സാമൂഹിക പിന്നോക്കാവസ്ഥാ പഠനം സര്‍ക്കാരിന് ആറുമാസം കൂടി അനുവദിച്ചു
കൊച്ചി: സംസ്ഥാനത്ത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരുടെ അവസ്ഥയെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ആറുമാസം കൂടി അനുവദിച്ചു. ഇക്കാര്യത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. വി.കെ ബീരാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി സംസ്ഥാന സര്‍ക്കാരിന് ആറുമാസംകൂടി അനുവദിച്ചത്. പിന്നോക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോടതി നിശ്ചിയിച്ച സമയപരിധി കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഹരജിക്കാരന്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചത്.
സംസ്ഥാന ഗവണ്‍മെന്റിന് മാത്രമായി ഇത്തരത്തില്‍ ഒരു സര്‍വേ നടത്താന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥ സംബന്ധിച്ച് സര്‍വേ നടത്തി അതിന്റെ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ്, നിയമസഭാതെരഞ്ഞെടുപ്പ് എന്നിവയുടെ ഭാഗമായി വന്ന പെരുമാറ്റച്ചട്ടവും കാലതാമസത്തിന് കാരണമായെന്നും സര്‍ക്കാര്‍ വാദിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ 12 മാസംകൂടി ആവശ്യപ്പെട്ട് അഞ്ചുമാസം മുമ്പ് കോടതിയില്‍ പ്രത്യേക ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി സമര്‍പ്പിച്ചിട്ട് ഇപ്പോള്‍ അഞ്ചു മാസം കഴിഞ്ഞുവെന്ന് വ്യക്തമാക്കിയാണ് കോടതി ആറു മാസത്തെ അധിക സമയം അനുവദിച്ചത്.
എന്നാല്‍, ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയില്ലെന്ന് ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍ കൊവിഡ് മഹാമാരി കാരണം ഭരണതലത്തിലുള്ള നടപടികള്‍ മന്ദഗതിയിലായതു പരിഗണിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആറ് മാസംകൂടിം അനുവദിക്കുകയാണെന്ന് വ്യക്തമാക്കിയ കോടതി, സംസ്ഥാനത്ത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരുടെ വിവരങ്ങള്‍ തയാറാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്ത നടപടികള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."