെ അഭിപ്രായത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തങ്ങള്‍ പ്രതികരിച്ചു. ചന്ദ്രികാ ദിനപത്രത്തിനെതിരേ വരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും മുസ്ലിം ലീഗില്‍ വിഭാഗീയതയില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഉന്നതാധികാര സമിതി യോഗത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഉന്നതാധികാര സമിതി അംഗങ്ങളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുല്‍വഹാബ്, പി.എം.എ സലാം,കെ.പി.എ മജീദ്, ഡോ. എം.കെ മുനീര്‍ എന്നിവരും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ബശീറലി ശിഹാബ് തങ്ങള്‍, റശീദലി ശിഹാബ് തങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."