യു.കെയിൽ വെല്ലുവിളി ഉയർത്തി സാമ്പത്തിക പ്രതിസന്ധി
അഡ്വ. ജി. സുഗുണൻ
ലോകത്തിലെ ഏറ്റവും കൂടുതൽ ജനാധിപത്യ രാജ്യങ്ങൾ അനുകരിക്കുന്നത് ബ്രിട്ടിഷ് പാർലമെന്ററി ജനാധിപത്യ സമ്പ്രദായമാണ്. അതുകൊണ്ടാണ് ബ്രിട്ടിഷ് പാർലമെന്റിന് 'പാർലമെന്റുകളുടെ മാതാവ്' എന്ന് വിളിക്കുന്നത്. ജനാധിപത്യത്തിനു വേണ്ടിയുള്ള വലിയ പോരാട്ടങ്ങൾ ഈ രാജ്യത്ത് നടന്നിട്ടുണ്ട്. ഈ നൂറ്റാണ്ടിൽ രൂപംകൊണ്ട പാർലമെന്ററി ജനാധിപത്യം ബ്രിട്ടന്റെ സംഭാവനയാണെന്ന കാര്യത്തിൽ തർക്കമില്ല. നിലവിലുള്ള ജനാധിപത്യ സംവിധാനത്തിന്റെ വളർച്ചക്ക് കാര്യമായ സംഭാവന നൽകിയ രാജ്യവും യു.കെയാണ്. അവിടെയുള്ള തെരഞ്ഞെടുപ്പുകളും രാഷ്ട്രീയവും ലോകത്തൊട്ടാകെയുള്ള ജനങ്ങൾ വലിയ താൽപര്യത്തോടുകൂടിയാണ് വീക്ഷിക്കുന്നത്.
ബ്രിട്ടനിലെ ജനകീയ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാകുന്ന സാഹചര്യമാണ് ഇന്നുള്ളത്. സാമ്പത്തിക പ്രതിസന്ധി മറ്റു സാമ്രാജ്യത്വ രാജ്യങ്ങളോടൊപ്പം ആ രാജ്യത്തെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തെ ടോറി ഭരണം യു.കെയെ മുന്നോട്ടല്ല, പിന്നോട്ടാണ് നയിച്ചിരിക്കുന്നത് എന്ന ആക്ഷേപവും ഇതിനകം ഉയർന്നുവന്നിട്ടുണ്ട്. കൺസർവേറ്റീവ് പാർട്ടിയുടെ(ടോറി) ഭരണം സ്വാഭാവികമായും സർക്കാരിനെതിരായ ജനവികാരം വളർത്തിയെടുക്കുന്നതിന് കാരണമായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് സ്വന്തം രാജ്യത്തിന്റെ താൽപര്യങ്ങൾ അവഗണിച്ചുകൊണ്ട് പലപ്പോഴും അമേരിക്കൻ സാമ്രാജ്യത്വ താൽപര്യാനുസരണമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതാണ്.
യു.കെയിൽ വിലക്കയറ്റം 1980ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ ഭക്ഷ്യവിലയിൽ 14.6% വർധനവുണ്ടായി. ബ്രഡ്, പാൽ, മുട്ട എന്നിവയുടെ വില കുതിച്ചെന്ന് സ്ഥിതി വിവരക്കണക്ക് മന്ത്രാലയം വെളിപ്പെടുത്തി. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിന് മുൻഗണന കൊടുക്കേണ്ട സ്ഥിതി വിശേഷമാണുള്ളത്. ആഗോളവത്കരണത്തിന്റെയും പുത്തൻ സാമ്പത്തിക നയത്തിൻ്റെയും അനിവാര്യ ഫലമാണ് സാമ്പത്തിക പ്രതിസന്ധി. ഇത് രാജ്യത്തെ കാർന്നുതിന്നാനും തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാജിവച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ പ്രഖ്യാപിത നയമായിരുന്നു നികുതി വെട്ടിക്കുറയ്ക്കുക എന്നുള്ളത്. അതിനനുസരിച്ചാണ് മിനി ബജറ്റിൽ കോർപറേറ്റ് നികുതി അടക്കമുള്ള പല നികുതികളും വെട്ടിക്കുറക്കാൻ പ്രഖ്യാപനം ഉണ്ടായത്. എന്നാൽ ബജറ്റിനെതിരേ ശക്തമായ ബഹുജനാഭിപ്രായം ഉയർന്നുവന്നതോടെ പ്രധാനമന്ത്രിക്ക് നിലപാട് മാറ്റേണ്ടിവന്നു. കോർപറേറ്റ് നികുതിയും മറ്റും കുറച്ച് രാജ്യത്ത് ട്രിക്കിൾ ഡൗൺ എക്കണോമി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് ലിസ് ട്രസ് പിറകോട്ടുപോവുകയും ചെയ്തു. മിനി ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയുടെ രാജിക്ക് പിന്നാലെയാണ് കോർപറേറ്റ് നികുതി വർധിപ്പിക്കുമെന്ന് ഡൗണിങ്‌സ്ട്രീറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ലിസ് ട്രസ് പ്രഖ്യാപിച്ചത്. വൻകിട ബിസിനസുകാർക്കും കോർപറേറ്റുകൾക്കുമുള്ള നികുതി വലിയ തോതിൽ വെട്ടിക്കുറയ്ക്കുന്ന ജനപ്രിയ പ്രഖ്യാപനമാണ് റിഷി സുനകിനെ മറികടന്ന് പ്രധാനമന്ത്രി പദവിയിലെത്താൻ ലിസ് ട്രസിനെ സഹായിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താൻ സർക്കാരിൽ നിന്ന് ജനങ്ങളിലേക്ക് പണം ഒഴുക്കുന്നതിനു പകരം തൊഴിലുടമകളുടെ നികുതി കുറക്കുന്നതടക്കമുള്ള വഴികളിലൂടെ അവരുടെ സമ്പത്ത് വർധിപ്പിക്കുന്ന രീതിയാണ് ട്രിക്കിൾഡൗൺ സിദ്ധാത്തിന്റെ പ്രയോഗ രൂപം. കോർപറേറ്റുളുടെ നികുതി കുറയുമ്പോൾ അവരുടെ വരുമാനം വർധിക്കുകയും അത് വീണ്ടും നിക്ഷേപമായി സമൂഹത്തിൽ എത്തുകയും ചെയ്യുമെന്നാണ് ലിസ് ട്രസ് പറഞ്ഞത്.
