കരിപ്പൂര്‍ സ്വര്‍ണക്കടത്ത് അന്വേഷണസംഘത്തെ കൊലപ്പെടുത്താന്‍ ഗൂഢാലോചന; ശബ്ദസന്ദേശം പുറത്ത്
പൊലിസ് കേസെടുത്തു; വീടുകളില്‍ പരിശോധന
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് അന്വേഷണസംഘത്തെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ശബ്ദസന്ദേശം ലഭിച്ചതോടെ കരിപ്പൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ 30ന് അറസ്റ്റിലായ കൊടുവള്ളി സ്വദേശി റിയാസ് എന്ന കുഞ്ഞീതുവിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ രേഖകളില്ലാത്ത വാഹനം തയാറാക്കണമെന്ന ശബ്ദസന്ദേശം ലഭിച്ചത്. ഇതിനായി എത്ര പണം ചെലവഴിക്കാനും തയാറാണെന്നും ആളെ ഒരുക്കണമെന്നുമാണ് സന്ദേശത്തിലുള്ളത്.
ഇതിനുപിറകെ അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളെ തട്ടികൊണ്ടു പോയി അപായപ്പെടുത്തുമെന്നുള്ള ഫോണ്‍ സന്ദേശവും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികളെന്നു സംശയിക്കുന്ന കൊടുവള്ളി സ്വദേശികളുടെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തി.
മലപ്പുറം, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ മേഖലയിലെ പൊലിസ് ഉദ്യോഗസ്ഥരടങ്ങുന്നതാണ് കരിപ്പൂര്‍ അന്വേഷണസംഘം.
കഴിഞ്ഞ ജൂണ്‍ 21ന് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചത് സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് കരിപ്പൂര്‍ കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്തിന്റെ വിവരം പുറത്തുവന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇതുവരെ 27 പ്രതികള്‍ അറസ്റ്റിലായി. 16 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായ ആര്‍ക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. പ്രതികളുടെ ഹവാല ഇടപാടുകളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പൊലിസ് നിരീക്ഷിക്കുന്നുണ്ട്.
കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ക്കെതിരേ അന്വേഷണം നടക്കുന്നതിനിടയിലാണ് അന്വേഷണസംഘത്തെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."