വൈദ്യുതി വില്‍പനയില്‍ റെക്കോര്‍ഡ്
ബാസിത് ഹസന്‍
തൊടുപുഴ: ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പ്രതിദിന വൈദ്യുതി വില്‍പ്പനയുമായി സംസ്ഥാനം. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 98.64 ലക്ഷം യൂനിറ്റ് വൈദ്യുതി കേരളം പവര്‍ എക്‌സ്‌ചേഞ്ച് വഴി വിറ്റു.
സമീപകാലത്തെ ഉയര്‍ന്ന വിലയും വൈദ്യുതിക്കു ലഭിച്ചു. യൂനിറ്റിന് 3.8 രൂപ നിരക്കില്‍ വില്‍പന നടത്തിയപ്പോള്‍ 3.75 കോടി രൂപയാണ് വൈദ്യുതി ബോര്‍ഡിനു ലഭിച്ചത്. ഇതും സമീപകാലത്തെ റെക്കോര്‍ഡാണ്.
സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. 41.6619 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇന്നലെ ഉത്പാദിപ്പിച്ചു. 25.8511 ദശലക്ഷം യൂനിറ്റ് മാത്രമാണ് പുറത്തുനിന്ന് എത്തിച്ചത്. ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള വൈദ്യുതി നിശ്ചിത അളവില്‍ എടുത്തില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരുമെന്നതിനാല്‍ കൂടുതല്‍ കുറയ്ക്കാനാവില്ല. 67.513 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ ഉപഭോഗം. പ്രളയഭീതിയില്‍ ജലനിരപ്പ് കുറച്ചുനിര്‍ത്താനാണ് ദിവസങ്ങളായി ഉത്പാദനം ഉയര്‍ത്തിയത്.
സംഭരണശേഷിയുടെ 66 ശതമാനം വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായുള്ളത്. ഓഗസ്റ്റ് ഒന്നുമുതല്‍ ഇന്നലെ വരെ 381.839 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും 286.32 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന്റെ മൊത്തം സംഭരണശേഷിയുടെ പകുതിയിലധികം ഉള്‍ക്കൊള്ളുന്ന ഇടുക്കി അണക്കെട്ടില്‍ 65 ശതമാനം വെള്ളമുണ്ട്. 2370.92 അടി(722.65 മീ.)യാണ് ഇന്നലത്തെ ജലനിരപ്പ്. സമുദ്രനിരപ്പില്‍നിന്നുള്ള ഉയരമാണിത്.
കേന്ദ്ര ജല കമ്മിഷന്റെ റൂള്‍ കര്‍വ് പ്രകാരം ഓഗസ്റ്റ് 10 വരെ ഇടുക്കി പദ്ധതിയില്‍ പരമവാവധി സംഭരിക്കാവുന്നത് 726.5 മീ. വെള്ളമാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് 10 വലിയ അണക്കെട്ടുകളുടെ സംഭരണശേഷി നിയന്ത്രിച്ചുകൊണ്ട് ജല കമ്മിഷന്‍ റൂള്‍ കര്‍വ് പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."