എന്നാൽ, അധികാരമേറ്റ് 45-ാം ദിവസം ലിസ് ട്രസിന് രാജിവച്ചിരിക്കുകയാണ്.രാജിയല്ലാതെ മറ്റൊരു മാർഗവും അവർക്കില്ലെന്ന സ്ഥിതിയായിരുന്നു. പ്രധാനമന്ത്രി പദത്തിലെത്തിയതിനു പിന്നാലെ നടപ്പാക്കിയ സാമ്പത്തിക നയങ്ങൾക്കെതിരേ ഉയർന്ന വിമർശനങ്ങളെ തുടർന്നാണ് ലിസ് ട്രസിന്റെ രാജി. കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനവും ലിസ് രാജിവച്ചു. ഏൽപ്പിച്ച ദൗത്യം നിറവേറ്റാനായില്ലെന്നും ഒരാഴ്ചക്കകം പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്നും ലിസ് പറഞ്ഞു. ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന ഇന്ത്യൻ വംശജൻ സുവെല്ല ബ്രാവർമാനും സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 6 വർഷത്തിനിടെ രാജിവയ്ക്കുന്ന നാലാമത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ് ലിസ് ട്രസ്.
പുതിയ സാമ്പത്തിക നയങ്ങളും നികുതി നയങ്ങളും ബ്രിട്ടന് ഗുണം ചെയ്തിട്ടില്ലെന്ന് കൺസർവേറ്റീവ് പാർട്ടിയിലെ മന്ത്രിമാരും എം.പിമാരും ഉൾപ്പെടെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. അടിതെറ്റിയ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ബ്രിട്ടനിൽ ലിസ് നടത്തിയത്. മിനി ബജറ്റിനെ അന്താരാഷ്ട്ര നാണയ നിധിയും ലോകബാങ്കു പോലും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അത്യാവശ്യമില്ലാത്ത നികുതിയിളവ് പ്രഖ്യാപനത്തിന്റെ നഷ്ടം നികത്താൻ കൂടുതൽ കടം എടുക്കുകയല്ലാതെ സർക്കാരിനു മറ്റൊരു മാർഗവുമില്ല. അതിസമ്പന്നർക്കും കമ്പനികൾക്കും നികുതി കുറച്ചതിന്റെ ബാധ്യത കുറഞ്ഞ വരുമാനക്കാരായ നികുതിദായകർ വഹിക്കണം. വൈദ്യുതി ബില്ലിലെ സബ്‌സിഡി വൻകിട കമ്പനികൾക്ക് ലാഭം നിലനിർത്താൻ വേണ്ടിയുള്ളതാണെന്ന് ജനങ്ങൾക്ക് മനസ്സിലായി.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ലിസ് ട്രസ് സ്വീകരിച്ച നടപടികൾ പര്യാപ്തമല്ലെന്നാണ് ടോറി പാർട്ടി നേതൃത്വത്തിലെ 60% ത്തിന്റേയും അഭിപ്രായം. ലിസ് രാജിവച്ചതോടെ ബ്രെക്‌സിറ്റിന് ശേഷമുള്ള നേതൃ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. ബ്രിട്ടനിൽ 2016ൽ ബ്രെക്‌സിറ്റിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഡേവിഡ് കാമറൂൺ രാജിവച്ചതിനുശേഷം വന്ന തെരേസ മേയ്‌ക്കോ ബോറിസ് ജോൺസണോ പ്രധാനമന്ത്രി കസേരയിൽ ഇരിപ്പുറപ്പിക്കാനായില്ല. എന്തായാലും വലിയ സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളാണ് ബ്രിട്ടനിൽ ഉയർന്നുവന്നിട്ടുള്ളത്. ലിസ് ട്രസിന്റെ രാജിയെത്തുടർന്ന് ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ ലേബർപാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ അവിടെ തെരഞ്ഞെടുപ്പ് നടത്തിയാൽ ലേബർ പാർട്ടി വിജയിക്കുമെന്നുള്ള കാര്യത്തിലും യാതൊരു സംശയവുമില്ല.
ബ്രിട്ടനിലെ സാമ്പത്തിക കുഴപ്പങ്ങൾ ഭരണകക്ഷിയിൽ അഭിപ്രായവ്യത്യാസങ്ങൾക്കും നേതൃമാറ്റ നീക്കങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. ഇത് ടോറികൾക്കിടയിൽ വലിയ സംഘർഷങ്ങൾക്കിടനൽകിയേക്കും. ലിസ് ട്രസിന്റെ രാജി ആ പാർട്ടിക്കുള്ളിൽ നടക്കുന്ന ആശയ സംഘർഷങ്ങളുടെ ഭാഗമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ. കടുത്ത വലതുപക്ഷ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയിൽ ഇത്തര ആശയപരമായ ചർച്ചകളും നടപടികളുമുണ്ടാകുന്നത് എന്തുകൊണ്ടും സ്വാഗതാർഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."