കലവൂരിലെ കളിത്തട്ട് നവീകരിച്ച് ശങ്കരക്കുറുപ്പിന്റെ ചെറുമക്കള്‍
കലവൂര്‍: നാടിന്റെ ആവശ്യം കണ്ടറിഞ്ഞ് ആശുപത്രികള്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും സ്വന്തം ഭൂമി വിട്ടുനല്‍കി മാതൃകയായിരുന്ന എടക്കണ്ണാട്ട് ശങ്കരക്കുറുപ്പ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച് നല്‍കിയ കളിത്തട്ട് ചെറുമക്കള്‍ നവീകരിച്ച് വീണ്ടും നാടിന് സമര്‍പിച്ചു.
യാത്രക്കാര്‍ക്കും ചുമട്ടുകാര്‍ക്കും തണലേകാനും ദാഹമകറ്റാനും ജില്ലയില്‍ വിവിധയിടങ്ങളിലായി സ്വന്തം സ്ഥലങ്ങളില്‍ ഒന്‍പത് കളിത്തട്ടുകളാണ് സൗജന്യമായി ശങ്കരക്കുറപ്പ് നിര്‍മിച്ച് നല്‍കിയിരുന്നത്. കലവൂര്‍ കെ.എസ്.ഡി.പി.യുടെ മുന്നിലെ കളിത്തട്ട് ജീര്‍ണിച്ച് നശിച്ചതിനെ തുടര്‍ന്ന് ചെറുമക്കള്‍ നാലു ലക്ഷം രൂപ ചെലവഴിച്ച് പുനര്‍നിര്‍മിക്കുകയായിരുന്നു. കല്ലിലും തടിയിലും തീര്‍ത്ത കളിത്തട്ടിന്റെ തനിമ നിലനിര്‍ത്തി, തറയില്‍ ഗ്രാനൈറ്റ് പാകിയാണ് ചെറുമകന്‍ രാമകൃഷ്ണക്കുറുപ്പിന്റെ നേതൃത്വത്തില്‍ പുനര്‍ നിര്‍മിച്ചത്.
വലിയകലവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവത്തോട് അനുബന്ധിച്ച് ആണ്ടുതോറും ഇവിടെയാണ് ഭഗവാന്റെ വിഗ്രഹം ഇറക്കിവച്ച് പൂജാദികര്‍മങ്ങള്‍ ചെയ്തുവന്നിരുന്നത്.
ഇന്ന് പുലര്‍ച്ചെ ഒന്നിന് നവീകരിച്ച കളിത്തട്ടിലായിരുന്നു പൂജാദികര്‍മങ്ങള്‍ നടത്തിയത്. ഇതിന് സമീപമാണ് ആറാട്ടുകുളവും. ഇതും കാലതാമസമില്ലാതെ നവീകരിച്ച് നല്‍കുമെന്ന് രാമകൃഷ്ണക്കുറുപ്പ് പറഞ്ഞു. പുന്നപ്രയിലേയും മാരാരിക്കുളത്തെയും കളിത്തട്ടുകള്‍ ക്ഷേത്ര ഭാരവാഹികള്‍ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനാല്‍ ഇപ്പോഴും അതിന്റെ തനിമ ചോരാതെ പഴമയുടെ പ്രതീകമായി നിലനില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."