നഗരസഭയുടെയും കുടുംബശ്രീയുടെയും പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് മന്ത്രി
തിരുവനന്തപുരം: നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിന് തിരുവനന്തപുരം നഗരസഭയും കുടുംബശ്രീയും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍.
കരിമഠം കോളനിയിലെ 72 ഫ്‌ളാറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കുടുംബശ്രീയുടെയും സഹായത്തോടെയാണ് ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയില്‍ ( എന്‍.യു.എല്‍.എം) ഉള്‍പ്പെടുത്തി നഗരസഭ പദ്ധതി പൂര്‍ത്തിയാക്കിയത്.
എന്‍.യു.എല്‍.എം പദ്ധതിയിന്‍കീഴില്‍ ഗുണഭോക്താക്കള്‍ക്ക് പാര്‍പ്പിടം കൈമാറുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയാണ് കരിമഠം കോളനിയിലേത്. ഓരോരുത്തര്‍ക്കും 350 ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്ന ഭവനങ്ങളാണ് കൈമാറിയത്. ഓരോ ഫ്‌ളാറ്റിലും ഒരു സ്വീകരണ മുറിയും അടുക്കളും ടോയ്‌ലറ്റുമുണ്ട്. 6.3 കോടി രൂപ ചിലവില്‍ അര്‍ബന്‍ ഹൗസിംഗ് മിഷന്‍ ഏഴു മാസം കൊണ്ടാണ് ഫ്‌ളാറ്റിന്റെ
നിര്‍മാണം പൂര്‍ത്തിയാക്കിയത്. 41.5 സെന്റ് വരുന്ന വസ്തുവില്‍ 2342 ചതുരശ്ര മീറ്ററിലാണ് 72 ഗുണഭോക്താക്കള്‍ക്കായുള്ള ഭവന സമുച്ഛയം നിര്‍മ്മിച്ചിട്ടുള്ളത്.
മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അധ്യക്ഷനായ ചടങ്ങില്‍ നികുതി അപ്പീല്‍കാര്യ ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷ് സ്വാഗതം ആശംസിച്ചു. ഭവനങ്ങളുടെ താക്കോല്‍ദാനം വി.എസ്.ശിവകുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ് പദ്ധതി വിശദീകരണം നടത്തി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വഞ്ചിയൂര്‍ പി.ബാബു, ആര്‍.ഗീത ഗോപാല്‍, കെ.ശ്രീകുമാര്‍, സഫീറാ ബീഗം, അഡ്വ.ആര്‍.സതീഷ്‌കുമാര്‍, എസ്.ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ അഡ്വ.ഗിരികുമാര്‍, ഡി.അനില്‍കുമാര്‍, ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ചീഫ് എന്‍ജിനിയര്‍ സോളമന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി എം.നിസാറുദ്ദീന്‍ നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."