HOME
DETAILS
MAL
മുഅമ്മര്‍ ഗദ്ദാഫിയുടെ ദാരുണാന്ത്യത്തിന് പതിറ്റാണ്ട് പിന്നിടുമ്പോള്‍
backup
October 20 2022 | 09:10 AM
ദുബൈ: മുല്ലപ്പൂവിപ്ലവത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ ഏകാധിപതികള്‍ക്കെതിരേ നടന്ന ജനകീയ മുന്നേറ്റങ്ങള്‍ ചരിത്രമാണ്. ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ ദാരുണ അന്ത്യത്തിന് 11 വര്‍ഷം പിന്നിടുന്നു.
നാലരപ്പതിറ്റാണ്ടു കാലത്തോളം രാജ്യത്തെ ഭരിച്ച ഗദ്ദാഫിയുടെ അന്ത്യം അതീവ ദയനീയമായിരുന്നു. ദേശീയ പരിവര്‍ത്തന സേനയെന്ന ലിബിയന്‍ വിപ്ലവകാരികളാണ് സ്വന്തം നാടായ സില്‍ത്തിലെ ഒരു ഓടയ്ക്കുള്ളില്‍ നിന്നും ഗദ്ദാഫിയെ പിടിച്ചു കൊണ്ടുവരുന്നത്. സിര്‍ത്തില്‍ 2011 ഒക്ടോബര്‍ 20നായിരുന്നു ഇദ്ദേഹത്തെ വധിച്ചത്.
ഉത്തരാഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ 1942 ജൂണിലാണ് ഗദ്ദാഫി ജനിച്ചത്. സിര്‍ത്ത് മരുഭൂമിയിലെ ബദൂവിയന്‍ ഗോത്രത്തില്‍ ജനിച്ച ഇദ്ദേഹം ഗ്രീസിലും ബ്രിട്ടനിലുമുള്ള സൈനിക അക്കാദമികളില്‍ പഠിച്ചു. പിന്നീട് ലിബിയന്‍ സൈന്യത്തിലെ കേണലായി.1969ല്‍ പട്ടാള വിപ്ലവം നടത്തി അധികാരമേറ്റെടുത്തു.
ഒരു കാലത്ത് ഗ്രീസിന്റെയും റോമിന്റെയും തുര്‍ക്കിയുടെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന ലിബിയ ഖദ്ദാഫിയുടെ ഭരണകാലഘട്ടത്തിലാണ് അഭിവൃദ്ധി പ്രാപിച്ചത്. സ്വന്തം ജനങ്ങളാല്‍ കൊല്ലപ്പെടുന്നതുവരേയും രാജ്യം വിട്ട് ഒളിച്ചോടാന്‍ ഗദ്ദാഫി തയാറായിരുന്നില്ല.
ഏകദേശം ആറുമാസക്കാലം നീണ്ട പ്രക്ഷോഭത്തിനൊടുവില്‍ മക്കളില്‍ ചിലര്‍ കൊല്ലപ്പെട്ടപ്പോഴും അദ്ദേഹം പിടിച്ചു നിന്നു. സ്വന്തം ഗ്രാമത്തില്‍ തനിക്ക് അഭയം ലഭിക്കുമെന്ന വിശ്വാസത്തില്‍ അവിടേക്ക് പുറപ്പെടുകയും എന്നാല്‍ നാറ്റോയുടെ ആക്രമണത്തില്‍ അദ്ദേഹം പെടുകയുമായിരുന്നു.
നെറ്റിയില്‍ മുറിവേറ്റ് ചോരയൊലിക്കുന്ന ഗദ്ദാഫി അവിടെയുള്ള ഒരു മലിനജലക്കുഴലില്‍ അഭയം തേടി. എന്നാല്‍ പ്രക്ഷോഭകര്‍ അദ്ദേഹത്തെ പിടിച്ചിറക്കിക്കൊണ്ടുവരികയും മര്‍ദ്ദിക്കുകയും പിന്നീട് വെടിവെച്ച് കൊല്ലുകയുമായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അന്ന പുറത്തു വന്നിരുന്നു.
കൂടെ കൊല്ലപ്പെട്ട മകന്‍ മുംതാസിമിന്റെയും ഗദ്ദാഫിയുടെയും മൃതദേഹം ലിബിയന്‍ നഗരമായ മിസ്രാത്തയിലെ ഒരു ചന്തയോടൊപ്പമുള്ള കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചു. 2011 ഒക്ടോബര്‍ 24ന് അര്‍ധരാത്രി മരുഭൂമിലെ രഹസ്യകേന്ദ്രത്തില്‍ സംസ്‌കരിക്കുകയായിരുന്നു.
അമേരിക്കയുമായി സ്ഥിരമായി ഖദ്ദാഫി ഇടഞ്ഞിരുന്നു. ഈ കാരണത്താല്‍ തന്നെ അദ്ദേഹം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.യുഎന്‍ പൊതുസമ്മേളനത്തിലുള്‍പ്പെടെ ലോക സമ്മേളനങ്ങളില്‍ പ്രത്യേക വേഷത്തോടെ എത്തുന്ന ഗദ്ദാഫി എന്നും ശ്രദ്ധേയനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."