വിദേശത്ത് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്; പ്രതി റിമാന്റില്‍
മുഹമ്മ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. തണ്ണീര്‍മുക്കം മരുത്തോര്‍വട്ടം കോമത്തുവെളി ഷീല ദേവി(40)യെയാണ് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തത്. മരുത്തോര്‍വട്ടം അറയ്ക്കപറമ്പില്‍ വിജയലക്ഷ്മി(ജയ)യുടെ പരാതിയില്‍ മാരാരിക്കുളം പോലീസാണ് ഷീലാദേവിയെ അറസ്റ്റ് ചെയ്തത്. തയ്യല്‍ ജോലി വാഗ്ദാനം ചെയ്ത് വിജയലക്ഷ്മിയെ വിസിറ്റിംഗ് വിസയില്‍ ഷീലാദേവി ഷാര്‍ജയില്‍ എത്തിച്ചിരുന്നു. ഭര്‍ത്താവ് പുരുഷോത്തമന്‍ രോഗബാധിതനായതിനെത്തുടര്‍ന്ന് നിത്യച്ചെലവ് ബുദ്ധിമുട്ടിലായതോടെയാണ് വിജയലക്ഷ്മി വിദേശത്ത് പോകാന്‍ തയ്യാറായത്. ഇതിനുള്ള ചെലവിനായി സ്‌കൂട്ടര്‍ പണയപ്പെടുത്തിയതടക്കം 70000 ത്തോളം രൂപ ഷീലാദേവി വാങ്ങിയിരുന്നു. 30 ദിവസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. അറബികളുടെ വീട്ടില്‍ മാറി മാറി അടുക്കള ജോലിയും ചെയ്യേണ്ടിവന്നു. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. മന്ത്രി പി തിലോത്തമനടക്കം ഇടപെട്ടതിനെത്തുടര്‍ന്നാണ് വിജയലക്ഷ്മി സ്വന്തം ചെലവില്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് ഇവര്‍ മാരാരിക്കുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."