മഴയില്‍ മുങ്ങി വീണ്ടും ബംഗളൂരു; നഗരം വെള്ളത്തിനടിയില്‍, മതിലിടിഞ്ഞു, നിരവധി വാഹനങ്ങള്‍ തകര്‍ന്നു
ബംഗളൂരു: ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തിനടിയിലായി. നഗരത്തിന്റെ കിഴക്ക്, തെക്ക്, മധ്യ ഭാഗങ്ങളിലും ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും വെള്ളം കയറി. പല റോഡുകളും വാഹനങ്ങളും വെള്ളത്തിലായി. വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
മജസ്റ്റിക്കിന് സമീപം മതിലിടിഞ്ഞ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. റോഡുകള്‍ വെള്ളത്തിനടിയിലായതിന്റെയും മാന്‍ഹോളുകളിലേക്കും ബേസ്‌മെന്റ് പാര്‍ക്കിങ്ങുകളിലേക്കും വെള്ളം ഒഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപ്രതീക്ഷിതമായി വെള്ളം എത്തിയതോടെ നിരവധിപ്പേരുടെ വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്.
നഗരത്തിന്റെ വടക്കുള്ള രാജമഹല്‍ ഗുട്ടഹള്ളിയില്‍ 59 മില്ലീമീറ്റര്‍ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്നു ദിവസത്തേക്ക് ബെംഗളൂരു നഗരത്തില്‍ കനത്ത മഴ പെയ്യാനാണ് സാധ്യത. ഇത് മുന്‍ നിര്‍ത്തി നഗരത്തില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എച്ച്എഎല്‍ എയര്‍പോര്‍ട്ട്, മഹാദേവപുര, ദൊഡ്ഡനെകുണ്ടി, സീഗേഹള്ളി തുടങ്ങിയ നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ 6080 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മിക്കയിടത്തും രാത്രി 8 മണിക്കും അര്‍ധരാത്രിക്കും ഇടയിലാണ് കനത്ത മഴ പെയ്തതെന്നും കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഏഴരയോടെയായിരുന്നു നഗരത്തില്‍ മഴ പെയ്തത്. ഇതോടെ ഓഫിസുകളില്‍ നിന്ന് തിരികെ വീട്ടിലേയ്ക്ക് മടങ്ങിയവരില്‍ പലരും മെട്രോ സ്‌റ്റേഷനുകളിലടക്കം കുടുങ്ങി. കനത്ത മഴയില്‍ മജസ്റ്റിക്കിന് സമീപം മതില്‍ ഇടിഞ്ഞുവീണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നാല് കാറുകള്‍ക്കും രണ്ട് ബൈക്കുകള്‍ക്കുമാണ് കേടുപാടുകള്‍ സംഭവിച്ചത്.
കഴിഞ്ഞമാസമുണ്ടായ അതിശക്തമായ മഴയില്‍ ബംഗളൂരു നഗരം ഏറക്കുറേ പൂര്‍ണമായും വെള്ളത്തിലായിരുന്നു. നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. അതുപോലെ വീടുകളിലും മറ്റം വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."