കിളികൊല്ലൂരിലെ മര്‍ദനം പുറത്തുവിട്ട ദൃശ്യവും പൊലിസിന് വിനയായി
അധികൃതരെ വെള്ളപൂശാനായി പുറത്തുവിട്ട വിഡിയോയിലുള്ളത് എ.എസ്.ഐ സൈനികനെ ആദ്യം മർദിക്കുന്നത്
കുടുംബം പ്രതിരോധ മന്ത്രിക്ക് പരാതി നൽകും
സ്വന്തം ലേഖകൻ
കൊല്ലം • കിളികൊല്ലൂർ പൊലിസ് സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും പൊലിസുകാർ മർദിച്ച സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്ത്. പൊലിസ് തന്നെ എഡിറ്റ് ചെയ്തു പുറത്തു വിട്ട ദൃശ്യങ്ങൾ പൊലിസിന് തന്നെ വിനയായിരിക്കുകയാണ്. മർദനമേറ്റ യുവാക്കളുടെ പരാതി ശരിവയ്ക്കുന്നതാണ് ദൃശ്യങ്ങൾ. 2 മിനിറ്റും 24 സെക്കൻഡും ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ സ്റ്റേഷനിലേക്ക് സൈനികനായ വിഷ്ണു എത്തുന്നതും വനിതാ എസ്.ഐയോട് പരാതി പറയുന്നതും വ്യക്തമാണ്. എം. ഡി എം. എ കേസിൽ ജാമ്യം നിൽക്കാനായി വിഘ്‌നേഷിനെ പൊലിസ് വിളിപ്പിച്ചതിന് പിന്നാലെയാണ് സഹോദരനായ വിഷ്ണു സ്റ്റേഷനിലെത്തിയത്. സ്റ്റേഷന് പുറത്തു വച്ച് ഡ്യൂട്ടിയിലില്ലാതിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രനുമായി തർക്കമുണ്ടാവുകയും, എ.എസ്.ഐ വിഷ്ണുവിന്റെ ഷർട്ട് വലിച്ചു കീറുകയും ചെയ്തു. ഇതേക്കുറിച്ച് പരാതി പറയാനാണ് വിഷ്ണു സ്റ്റേഷനിലേക്ക് എത്തിയത്. പരാതി പറയുന്നതിനിടെ എ.എസ്.ഐ സ്റ്റേഷനിലേക്ക് കയറി വന്ന് വിഷ്ണുവുമായി തർക്കിച്ചു. തുടർന്നാണ് പ്രകാശ് ചന്ദ്രൻ വിഷ്ണുവിൻ്റെ മുഖത്ത് ആഞ്ഞടിച്ചത്. പിന്നാലെ വിഷ്ണുവും തിരിച്ചടിച്ചു. സംഘർഷത്തിൽ നിലത്തു വീണ സൈനികൻ്റെ ഷർട്ട് എ.എസ്.ഐ വലിച്ചുകീറി. ഇതിനെ തുടര്‍ന്നാണ് വിഷ്ണുവിനെയും സഹോദരന്‍ വിഘ്നേഷിനെയും പൊലിസ് ക്രൂരമര്‍ദനത്തിനിരയാക്കി കള്ളക്കേസില്‍ ജയിലിലടച്ചത്.
ആദ്യം അക്രമിച്ചത് വിഷ്ണു ആണെന്നായിരുന്നു പൊലിസ് റിപ്പോർട്ട്. പൊലിസ് തന്നെ പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ ഇതും പൊളിഞ്ഞു.
പരാതി നല്‍കാന്‍ വന്ന സൈനികനെ ഡ്യൂട്ടിയിലില്ലാത്ത പൊലിസ് ഉദ്യോഗസ്ഥന്‍ മര്‍ദിക്കുകയായിരുന്നു എന്ന സൈനികന്റെയും സഹോദരന്റെയും മൊഴി ശരിവയ്ക്കുന്നതാണ് ദൃശ്യം.
മുഴുവൻ സി.സി ടി.വി ദൃശ്യങ്ങളും പുറത്തു വിടണമെന്നാണ് വിഘ്‌നേഷിന്റെയും കുടുംബത്തിന്റെയും ആവശ്യം. സംഭവത്തിൽ എസ്. എച്ച്. ഒ ഉൾപ്പെടെ നാലു പൊലിസുകാരെ സസ്പെൻഡ് ചെയ്തെങ്കിലും ഇനിയും അഞ്ചോളം പൊലിസുകാരും തങ്ങളെ മർദിച്ചിട്ടുണ്ടെന്നും അവർക്കെതിരേയും നടപടി വേണമെന്ന് വിഘ്‌നേഷ് പറഞ്ഞു.
പൊലിസിൽ നിന്നും നീതി ലഭിക്കുമെന്ന വിശ്വാസമില്ലെന്ന് വിഘ്‌നേഷിന്റെ മാതാവ് സലീല കുമാരി പ്രതികരിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നൽകാനും കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാനുമാണ് കുടുംബത്തിൻ്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."