കിളികൊല്ലൂര്‍ സ്റ്റേഷന്‍ ആക്രമണ കേസ് പൊലിസിന്റെ തിരക്കഥ; സൈനികനേയും സഹോദരനേയും തല്ലിച്ചതച്ചു, വ്യാജ കേസില്‍ 12 ദിവസം ജയിലില്‍ കിടത്തിയെന്നും കണ്ടെത്തല്‍
കൊല്ലം: കിളികൊല്ലൂര്‍ പൊലിസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ചേര്‍ന്ന് അക്രമണം നടത്തിയെന്ന കേസില്‍ വഴിത്തിരിവ്. കിളികൊല്ലൂര്‍ പൊലിസ് സ്റ്റേഷനില്‍ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതികളെ കാണാന്‍ വന്ന സൈനികനും സഹോദരനും പൊലിസിനെ ആക്രമിച്ചുവെന്ന കേസ് വ്യാജമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി.
കൊല്ലം സെപെഷ്യല്‍ ബ്രാഞ്ച് എ.സി.പി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലിസിന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയത്. തുടര്‍ന്ന് കിളികൊല്ലൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്.ഐ അനീഷ്, എ.എസ്.ഐ പ്രകാശ് ചന്ദ്രന്‍, സി.പി.ഒ ദിലീപ് എന്നിവരെ സ്ഥലം മാറ്റി.
സൈനികനേയും സഹോദരനെയും ക്രൂര മര്‍ദനത്തിന് ഇരയാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കള്ളക്കേസ് ഉണ്ടാക്കി ഇരുവരെയും ജയിലില്‍ അടയ്ക്കുകയായിരുന്നു. എസ്‌ഐയുടെ നേതൃത്വത്തില്‍ ക്രൂരമായ മര്‍ദ്ദനമാണ് നടന്നത്. കേസിനെ തുടര്‍ന്ന് സൈനികനായ വിഷ്ണുവിന്റെ വിവാഹവും മുടങ്ങിയിരുന്നു.
സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് സംഭവം. എം.ഡി.എം.എയുമായി നാലുപേര്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് സൈനികന്റെ സഹോദരന്‍ വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്‌നേഷ് ജാമ്യം നില്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്‌നേഷും ഒരു പൊലിസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തി. ആ സമയത്ത് രണ്ടുപേരെയും പൊലിസുകാര്‍ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു.
പിന്നീടാണ് പൊലിസിന്റെ തിരക്കഥ. ഇങ്ങനെ എംഡിഎംഎ കേസിലെ പ്രതികള്‍ക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പൊലിസിനെ ആക്രമിച്ചെന്നും എഎസ്‌ഐയെ പരുക്കേല്‍പ്പിച്ചെന്നുമായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്താ കുറിപ്പും പുറത്തിറക്കി. 12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്‌നേഷിനും ജയിലില്‍ കഴിയേണ്ടിവന്നത്. ജാമ്യത്തില്‍ ഇറങ്ങിയ ഇരുവരും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ പൊലീസുണ്ടാക്കിയ നാടകമാണ് നിരപരാധികളെ കുടുക്കിയതെന്ന് തെളിഞ്ഞു. സ്റ്റേഷനില്‍ നടന്നത് മൂന്നാം മുറയാണെന്ന് വിഘ്‌നേഷ് പറഞ്ഞു.
സ്റ്റേഷനില്‍ നടന്നത് ക്രൂരമായ പീഡനമാണെന്ന് ബോധ്യമാകുന്നതാണ് ഇവരുടെ ശരീരത്തെ പാടുകള്‍. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണത്തിനിടെ പരിശോധിച്ചിരുന്നു. തുടര്‍ന്ന് എസ്‌ഐയെയും രണ്ട് പൊലിസുകാരെയും സ്ഥലം മാറ്റി. പൊലിസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."