സി.പി.എം സമ്മേളനത്തിരക്കിലേക്ക്; പ്രതിനിധികളുടെ എണ്ണംകുറയ്ക്കും
ഇ.പി മുഹമ്മദ്
കോഴിക്കോട്: ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചതോടെ സി.പി.എം സമ്മേളന നടപടികളിലേക്ക് കടക്കുന്നു.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആതിഥേയ സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ ബ്രാഞ്ച് മുതല്‍ സംസ്ഥാനതലം വരെയുള്ള സമ്മേളനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ആലോചന. കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിനിധികളുടെ എണ്ണംകുറച്ചാവും സമ്മേളനങ്ങള്‍ നടത്തുക. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി അംഗത്വ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അവലോകന യോഗങ്ങള്‍ സി.പി.എം പൂര്‍ത്തിയാക്കിയിരുന്നു.
കൊവിഡ് വ്യാപനം കൂടിയില്ലെങ്കില്‍ സെപ്റ്റംബറില്‍ സമ്മേളനങ്ങള്‍ തുടങ്ങാനാണ് തീരുമാനം. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ബ്രാഞ്ച് സമ്മേളനങ്ങളും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലോക്കല്‍, ഏരിയ സമ്മേളനങ്ങളും പൂര്‍ത്തിയാക്കും. ജനുവരിയില്‍ ജില്ലാ സമ്മേളനങ്ങളും ഫെബ്രുവരിയില്‍ സംസ്ഥാനസമ്മേളനവും നടത്തും. ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസോടെ സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കും.
ലോക്കല്‍ സമ്മേളനം മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വരെ പ്രതിനിധികളുടെ എണ്ണംകുറയ്ക്കും.
ഓരോ സമ്മേളനത്തിലും എത്രകണ്ട് പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിക്കും. ബ്രാഞ്ച് സമ്മേളനങ്ങളില്‍ മുഴുവന്‍ അംഗങ്ങളെയും കൊവിഡ് മാനദണ്ഡം പാലിച്ച് പങ്കെടുപ്പിക്കും. 20ല്‍ താഴെ അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ ബ്രാഞ്ചുകളില്‍ പ്രതിനിധികളെ കുറയ്‌ക്കേണ്ടതില്ല.
അംഗത്വത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം സമ്മേളനങ്ങളിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആരംഭിച്ച് ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസോടെ പൂര്‍ത്തീകരിക്കേണ്ട നടപടിക്രമം ഒരുവര്‍ഷം വൈകിയാണ് നടക്കുന്നത്. കേരളത്തിലെയും ബംഗാളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്താണ് സമ്മേളനങ്ങള്‍ നീട്ടിവച്ചത്.ജൂണില്‍ സമ്മേളന നടപടികള്‍ ആരംഭിക്കാനിരുന്നെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും നീട്ടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."