വിദേശയാത്ര: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം • വിദേശ യാത്രയുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്ക് മറുപടിയുമായെത്തിയ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തന്റെയും മന്ത്രിമാരുടെയും വിദേശ സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതും യാഥാർഥ്യവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു വിദേശ യാത്രകൊണ്ടും കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല. എന്തെങ്കിലും നടത്തിയെന്ന് പറയാനുള്ള തട്ടിക്കൂട്ട് പ്രഖ്യാപനങ്ങൾ മാത്രമാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യു.കെയിലേക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത് യു.കെയും കേരളവും തമ്മിൽ ധാരണാപത്രം ഒപ്പിട്ടെന്നാണ്. എന്നാൽ ഇതുമാറ്റി യു.കെയിലെ സ്റ്റാറ്റ്യൂട്ടറി സ്ഥാപനവുമായി ധാരണാപത്രം ഒപ്പുവച്ചുവെന്ന് തിരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. മുമ്പും പലതവണ വിദേശ യാത്ര നടത്തിയപ്പോഴും പല പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തിയിരുന്നു.
എന്നാൽ പ്രഖ്യാപനങ്ങളിലെ ഒരു പദ്ധതി പോലും നടപ്പാക്കാൻ സാധിച്ചിട്ടില്ല. റൂം ഫോർ റിവർ പദ്ധതിക്ക് പകരം കേരളത്തെ വെള്ളത്തിൽ മുക്കിക്കൊല്ലുന്ന സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. പക്ഷെ സർക്കാർ ചെലവിൽ വിദേശയാത്ര നടത്തുമ്പോൾ സംസ്ഥാനത്തിന് അതിലൂടെ എന്തുനേട്ടമാണ് ഉണ്ടായതെന്ന പ്രോഗ്രസ് റിപ്പോർട്ട് വയ്ക്കാൻ തയാറാവണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."