ആ സൗകര്യം ഇനിയില്ല; ജിമെയിലില്‍ നിന്ന് ഒരു ഫീച്ചര്‍ കൂടി പിന്‍വലിച്ച് ഗൂഗിള്‍
ജിമെയിലില്‍ നിന്ന് ഒരു ഫീച്ചര്‍ കൂടി പിന്‍വലിച്ച് ഗൂഗിള്‍
ഇനിമുതല്‍ ആ സൗകര്യം ഉപയോക്താക്കള്‍ക്ക് ലഭിക്കില്ല. പത്ത് വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന ഒരു ഫീച്ചര്‍ കൂടി അവസാനിപ്പിക്കുകയാണ് ഗൂഗിള്‍. ബേസിക് എച്ച്ടിഎംഎല്‍ വ്യൂ സൗകര്യം ഇനി ജിമെയില്‍ അക്കൗണ്ടുകളില്‍ തുടരുന്നില്ലെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. 2024 ജനുവരി ആദ്യം മുതല്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ അതില്‍ ബേസിക് എച്ച്ടിഎംഎല്‍ വ്യൂവിനുള്ള സൗകര്യം എടുത്തുമാറ്റപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.2024 ജനുവരി ആദ്യം മുതല്‍ ബേസിക് എച്ച്റ്റിഎംഎല്‍ വ്യൂ ലഭിക്കില്ലെന്നും, അങ്ങനെ ജിമെയില്‍ തുറന്നിരുന്നവര്‍ നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് വ്യൂവിലേക്ക് ഓട്ടോമാറ്റികായി മാറുമെന്നും അറിയിപ്പില്‍ പറയുന്നു.
ഉപയോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ജിമെയിലില്‍ നിന്ന് ഇമെയിലായും ലഭിക്കുന്നുണ്ട്. ഡെസ്‌ക്ക്‌ടോപ്പിലും മൊബൈലിലും പുതിയ മാറ്റം ബാധകമായിരിക്കും.
ജിമെയിലിലെ അധിക സൗകര്യങ്ങളും അലങ്കാരങ്ങളുമില്ലാതെ മെയില്‍ പരിശോധിക്കാനും മറുപടി അയക്കാനും പുതിയ മെയിലുകള്‍ ക്രിയേറ്റ് ചെയ്യാനും സഹായിച്ചിരുന്ന സൗകര്യമാണ് ബേസിക് എച്ച്ടിഎംഎല്‍ വ്യൂ. ഇന്റര്‍നെറ്റ് വേഗത വളരെ കുറവായിരിക്കുന്ന സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും ഒപ്പം ചില പ്രത്യേക ബ്രൗസറുകളിലും ഇത് വളരെയധികം സഹായകമായിരുന്നു.
ജിമെയിലിന്റെ പുതിയ പതിപ്പുകളില്‍ ലഭ്യമായിട്ടുള്ള ചാറ്റ്, സ്‌പെല്‍ ചെക്കര്‍, സെര്‍ച്ച് ഫില്‍ട്ടറുകള്‍, കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍, റിച്ച് ഫോര്‍മാറ്റിങ് തുടങ്ങിയവയൊന്നും ബേസിക് എച്ച്റ്റിഎംഎല്‍ വ്യൂവില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്റര്‍നെറ്റ് വേഗത പരിമിതമായിരുന്ന സന്ദര്‍ഭങ്ങളില്‍ ഇവ ഏറെ പ്രയോജനകരമായിരുന്നു. ബേസിക് എച്ച്റ്റിഎംഎല്‍ വ്യൂ അവസാനിപ്പിക്കുമ്പോള്‍ പകരം വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്കായി എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തുമോ എന്നത് സംബന്ധിച്ച് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."