കെ.എം ബഷീറിന്റെ മരണം; പ്രതികളുടെ ചിത്രമെടുക്കുന്നതിനിടെ അഭിഭാഷകരുടെ ഗുണ്ടായിസം
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫയുടെയും ചിത്രമെടുക്കുന്നതിനിടെ മാധ്യമ ഫോട്ടോഗ്രാഫര്‍ക്കു നേരെ നേരെ അഭിഭാഷകരുടെ ഗുണ്ടായിസം.
ഇന്നലെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിവളപ്പിലാണ് സംഭവം. പ്രതികള്‍ കോടതിയില്‍ ഹാജരായതിനുശേഷം കാര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് മടങ്ങിപ്പോകവേ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അഭിഭാഷക സംഘം കൈയേറ്റം നടത്തിയത്.
സിറാജ് ഫോട്ടോഗ്രാഫര്‍ ടി.ശിവജികുമാറിനെ കൈയേറ്റം ചെയ്ത അഭിഭാഷകര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ബലമായി ഡിലീറ്റ് ചെയ്യിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിനുനേരെയും കൈയേറ്റ ശ്രമമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പൊലിസുകാരനാണ് ആദ്യം പ്രകോപനം സൃഷ്ടിച്ച് അഭിഭാഷക സംഘത്തെ വിളിച്ചുവരുത്തിയത്.
സംഭവത്തെ തുടര്‍ന്ന് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷനില്‍ എത്തി മാധ്യമപ്രവര്‍ത്തകര്‍ പരാതി നല്കാന് ശ്രമിച്ചപ്പോള്‍ അഭിഭാഷക സംഘം അവിടെ എത്തിയും പ്രകോപനം സൃഷ്ടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."