ഹജ്ജ് വേളയിലെ പ്രാര്‍ഥനകളില്‍ മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്തണം: വി.എം മൂസാ മൗലവി
നെടുമ്പാശ്ശേരി: ഹജ്ജ് കര്‍മം ജീവിതത്തില്‍ ലഭിക്കുന്ന അസുലഭനിമിഷമാണെന്നും ഈ വേളയിലെ പ്രാര്‍ഥനയില്‍ മറ്റുള്ളവരെ കൂടി പങ്കാളിയാക്കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് വി.എം മൂസാ മൗലവി വടുതല പറഞ്ഞു. സംസ്ഥാന ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ച അദ്ദേഹം തീര്‍ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി പ്രാര്‍ഥിക്കുന്നതിനൊപ്പം ദുരിതം അനുഭവിക്കുന്നവര്‍ക്കും പ്രയാസം അനുഭവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുവാന്‍ തയ്യാറാകണം.
നാടിന്റെ നന്മയും ഹാജിമാരുടെ പ്രാര്‍ഥനകളില്‍ ഇടം തേടണം. ഹജ്ജ് കര്‍മം പൂര്‍ണമായി നാഥനിലേക്ക് സ്വീകരിക്കുന്നതിന് സൂക്ഷ്മത പുലര്‍ത്തണം.
ഹജ്ജ് ഒരാളെ മാനസികമായും സാമ്പത്തികമായും ശാരീരികമായും ശുദ്ധീകരിക്കുകയാണ്. ഹജ്ജിന്റെ ചൈതന്യം ജീവിതത്തില്‍ ഉടനീളം പകരുന്നതാണെന്നും മൂസാ മൗലവി പറഞ്ഞു.
ഹജ്ജ് തീര്‍ഥാകര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയ്ക്കും മൂസാ മൗലവി നേതൃത്വം നല്‍കി. സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മുസ്‌ലിയാര്‍, ഷെരീഫ് മണിയാട്ടുകുടി, ഹജ്ജ് സെക്രട്ടറി ഇ.സി മുഹമ്മദ്, എസ്.പി അബ്ദുല്‍ കരീം ,ഇബ്രാഹീം ഹാജി മലബാര്‍ഗ്രൂപ്പ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഇന്നലെ ഹജ്ജ് വിമാനങ്ങളുടെ സമയത്തില്‍ മാറ്റമുണ്ടായെങ്കിലും ക്യാംപിലെ ക്രമീകരണങ്ങള്‍ തടസ്സമില്ലാതെ നീങ്ങി. ഇന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹജ്ജ് ക്യാംപ് സന്ദര്‍ശിക്കും. ഹജ്ജ് ക്യാംപില്‍ ജുമുഅ നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക 12.30 ന് നടക്കും . ഹജ്ജ് തീര്‍ഥാടകര്‍ക്കും യാത്രയാക്കുന്നവര്‍ക്കും വേണ്ടിയാണ് ജുമുഅ ക്യാംപില്‍ നടത്തുന്നത്. ഇന്നലെ 900 തീര്‍ഥാടകരാണ് പുറപ്പെട്ടത്. ഇന്ന് വൈകിട്ട് 4.15 നും രാത്രി 8.15 നുമായി പുറപ്പെടുന്ന സഊദി എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങളിലായി 800 പേരാണ് പുറപ്പെടുന്നത്. നേരത്തെ 900 പേരുടെ യാത്രയാണ് ഇന്ന് ക്രമീകരിച്ചിരുന്നത് .വിമാനത്തിന്റെ ക്രമീകരണത്തില്‍ മാറ്റമുണ്ടായതിനെ തുടര്‍ന്നാണ് യാത്രക്കാരുടെ എണ്ണത്തില്‍ മാറ്റം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."