ആര്‍.ടി ഓഫിസില്‍ നാടകീയ രംഗങ്ങള്‍; വ്‌ളോഗര്‍ സഹോദരങ്ങള്‍ അറസ്റ്റില്‍
കണ്ണൂര്‍: രൂപമാറ്റം ചെയ്ത വാഹനം ആര്‍.ടി.ഒ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ആര്‍.ടി ഓഫിസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന മോട്ടോര്‍വാഹന വകുപ്പ് അധികൃതരുടെ പരാതിയില്‍ യൂട്യൂബ് വ്‌ളോഗര്‍മാരായ സഹോദരങ്ങളെ അറസ്റ്റുചെയ്തു. ഇ ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ അറിയപ്പെടുന്ന ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെയാണ് ടൗണ്‍ പൊലിസ് അറസ്റ്റുചെയ്തത്. ഇവരെ ജുഡിഷ്യല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തു. ഇവരുടെ ജാമ്യഹരജി ഇന്നു പരിഗണിക്കും.
കണ്ണൂര്‍ ആര്‍.ടി ഓഫിസില്‍ അതിക്രമിച്ച് കയറിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് ടൗണ്‍ പൊലിസ് കേസെടുത്തത്. രൂപമാറ്റത്തിലൂടെ കാരവാനാക്കിയ ടെംപോ ട്രാവലര്‍ കണ്ണൂര്‍ ആര്‍.ടി.ഒ പരിശോധിച്ചത് തിരുവനന്തപുരത്ത് നിന്നുള്ള പരാതിയിലാണ്. ഒമ്പത് നിയമലംഘനം ഉണ്ടെന്നു കണ്ടെത്തിയപ്പോള്‍ വാഹനം ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടര്‍ന്ന് ഞായറാഴ്ച വാഹനം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ആര്‍.ടി ഓഫിസില്‍ എത്തിയ ഇവര്‍ തങ്ങളോട് അന്യായം കാണിക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ചു. രൂപമാറ്റത്തിന്റെ പേരില്‍ 41,000 രൂപ പിഴയിട്ട് തങ്ങളെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞ ഇവര്‍ ഓഫിസില്‍ പൊട്ടിക്കരഞ്ഞു. പിന്നാലെ, സ്ഥലത്തെത്തിയ പൊലിസുമായും വാക്കുതര്‍ക്കമുണ്ടായി. തത്സമയ വീഡിയോ കണ്ട് ടൗണ്‍ സ്റ്റേഷനിലെത്തി പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് 17 ആരാധകരെയും പൊലിസ് അറസ്റ്റുചെയ്തു വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."