ആത്മീയ മേഖലയെ പ്രോജ്വലിപ്പിക്കേണ്ടത് സത്യവിശ്വാസികളുടെ ബാധ്യത: ടി.എച്ച് ദാരിമി
ജിദ്ദ: ലോകത്ത് കൊവിഡ് മഹാമാരിക്കാലത്തെ നിയന്ത്രണങ്ങളിൽ നഷ്ടമായതൊക്കെയും സാവകാശം തിരിച്ചു വരുമ്പോൾ, ഒരിക്കലും പോയകാലത്തെ നന്മകളിലേക്കും പ്രതാപത്തിലേക്കും തിരിച്ചു പോകാൻ കഴിയാതെ യഥാർത്ഥ നഷ്ടം സംഭവിച്ചത് ആത്മീയ മേഖലക്കാണെന്ന് എഴുത്തുകാരനും ദാറുൽ ഹികം അറബിക്കോളേജ് പ്രിൻസിപ്പലുമായ ടി. എച്ച് ദാരിമി പറഞ്ഞു. നിലച്ചു പോയ ആത്മീയ സംഗമങ്ങൾ പുനരാരംഭിക്കാൻ വഴിയൊരുക്കുന്നതിലൂടെ മാത്രമേ ആത്മീയ പ്രോജ്വലനം സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ മുഹർറം നവവത്സര സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ, ജംഇയത്തുൽ മുഅല്ലിമീൻ ഉപാധ്യക്ഷൻ പുറങ് മൊയ്‌ദീൻ കുട്ടി മുസ്‌ലിയാർ എന്നീ പണ്ഡിത പ്രമുഖരുടെ അനുസ്മരണ പരിപാടിയോടനുബന്ധിച്ചു നടന്ന സംഗമത്തിൽ എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു.
ചെയർമാൻ നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി സംഗമം ഉദ്‌ഘാടനം ചെയ്തു. പ്രവാചകന്റെ ഹിജ്‌റയെ ആസ്പദമാക്കി ഇസ്‌ലാമിക കലണ്ടർ രൂപം കൊണ്ട ചരിത്ര പശ്ചാത്തലവും, ഹിജ്‌റ ഉണർത്തുന്ന ധാർമികതയിലേക്കുള്ള ദൃഢനിശ്ചയത്തിന്റെ അനിവാര്യതയും അദ്ദേഹം വിശദീകരിച്ചു.
സൽമാൻ ദാരിമി, ഉസ്മാൻ എടത്തിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
ജീവിതത്തിലുടനീളം പുലർത്തിപ്പോന്ന അതിസൂക്ഷ്മതയും പരമമായ വിനയവും, ആത്മീയ രംഗത്തെ സമുന്നതരായ ഗുരുപരമ്പരകളിൽ നിന്നും പകർന്നു കിട്ടിയ മഹിത പാരമ്പര്യവുമാണ്, വിടപറഞ്ഞ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ എന്ന വാവാട് ഉസ്താദിന്റ സ്ർവ സ്വീകാര്യമായ പദവികൾക്ക് നിദാനമെന്നും, ഏതു സങ്കടങ്ങളും ഇറക്കിവെക്കാൻ സമൂഹത്തിലെ എല്ലാ തുറകളിലും ഉള്ളവർ ആശ്രയം തേടിയ അവസാനത്തെ അത്താണിയാണ് ആ വിയോഗത്തോടെ ഇല്ലാതായത് എന്നും ഉസ്മാൻ എടത്തിൽ അനുസ്മരിച്ചു.
ആത്മീയ നായകരുടെ വിയോഗം നമുക്കേൽപ്പിക്കുന്ന ദുഃഖം വലിയതാണെങ്കിലും, അന്ത്യ നിമിഷങ്ങളിൽ പോലും ദീനീ സേവനത്തിലും ആത്മീയ സമർപ്പണത്തിലുമായി നമുക്ക് മാതൃകയായ വാവാട് ഉസ്താദിന്റെയും ജംഇയ്യത്തുൽ മുഅല്ലിമീൻ നേതൃത്വത്തിൽ സമർപ്പണത്തിന്റെ അതുല്യ മാതൃക കാണിച്ച പുറങ് മൊയ്‌ദീൻ കുട്ടി മുസ്‌ലിയാരുടെയും വിയോഗം അനുഗ്രഹീതമായ മടക്കമാണെന്ന് സയ്യിദ് ഉബൈദുല്ല തങ്ങൾ അനുസ്മരിച്ചു.
അസീസ് പറപ്പൂർ, മുഹമ്മദ് ഓമശ്ശേരി എന്നിവർ സംസാരിച്ചു. വർക്കിങ് സെക്രട്ടറി അൻവർ ഫൈസി സ്വാഗതവും ജനറൽ സെക്രട്ടറി നൗഷാദ് അൻവരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."