ഒളിംപിക്സ് ഫുട്ബോള്‍: ബ്രസീല്‍ ജേതാക്കള്‍
ടോക്കിയോ: ഒളിംപിക്സ് പുരുഷ ഫുട്ബോളിലെ രാജപദവി വിട്ടുതരാന്‍ ഒരുക്കമല്ലെന്ന് തെളിയിച്ച് ഡാനി ആല്‍വസും സംഘവും. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും സ്വര്‍ണം നേടിയാണ് ബ്രസീല്‍ വീണ്ടും കരുത്തു തെളിയിച്ചത്.
ഫൈനലില്‍ ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവില്‍ ശക്തരായ സ്പെയിനിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കാനറിപ്പട തകര്‍ത്തുവിട്ടത്. വാശിയേറിയ പോരാട്ടത്തിനാണ് ഇന്നലെ യോകഹാമ ഇന്റര്‍ നാഷനല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തിലുടനീളം ആധിപത്യം കാണിച്ചത് ബ്രസീലായിരുന്നു. ആദ്യ പകുതിയില്‍ തന്നെ സ്പെയില്‍ ഗോള്‍മുഖത്ത് തുടരെ ആക്രമണം അഴിച്ചുവിട്ട ബ്രസീലിന് അനുകൂലമായി 38ാം മിനുട്ടില്‍ പെനാല്‍ട്ടി ലഭിച്ചു. പക്ഷേ പെനാല്‍റ്റി കിക്കെടുത്ത ബ്രസീലിന്റെ സൂപ്പര്‍താരം റിച്ചാര്ലിസന് പിഴച്ചു. പന്ത് ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നു.
അതികം വൈകാതെ തന്നെ ബ്രസീല്‍ അര്‍ഹിച്ച ഗോള്‍ കണ്ടെത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച അവസരം കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് മതേയസ് കുനിയയാണ് ബ്രസീലിന് മുന്‍തൂക്കം നല്‍കിയത്. 61ാം മിനുട്ടില്‍ മനോഹരമായ വോളിയിലൂടെ മൈക്കല്‍ ഒയര്‍സബല്‍ സ്പെയിനിനെ ഒപ്പമെത്തിച്ചു. പിന്നീട് തുടരെ ആക്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സ്പെയിന് ബ്രസീല്‍ ഗോള്‍മുഖത്ത് ഭീതി പരത്തിയെങ്കിലും എക്സ്ട്രാ ടൈമില്‍ മാല്‍കോം നേടിയ ഗോളില്‍ ബ്രസീല്‍ വിജയം ഉറപ്പിച്ചു.
ഒളിംപിക്സില്‍ ബ്രസീലിന്റെ രണ്ടാം സ്വര്‍ണമാണിത്. 2016 റിയോ ഒളിംപിക്സില്‍ ജര്‍മനിയെ തകര്‍ത്താണ് ബ്രസീല്‍ സ്വര്‍ണം നേടിയിരുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ വിജയം.
അഞ്ച് തവണ ഒളിംപിക്സ് ഫൈനലിലെത്തിയ ബ്രസീലിന് മൂന്ന് തവണയും വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."