'എനിക്ക് തെറ്റ് പറ്റി' ഇമെയില്‍ വിവാദത്തില്‍ ഇന്ത്യന്‍ വംശജയായ യു.കെ ആഭ്യന്തര സെക്രട്ടറി രാജിവച്ചു
ലണ്ടന്‍: ഇമെയില്‍ വിവാദത്തെ തുടര്‍ന്ന് യു.കെ ആഭ്യന്തര സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ സുയെല്ല ബ്രവര്‍മാന്‍ രാജിവെച്ചു. പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകന് ഔദ്യോഗിക രേഖ അയക്കാന്‍ തന്റെ സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചതാണ് രാജിക്ക് വഴിവെച്ചത്.
തനിക്ക് പിഴവ് സംഭവിച്ചെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും രാജിക്കത്തില്‍ സുയെല്ല വ്യക്തമാക്കി. ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ ഇമെയില്‍ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ചട്ടത്തിന് എതിരാണ്.
ആഭ്യന്തര സെക്രട്ടറി ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ ഇമെയല്‍ ഉപയോഗിച്ച സംഭവം പ്രധാനമന്ത്രി ലിസ് ട്രസിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് സുയെല്ല സ്ഥാനമൊഴിഞ്ഞത്. സുയെല്ല ബ്രവര്‍മാന് പകരം മുന്‍ ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്‌സിനെ പുതിയ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സെപ്തംബര്‍ ആറിന് പ്രധാനമന്ത്രിയായി അധികാരമേറ്റ ലിസ് ട്രസ് ആണ് ആഭ്യന്തര സെക്രട്ടറി പദത്തിലേക്ക് സുയെല്ല ബ്രവര്‍മാനെ നാമനിര്‍ദേശം ചെയ്തത്. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ അറ്റോണി ജനറലായിരുന്നു സുയെല്ല.
ഫേര്‍ഹാം മണ്ഡലത്തില്‍ നിന്നാണ് കണ്‍സര്‍വേറ്റീവ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി പദത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയായിരുന്നു സുയെല്ല. ഇന്ത്യന്‍ വംശജ പ്രീതി പട്ടേലായിരുന്നു മുമ്പ് ഈ സ്ഥാനത്തിരുന്നത്.
സുയെല്ലയുടെ പിതാവ് ഗോവന്‍ സ്വദേശിയായ ക്രിസ്റ്റി ഫെര്‍ണാണ്ടസും മാതാവ് തമിഴ്‌നാട് സ്വദേശിയായ ഉമയുമാണ്. 1960കളിലാണ് ഉമ ബ്രിട്ടനിലേക്ക് കുടിയേറിയത്. പിതാവ് കെനിയയില്‍ നിന്നാണ് ബ്രിട്ടനിലെത്തിയത്.
കേംബ്രിജ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദം നേടിയ സുയെല്ല സഹപാഠിയായ റെയല്‍ ബ്രവര്‍മാനെ 2018ല്‍ വിവാഹം കഴിച്ചു. രണ്ട് മക്കളുണ്ട്. ബുദ്ധമത വിശ്വാസിയായ സുയെല്ല ബ്രിട്ടനിലെ ബുദ്ധമത കേന്ദ്രങ്ങളിലെ സ്ഥിരം സന്ദര്‍ശകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."