ഇഹ്‌സാന്‍ ഇനി വരില്ല; താലൂക്ക് ആശുപത്രിയില്‍ പൊതി ചോറ് വിളമ്പാന്‍
കായംകുളം: താലൂക്ക് ആശുപത്രിയില്‍ പൊതി ചോറ് വിളമ്പാന്‍ ഇഹ്‌സാന്‍ ഇനി വരില്ല. എല്ലാ ബുധനാഴ്ച ദിവസങ്ങളിലും താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ഉച്ചഭക്ഷണം പൊതിച്ചോറാക്കി നല്‍കിയിരുന്നത് ഇഹ്‌സാന്റെ നേതൃത്വത്തിലുള്ള എം.എസ്.എം ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് വാളണ്ടിയര്‍മാരാണ്.
കൊറ്റുകുളങ്ങര ഒറകാരിശ്ശേരില്‍ അബ്ദുല്‍ വാഹിദിന്റെയും റജീനയുടെയും മകനായ ഇഹ്‌സാന്‍ (17) ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കൃഷ്ണപുരം അതിര്‍ത്തിച്ചിറയില്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പെഡസ്റ്റിയല്‍ ബോട്ട് സവാരിക്കു വേണ്ടി നിര്‍മിച്ച കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു.
നീന്തികുളിക്കുന്നതിനിടെ മുങ്ങിതാഴ്ന്ന സുഹൃത്തിനെ രക്ഷപ്പെടുത്തിയ ഇഹ്‌സാന്‍ പായലില്‍കുടുങ്ങി കുളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകുകയായിരുന്നു. സാമൂഹ്യസേവനത്തില്‍ ഏറെ ആകൃഷ്ടനായിരുന്ന ഇഹ്‌സാന്‍ എന്‍.എസ്.എസ്സിന്റെ മികച്ച കേഡറായിരുന്നു.
കായംകുളത്തെ സാമൂഹ്യസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കി മാറ്റുന്നതില്‍ ഇഹ്‌സാനും വോളണ്ടറിയന്മാരും പ്രത്യേക ശ്രദ്ധപുലര്‍ത്തിയിരുന്നു.
ഇഹ്‌സാന്റെ ആകസ്മികമായ വേര്‍പാട് നാട്ടില്‍ നൊമ്പരമായി. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് കുറങ്ങാട് ജുമാമസ്ജിദില്‍നടന്ന മയ്യത്ത് നമസ്‌കാരത്തിന് വന്‍ ജനാവലിയാണ് സാക്ഷ്യം വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."