പെഗാസസുമായി ഇടപാടില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ചോര്‍ത്തലിനെച്ചൊല്ലി പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ മൂന്നാഴ്ചയും ബഹളത്തില്‍ മുങ്ങിയതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍.
പെഗാസസ് സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ ഇസ്‌റാഈല്‍ കമ്പനി എന്‍.എസ്.ഒ ഗ്രൂപ്പുമായി ഇടപാടുകളില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.
സി.പി.എം അംഗം ഡോ. ശിവദാസന്റെ ചോദ്യത്തിനു മറുപടിയായാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എന്‍.എസ്.ഒയുമായി യാതൊരുവിധ ഇടപാടുകളും മന്ത്രാലയത്തിന് ഇല്ലെന്ന് എഴുതി തയാറാക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
വിവാദത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധംമൂലം തുടര്‍ച്ചയായ 16ാംദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടു.
പ്രതിരോധമന്ത്രാലയത്തിന്റെ മറുപടിയില്‍ തൃപ്തരാവാതിരുന്ന പ്രതിപക്ഷം ആഭ്യന്തരമന്ത്രാലയമാണ് പ്രതികരിക്കേണ്ടതെന്നും അപ്പോള്‍ മാത്രമേ വ്യക്തതയുണ്ടാകൂവെന്നും പറഞ്ഞു.
ലഡാക്കില്‍ പുതിയ കേന്ദ്രസര്‍വകലാശാല സ്ഥാപിക്കുന്നത് സംബന്ധിച്ച സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി (അമന്‍ഡ്‌മെന്റ്) ബില്ലും ട്രിബൂണല്‍ റിഫോംസ് ബില്ലും രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."