വിഷ്ണു പ്രിയയുടെ കൊലപാതകം; പ്രണയപകയെന്ന് സംശയം, പ്രതി ശ്യാംജിത്ത് കസ്റ്റഡിയില്‍
കണ്ണൂര്‍; പാനൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ശ്യാംജിത്ത് കസ്റ്റഡിയില്‍. മാനന്തേരി സ്വദേശിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തുമാണ് കസ്റ്റഡിയിലായ ശ്യാംജിത്ത്. ഇയാളെത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പെണ്‍കുട്ടിയുടെ സുഹൃത്ത് നല്കിയ മൊഴിയും വാട്ട്സ്ആപ്പ് കോള്‍ വീഡിയോ റെക്കോര്‍ഡുമാണ് നിര്‍ണായകമായത്. ഇയാളെ കൂത്തുപറമ്പ് എ.എസ്.പി പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്.
പാനൂര്‍ നടമ്മല്‍ കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിനോദ്- ബിന്ദു ദമ്പിതകളുടെ മകള്‍ വിഷ്ണുപ്രിയ (23) ആണ് മരിച്ചത്. ബൈക്കിലെത്തിയാണ് പ്രതി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്. ഈ സമയം വിഷ്ണു പ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ വീടിനടുത്തുള്ള ഒരു ബന്ധു മരിച്ചതിന്റെ ഏഴാം ദിവസമായതിനാല്‍ മാതാവും സഹോദരിമാരും അങ്ങോട്ടേക്കു പോയതായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാതാവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ള കിടപ്പുമുറിയിലെ ബെഡില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ വിഷ്ണുപ്രിയയെ കണ്ടെത്തുന്നത്. കഴുത്തിലും രണ്ട് കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിലാകും കൈക്ക് വെട്ടേറ്റതെന്നാണ് കരുതുന്നത്.
പ്രതി വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സുഹൃത്ത് നല്കിയ വിവരമനുസരിച്ച് പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് രക്ഷപെടാനുള്ള ശ്രമത്തിനിടെ ഇയാളെ പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കവെയാണ് സുഹൃത്തില്‍ നിന്നും നിര്‍ണായക വിവരം ലഭിക്കുന്നത്.പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബില്‍ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. പ്രണയ നൈരാശ്യം ആണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."