ആർ.എസ്.പിയെ പിളർത്താൻ സി.പി.എം ലക്ഷ്യം ഷിബു ബേബിജോൺ വിഭാഗത്തെ ഒപ്പംനിർത്താൻ
രാജു ശ്രീധർ
തിരുവനന്തപുരം • വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ.കെ പ്രേമചന്ദ്രന് തിരിച്ചടി നൽകാൻ ആർ.എസ്.പിയെ പിളർത്തി ഷിബു ബേബിജോൺ വിഭാഗത്തെ ഇടതുമുന്നണിക്കൊപ്പം നിർത്താൻ സി.പി.എം നീക്കം. കൊല്ലം, കുന്നത്തൂർ സീറ്റുകളും പത്തനംതിട്ട ജില്ലയിലെ ഒരു സീറ്റും സി.പി.എം വാഗ്ദാനം ചെയ്തതായാണ് വിവരം. ഷിബു രണ്ടുതവണ മത്സരിച്ച് തോറ്റ ചവറ സി.പി.എം ഏറ്റെടുക്കുകയും പകരം കൊല്ലം നൽകാമെന്നുമാണ് സി.പി.എം ഫോർമുലയെന്നാണ് അറിയുന്നത്. കൂടാതെ കുന്നത്തൂരിലെ സിറ്റിങ് എം.എൽ.എ കോവൂർ കുഞ്ഞുമോനെ ഷിബു വിഭാഗത്തിനൊപ്പം ചേർക്കാനും സി.പി.എമ്മിൽ ആലോചനയുണ്ട്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുമുന്നണിയിൽ നിന്ന് ആർ.എസ്.പി യു.ഡി.എഫിലെത്തിയതിന് തിരിച്ചടി നൽകാൻ സി.പി.എം നടത്തിയ നീക്കങ്ങളെല്ലാം പാളിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഷിബുവിനെ സി.പി.എം നോട്ടമിട്ടുതുടങ്ങിയതെന്നാണ് ആർ.എസ്.പിയോട് അടുത്തകേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി നേതൃത്വത്തിൽ ഉണ്ടായ ഭിന്നത മുതലെടുക്കുകയാണ് സി.പി.എം ലക്ഷ്യമിടുന്നത്. സെക്രട്ടറിസ്ഥാനത്തേക്ക് പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റംഗം കൂടിയായ ഷിബു ബേബിജോണിനെ പരിഗണിക്കണമെന്ന ആവശ്യം ഷിബു വിഭാഗം ഉന്നയിച്ചിരുന്നെങ്കിലും ഔദ്യോഗിക നേതൃത്വത്തിനായിരുന്നു മേൽക്കൈ. എൻ.കെ പ്രേമചന്ദ്രനും ബാബു ദിവാകരനും എ.എ അസിനോടായിരുന്നു താൽപര്യം. സംസ്ഥാന സമ്മേളന പ്രതിനിധികളിൽ ഭൂരിപക്ഷവും അസീസ്-പ്രേമചന്ദ്രൻ വിഭാഗത്തിനൊപ്പമായിരുന്നു. സെക്രട്ടറിസ്ഥാനത്തേക്ക് മത്സരമുണ്ടായാൽ അസീസ് വിജയിക്കുമെന്ന് ഉറപ്പായതിനാലാണ് ഷിബു മത്സരത്തിന് തുനിയാതിരുന്നത്. ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി ദേശീയ സമ്മേളനം കഴിഞ്ഞാൽ സ്ഥാനം ഒഴിയാമെന്ന് അസീസ് പറയുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതയും അടഞ്ഞ മട്ടാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇത്തവണ എങ്ങനെയും പ്രേമചന്ദ്രനെ പരാജയപ്പെടുത്താനുള്ള പ്രയത്‌നത്തിലാണ് സി.പി.എം. ഷിബു വിഭാഗം എൽ.ഡി.എഫിൽ എത്തിയാൽ യു.ഡി.എഫിന് വോട്ടുചെയ്തിരുന്ന കൊല്ലം, ചവറ, കുണ്ടറ, ഇരവിപുരം മണ്ഡങ്ങളിലെ ലത്തീൻ കത്തോലിക്ക വോട്ടുബാങ്കിലും ആർ.എസ്.പി കേന്ദ്രങ്ങളിലും വിള്ളൽ വീഴ്ത്താനാകുമെന്ന പ്രതീക്ഷയും സി.പി.എമ്മിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."