കാറിന്റെ ഡോറുകള്‍ ഇങ്ങനെ തുറന്ന് നോക്കൂ; അപകടങ്ങള്‍ കുറയ്ക്കാം; 'ഡച്ച് റീച്ച്' രീതി പരിചയപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്
കാറിന്റെ ഡോറുകള്‍ ഇങ്ങനെ തുറന്ന് നോക്കൂ; അപകടങ്ങള്‍ കുറയ്ക്കാം; 'ഡച്ച് റീച്ച്' രീതി പരിചയപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്
സമീപകാലത്തായി കാര്‍ ഡോറുകള്‍ അശ്രദ്ധമായി തുറന്നത് മൂലം അപകടങ്ങള്‍ സംഭവിക്കുന്ന വാര്‍ത്തകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അനധികൃത പാര്‍ക്കിങ് ഏരിയകളില്‍ നിന്നും, ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് നിര്‍ത്തി ഡോര്‍ തുറക്കുന്ന സാഹചര്യത്തിലുമൊക്കെയാണ് പതിവായി ഇത്തരം അപകടങ്ങള്‍ സംഭവിക്കാറുള്ളത്. പിന്നില്‍ നിന്ന് വാഹനങ്ങളോ, കാല്‍നടയാത്രക്കാരോ വരുന്നത് ശ്രദ്ധിക്കാതെ പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ ഡോര്‍ മലക്കെ തുറക്കുന്നതാണ് ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാവാന്‍ കാരണം.
ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഡോര്‍ തുറക്കുമ്പോള്‍ ഡച്ച് റീച്ച് രീതി പരിശീലിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന നിര്‍ദേശം. ലോകത്ത് തന്നെ ഡോര്‍ തുറക്കുമ്പോഴുണ്ടാകുന്ന വാഹനാപകടങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ സഹായിച്ച മാര്‍ഗമാണിത്. തങ്ങളുടെ ഫെയ്‌സ് ബുക്ക് പേജില്‍ വീഡിയോ സഹിതമാണ് ഡച്ച് റീച്ച് രീതിയെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിച്ചത്.
എന്താണ് ഡച്ച് റീച്ച്?
നെതര്‍ലാന്റ്‌സിലെ തെരുവുകളില്‍ കാറുകളുടെ ഡോര്‍ അലക്ഷ്യമായി തുറക്കുന്നത് വഴി സൈക്കിള്‍ യാത്രക്കാര്‍ നിരന്തരം അപകടത്തില്‍ പെടുന്നത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ രീതി കണ്ടുപിടിച്ചത്. അതുകൊണ്ടാണ് ഇതിന് ഡച്ച് റീച്ച് എന്ന് പേരുകിട്ടിയത്.
കാറിന്റെ ഏത് വശത്താണോ ഇരിക്കുന്നത്, അതിന്റെ എതിര്‍ വശത്തുള്ള കൈവെച്ച് ഡോര്‍ തുറക്കുന്നതാണ് ഡച്ച് റീച്ചുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ സ്വാഭാവികമായും വാഹനത്തിലിരിക്കുന്നയാളുടെ കാഴ്ച്ച പിന്നിലേക്ക് പോവുകയും പുറകില്‍ നിന്ന് വരുന്ന വാഹനങ്ങളുടെയും മറ്റ് തടസങ്ങളുടെയും കൃത്യമായ കാഴ്ച്ച ലഭിക്കുകയും ചെയ്യും. അതുകൊണ്ട് ഡോര്‍ തുറക്കുമ്പോള്‍ ഇരിക്കുന്ന വശത്തിന്റെ എതിര്‍ വശത്തുള്ള കൈ ഉപയോഗിച്ച് ഡോര്‍ തുറക്കാന്‍ ശ്രമിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന നിര്‍ദേശം.
അപ്പോള്‍ ഇനിമുതല്‍ നിങ്ങള്‍ വലതുവശത്താണ് ഇരിക്കുന്നതെങ്കില്‍ ഇടത് കൈകൊണ്ടും, ഇടത് വശത്താണെങ്കില്‍ വലത് കൈകൊണ്ടും ഡോര്‍ തുറന്ന് ശീലിച്ചോളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."