സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്; കുതിപ്പ് തുടര്‍ന്ന് പാലക്കാട്
സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്; കുതിപ്പ് തുടര്‍ന്ന് പാലക്കാട്
ഇഖ്ബാല്‍ പാണ്ടികശാല
തേഞ്ഞപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തില്‍ പാലക്കാട് 342.5 പോയിന്റുമായി കുതിക്കുന്നു. 20 സ്വര്‍ണ്ണം, 15 വെള്ളി, 12 വെങ്കലം എന്നിവ നേടിയാണ് പാലക്കാടിന്റെ കുതിപ്പ്. 14 സ്വര്‍ണ്ണം, 11 വെള്ളി, 12 വെങ്കലം എന്നിവ നേടി 253.83 പോയിന്റുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്തിന് 9 സ്വര്‍ണ്ണം, 9 വെള്ളി 12 വെങ്കലം എന്നിവയാണ് ലഭിച്ചത്. മേള ഇന്ന് സമാപിക്കും.
നാല് മീറ്റ് റെക്കോര്‍ഡുകളാണ് രണ്ടാം ദിനം പിറന്നത്. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കാസര്‍കോടിന്റെ കെ.സി. സര്‍വനാണ് രണ്ടാം ദിനം മീറ്റ് റെക്കോഡിന് തുടക്കമിട്ടത്. 17.88 മീറ്ററാണ് സര്‍വന്‍ കണ്ടെത്തിയ ദൂരം. തൊട്ടുപിന്നാലെ അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കാസര്‍ഗോഡിന്റെ തന്നെ വി.എസ് അനുപ്രിയയും മീറ്റ് റെക്കോഡിട്ടു. 2022ല്‍ സ്വന്തം പേരില്‍ കുറിച്ച 15.49 മീറ്ററിന്റെ റെക്കോര്‍ഡാണ് അനുപ്രിയ മറികടന്നത്.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപില്‍ചേസില്‍ എറണാകുളത്തിന്റെ സി.ആര്‍ നിത്യയുടെ വകയായിരുന്നു അടുത്ത റെക്കോഡ്. ഏഴ് മിനുട്ട് 31 സെക്കന്‍ഡിലായിരുന്നു നിത്യ മത്സരം പൂര്‍ത്തിയാക്കിയത്.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ 4x100 മീറ്റര്‍ റിലേയില്‍ 52.28 സെക്കന്റില്‍ ഫിനിഷ് ചെയ്ത കണ്ണൂര്‍ ജില്ല മീറ്റ് റെക്കോഡോടെ സ്വര്‍ണ്ണം നേടി. അണ്ടര്‍ 20 വിഭാഗം 4x100 മീറ്റര്‍ മിക്‌സഡ് റിലേയില്‍ തിരുവനന്തപുരവും റെക്കോഡ് തൊട്ടു.
സമാപന ദിവസമായ തിങ്കളാഴ്ച്ച 38 ഫൈനലുകള്‍ നടക്കും. പാലക്കാട് ജില്ലയാണ് ജൂനിയര്‍ മീറ്റിലെ നിലവിലെ ജേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."