സാഹസിക ടൂറിസ്റ്റുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി ഒമാൻ
മസ്കത്ത്: ഒമാൻ പൈതൃക ടൂറിസ മന്ത്രാലയത്തിന്റെ 2021ലെ തീരുമാനപ്രകാരം സാഹസിക ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ഉത്തരവിറക്കി. ഈ നിയമ പ്രകാരം ഒമാനിൽ സാഹസിക ടൂറിസത്തിനെത്തുന്ന എല്ലാ വിനോദ സഞ്ചാരികൾക്കും സാഹസിക ഇൻഷുറൻസ് പോളിസി നിർബന്ധമാക്കി. സാഹസിക ടൂറിസത്തിനിടെ സംഭവിക്കാനിടയുള്ള അപകടത്തിന്റെ അടിസ്ഥാനത്തിൽ അധികൃതരിൽ നിന്നുണ്ടായ സമ്മർദത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് പൈതൃക ടൂറിസം മന്ത്രി സാലം അൽ മഹ്റൂഖി പറഞ്ഞു.
സാഹസിക ടൂറിസത്തിന് ഏറെ പേരുകേട്ട രാജ്യമാണ് ഒമാൻ. ചെങ്കുത്തായ മലകളും മലകൾക്കിടയിലെ കൊക്കകളും വാദികളുമൊക്കെ സാഹസിക ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്നതാണ്. സുൽത്താനേറ്റിലെ മലകയറ്റവും ഏറെ പേരുകേട്ടതാണ്. ഇതിനായി വിദേശത്തുനിന്ന് ധാരാളം പേർ ഒമാനിൽ എത്തുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് സാഹസിക ടൂറിസം.എന്നാൽ, ഇത്തരം സാഹസിക പ്രവർത്തനങ്ങൾക്കിടയിൽ ധാരാളം അപകടങ്ങളും സംഭവിക്കാറുണ്ട്. ഇത് അധികൃതർക്കും ടൂർ സംഘടിപ്പിക്കുന്ന കമ്പനികൾക്കും വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.അതിനാൽ ബന്ധപ്പെട്ട അധികൃതർ ഈ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കുന്നത് കമ്പനികൾക്കും വലിയ അനുഗ്രഹമായി മാറും.
ഒമാൻ റീ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇൻഷുറൻസ് പരിരക്ഷക്ക് വിധേയമാവുന്നവർക്കുള്ള നിയമസഹായം, സാഹസിക ടൂറിസത്തിനിടയിലെ അപകടങ്ങൾ മൂലമുണ്ടാവുന്ന മുറിവ് അല്ലെങ്കിൽ മറ്റെന്തിലും കാരണം മൂലമുണ്ടാവുന്ന സാമ്പത്തികമായ നഷ്ടപരിഹാരം എന്നിവ കമ്പനി നൽകും. ഈ ഇൻഷുറൻസ് പോളിസി ട്രാവൽ ടൂറിസം നടത്തിപ്പുകാരിൽനിന്ന് ലഭ്യമാവും. സാഹസിക ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും സുരക്ഷ മാനദന്ധങ്ങൾ പൂർണമായി പാലിച്ചിരിക്കണമെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു. ട്രാവൽ ടൂറിസം കമ്പനികൾ സാഹസിക ടൂറിസ ത്തിന് അപേക്ഷ നൽകുമ്പോൾ പാലിക്കേണ്ട സുരക്ഷ നടപടികളും മറ്റും ബന്ധപ്പെട്ടവർ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: oman tourism insurance policy mandatory for adventure tourism
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."