നാലുവർഷം കൊണ്ട് കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കും: മന്ത്രി
തിരുവനന്തപുരം • 2026 ഓടെ കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനാകുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
ശുചിത്വമിഷൻ, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത്, നഗരസഞ്ചയ, വേസ്റ്റ് ടു എനർജി തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ഈ നേട്ടം കൈവരിക്കാൻ കഴിയും. മാലിന്യ സംസ്‌കരണ രംഗത്ത് ഏകോപിതമായ പ്രവർത്തനം ഉറപ്പാക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത യോഗത്തിൽ തീരുമാനമായി. ദ്രവമാലിന്യരംഗത്ത് പ്രത്യേക ഇടപെടൽ നടത്താനും മന്ത്രി നിർദേശിച്ചു.
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നുവരുന്ന മാലിന്യ സംസ്‌കരണ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശം നൽകി.
മാലിന്യ സംസ്‌കരണ മേഖലയിൽ ലഭ്യമായ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയും സംവിധാനങ്ങളും പരിചയപ്പെടുത്താനുള്ള അന്താരാഷ്ട്ര ടെക്‌നിക്കൽ കോൺക്ലേവ് ജനുവരിയിൽ എറണാകുളത്ത് നടക്കുമെന്നും മന്ത്രി അറിയിച്ചു.
ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും പ്രതിമാസ വേതനമായി ഹരിതകർമ്മസേനാ അംഗങ്ങൾക്ക് ഉറപ്പാക്കും. മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമെല്ലാം സ്മാർട്ട് ഗാർബേജ് ആപ്പ് വഴിയുള്ള നിരീക്ഷണം ഫലപ്രദമായി നടപ്പിലാക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കും അടിയന്തരമായി സ്മാർട്ട് ഗാർബേജ് ആപ്പിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, നഗരകാര്യ ഡയറക്ടർ അരുൺ കെ. വിജയൻ, ശുചിത്വമിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.ടി ബാലഭാസ്‌കർ, കെ.എസ്.ഡബ്ല്യൂ.എം.പി എം.ഡി ഡോ. അദീലാ അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."